'നിഗമനങ്ങള്‍ പോര; തെളിവ് എവിടെ?'... ദിലീപ് കേസില്‍ ഇന്ന് നിര്‍ണായക ദിനം, അറസ്റ്റ് ബോധിപ്പിക്കും
കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് നിര്‍ണായക ദിനം. ദിലീപിനെതിരെ നിര്‍ണായകമായ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിഗമങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അര്‍ഥമില്ലെന്നും തെളിവുകള്‍ എവിടെ എന്നും വിചാരണ കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയില്‍ പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു.
സാക്ഷികളെ സ്വാധീനിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയിലായിരുന്നു വിചാരണ കോടതിയുടെ ചോദ്യം. ഈ സാഹചര്യത്തില്‍ ഇന്ന് സുപ്രധാനമായ തെളിവുകളുമായിട്ടാണ് കേസ് പരിഗണിക്കുന്ന വേളയില്‍ പ്രോസിക്യൂഷന്‍ എത്തുക എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു. സാക്ഷികളെ സ്വാധീനിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ ഇങ്ങനെ പറഞ്ഞാല്‍ പോരെന്നും തെളിവുണ്ടോ എന്നും കോടതി ചോദിച്ചു. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടോ എന്ന കോടതിയുടെ ചോദ്യം പ്രോസിക്യൂഷനെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ അന്വേഷണ സംഘം ഹാജരാക്കുമെന്നാണ് സൂചന.

സാക്ഷികളില്‍ നിരവധി പേരാണ് കൂറുമാറിയത്. 20ഓളം സാക്ഷികള്‍ കൂറുമാറിയത് പ്രതികളുടെ സമ്മര്‍ദ്ദം കാരണമാണ് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സാക്ഷികള്‍ നല്‍കിയ യഥാര്‍ഥ മൊഴി കോടതിയില്‍ ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് ദിലീപിനെ ചാനല്‍ ചര്‍ച്ചകളില്‍ അനുകൂലിക്കുന്ന രാഹുല്‍ ഈശ്വര്‍ പ്രതികരിക്കുന്നു.

2017ല്‍ മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണ്. സാക്ഷികളെ സ്വാധീനിക്കരുത്, കേസ് അന്വേഷണത്തില്‍ ഇടപെടരുത്, കേസിനെ ബാധിക്കുന്ന മറ്റൊരു രീതിയിലും പ്രവര്‍ത്തിക്കരുത് തുടങ്ങിയ നിബന്ധനകള്‍ പ്രകാരമായിരുന്നു ജാമ്യം. എന്നാല്‍ ഈ വ്യവസ്ഥ ദിലീപ് ലംഘിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചതിന് തെളിവ് എവിടെ എന്നാണ് വിചാരണ കോടതിയുടെ ചോദ്യം. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലെ വാദങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ട്. തെളിവായി രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കൂ എന്നും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. അതുകൊണ്ടുതന്നെ ഇന്ന് തെളിവുകളുമായിട്ടാണ് പ്രോസിക്യൂഷന്‍ ഹാജരാകുക എന്നാണ് സൂചന.

ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ശരത് നായര്‍ കഴിഞ്ഞ ദിവസം കേസില്‍ അറസ്റ്റിലായിരുന്നു. തെളിവ് നശിപ്പിച്ചു എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സ്റ്റേഷന്‍ ജാമ്യത്തില്‍ തന്നെ ശരത്തിനെ വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാന്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ശരത്ത് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ശരത്തിനെ അറസ്റ്റ് ചെയ്ത കാര്യം പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ബോധിപ്പിക്കും. തെളിവ് നശിപ്പിക്കാന്‍ പ്രതിയോട് അടുപ്പമുള്ള വ്യക്തി ശ്രമിച്ചുവെന്നാകും ബോധിപ്പിക്കുക. ദിലീപും ശരത്തും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും അന്വേഷണ സംഘം നേരത്തെ ശേഖരിച്ചിരുന്നു. ദിലീപുമായി സൗഹൃദമുണ്ടെന്ന കാര്യം ശരത്ത് സമ്മതിക്കുകയും ചെയ്തിരുന്നു.

ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കേസില്‍ സാക്ഷിയായ വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന വാദവും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിക്കും. കൂടാതെ ജിന്‍സണ്‍, സാഗര്‍, സുനീര്‍, ഡോ. ഹൈദരലി എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ പറയുന്നു. അതേസമയം, ഈ മാസം 31നകം കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കാവ്യമാധവനെ കേസില്‍ പ്രതി ചേര്‍ക്കുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.












Click it and Unblock the Notifications