
നടി ആക്രമിക്കപ്പെട്ട കേസ്: തുടര്‍ അന്വേഷണ കാലയളവ് നാളെ തീരും
എറണാകുളം : നടി ആക്രമിക്കപ്പെട്ട കേസിലെ തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയകാലാവധി നാളെ അവസാനിക്കും. കേസില്‍ കൂടുതല്‍ വെൡപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് പുനരന്വേഷണത്തിന് കാലാവധി നീട്ടി നല്‍കിയത്. ഈ കാലാവധിയാണ് നാളെ അവസാനിക്കാന്‍ പോകുന്നത്. അതേ സമയം അന്വേഷണത്തിന് 3 മാസം കൂടി സമയം വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഇതിനകം ഹര്‍ജിയും ഫയല്‍ ചെയ്തു. ഈ ഹര്‍ജി ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കൂടാതെ കാവ്യ മാധവന്‍ അടക്കമുള്ളവരെ ഇനിയും ചോദ്യം ചെയ്തിട്ടില്ല. ഈ സാഹചര്യമാകും അന്വേഷണം കോടതിയെ അറിയിക്കുക. ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഇതുവരെ ഹാജരായിട്ടില്ല. ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നാകും അന്വേഷണ സംഘം ആവശ്യപ്പെടുക. ഇതുവരെയുള്ള അന്വേഷണത്തിലുണ്ടായ പുരോഗതി കാണിക്കുന്ന റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയെ അറിയിക്കും.

അതേ സമയം കേസിലെ അന്വേഷണ സംഘത്തിനെതിരെ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ പരാതി നല്‍കിയിട്ടുണ്ട്. അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ് ആഭ്യന്തര സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. പൊതു സമൂഹത്തില്‍ കേസിലെ പ്രതികളെയും അവരുടെ ബന്ധുക്കളെയും അഭിഭാഷകരെയും ജുഡീഷറിയെയും അപമാനിക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് അഭിഭാഷകന്റെ പരാതി. ഇതിനെതിരെ എഡിജിപി എസ് ശ്രീജിത് ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നു.
അന്വേഷണ സംഘത്തിന്റെ ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എസ് ശ്രീജിത്തിന്റെ കുടുംബ സുഹൃത്താണെന്നും അദ്ദേഹം ആരോപിച്ചു. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ കീഴടങ്ങിയിട്ടും ഇയാള്‍ നടത്തിയ മറ്റ് തട്ടിപ്പ് കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപിക്കുന്നു.

അതേ സമയം ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അതിജീവിതയുടെ പരാതിയിലാണ് നടപടി. സാക്ഷികളെ മൊഴിമാറ്റാന്‍ സ്വാധീനം ചെലുത്തിയെന്നാണ് ഇവര്‍ക്കെതിരെ അതിജീവിത പരാതിപ്പെട്ടത്. അഭിഭാഷകരായ ബി രാമന്‍ പിള്ള, സുജേഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ക്കാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചത്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതികളോടൊപ്പം ചേര്‍ന്ന് സാക്ഷികളെ കൂറുമാറ്റി. 20ലേറെ സാക്ഷികളെയാണ് ഇത്തരത്തില്‍ കൂറുമാറ്റിയതെന്നും ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ മൂന്ന് അഭിഭാഷകരുടെയും പ്രവൃത്തികള്‍ അഭിഭാഷക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കേസിലെ സാക്ഷികളിലൊരാളായ ജിന്‍സനെ സ്വാധീനിക്കാന്‍ പണം വാഗ്ദാനം ചെയ്തു. 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയുമാണ് ജിന്‍സന് വാഗ്ദാനം ചെയ്തത്. ഇതില്‍ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ അഭിഭാഷകന്‍ ഹാജരായിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണ് മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൌലോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തല്‍ നടന്നത്. നാല് മണിക്കൂറോളം സമയമാണ് മൊഴി രേഖപ്പെടുത്തുന്നതിനായി എടുത്തത്. കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തിരിച്ചറിയാനായിരുന്നു അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ദിവസങ്ങളിലായി പല നിര്‍ണായകമായേക്കാവുന്ന ശബ്ദരേഖകളും പുറത്തുവന്നിരുന്നു. റൂമില്‍ വച്ച് മഞ്ജു വാര്യരെ ഓഡിയോ പ്ലേ ചെയ്ത് കേള്‍പ്പിച്ചുവെന്നും ഇതിന് വേണ്ടി കുറച്ചധികം സമയം എടുത്തുവെന്നുമാണ് വിവരം. മൊഴിയെടുക്കലിന് ശേഷം തൃപ്തിയോടെയാണ് സംഘം മടങ്ങിയതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Recommended Video
ഹിമാചലില്‍ അഞ്ചിടത്തെ ഫലം ആവര്‍ത്തിച്ചേക്കാം? കോണ്‍ഗ്രസ് ഭയത്തില്‍, എഎപി വോട്ട് ചോര്‍ത്താം