നടി ആക്രമിപ്പെട്ട കേസ്; 'ഹർജി തീർപ്പാക്കിയിട്ട് വിചാരണ', തടയിടാൻ പ്രോസിക്യൂഷൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിൽ ഇന്നലെ അടച്ചിട്ട മുറിയിൽ ഹൈക്കോടതിയിൽ വാദം തുടർന്നു. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ ഹൈക്കോടതി രജിസ്ട്രാർ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസ് കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കിയ ശേഷമേ വിചാരണ നടപടി ആരംഭിക്കാവൂവെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസിൽ വിചാരണ പുനഃരാരംഭിച്ചിരുന്നു. ഇതിനിടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിച്ചിരുന്ന സി ബി ഐ കോടതിയിലേക്ക് പുതിയ ജഡ്ജിയെ നിയമിച്ചതും കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിടുകയും ചെയ്തത്. എന്നാൽ കേസ് സി ബി ഐ കോടതിയിൽ തന്നെ തുടരണമെന്നും ജഡ്ജ് കോടതി മാറി പോകുമ്പോൾ കേസും കൂടെ കൊണ്ട് പോകാൻ കഴിയില്ലെന്നതുമാണ് അതിജീവിതയുടെ നിലപാട്.

വിചാരണ കോടതി ജഡ്ജിയായ ഹണി എം വർഗീസ് കേസ് പരിഗണിച്ചാൽ തനിക്ക് നീതി കിട്ടില്ലെന്നാണ് ഹൈക്കോടതിയിൽ അതിജീവിത ആവർത്തിക്കുന്നത്. തന്റെ കേസ് പുരുഷ ജഡ്ജ് കേൾക്കുന്നതിലും തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും നടി പറയുന്നു. സി ബി ഐ കോടതിയിൽ പുരഷ ജഡ്ജാണ് പുതിയതായി വന്നിരിക്കുന്നത്. ഹാഷ് വാല്യു മാറിയ സംഭവത്തിലടക്കം അന്വേഷണം പ്രഖ്യാപിക്കാൻ തയ്യാറാകാത്ത വിചാരണ കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന ഗുരുതര ആരോപണവും അതിജീവിത വിചാരണ കോടതിക്കെതിരെ ഉയർത്തിയിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിസ്തരിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നീക്കം. എന്നാൽ തന്നെ കേസ് പരിഗണിക്കുന്നത് മാറ്റുന്നത് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് വിചാരണ കോടതി ജഡ്ജിയുടെ ഈ നീക്കമെന്നായിരുന്നു അതിജീവിതയെ അനുകൂലിക്കുന്നവരുടെ വിമർശനം.

കേസിന്റെ വിചാരണ നടപടികൾ ജനവരി 31 നകം പൂർത്തിയാക്കണമെന്നതാണ് വിചാരണ കോടതിയുടെ അപേക്ഷയിൽ സുപ്രീം കോടതി നിർദ്ദേശം. എന്നാൽ കോടതി മാറ്റം സംബന്ധിച്ച അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതിയിൽ നിന്നും വിധിയുണ്ടാകുന്നവരെ വിചാരണ തുടരാൻ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വി അജകുമാറാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ട് ഒന്നര മാസമായെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ജഡ്‌ജി ഹണി എം വർഗീസ് ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിന് പ്രതികൾക്ക് സമൻസ് അയക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നും ജഡ്ജ് പറഞ്ഞിരുന്നു. കേസിൽ ഇന്നും ഹൈക്കോടതിയിൽ വാദം തുടരും.

കേസിലെ അനുബന്ധ കുറ്റപത്രം ദിലീപ് ഉൾപ്പെടെ പത്ത് പ്രതികൾക്ക് ഇന്നലെ കൈമാറിയിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത്തിനെയാണ് കൂടുതലായി പ്രതി ചേർത്തത്. ഇയാളെ ഹാജരാക്കുന്നതിനുള്ള ആവശ്യം സംബന്ധിച്ച ഹർജിയിലും ഹൈക്കോടതിയിൽ ഇന്ന് വാദം നടക്കും.

കേസിന്റെ വിചാരണ സി ബി ഐ കോടതിയിൽ തന്നെ തുടരണമെന്നാണ് ഹൈക്കോടതി നിലപാട് എടുക്കുന്നതെങ്കിൽ അത് അതീജീവിതയെ സംബന്ധിച്ച് നിർണായക വിജയമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയുടെ നിലപാടും നിർണായകമാകും.












Click it and Unblock the Notifications