എനിക്ക് പറയാനുള്ളത് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും, പ്രൊട്ടക്ഷന്‍ വേണം; സായ് ശങ്കര്‍ പറയുന്നു
കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐ ടി വിദഗ്ധന്‍ സായ് ശങ്കര്‍. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സായ് ശങ്കറിന്റെ രഹസ്യമൊഴി അടുത്ത തിങ്കളാഴ്ച ( ഏപ്രില്‍ 18 ) യ്ക്ക് ശേഷം എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിലാണ് സായ് ശങ്കര്‍ സംരക്ഷണം ആവശ്യപ്പെട്ടത്. നേരത്തെ ഇന്ന് സായ് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തെളിവ് നശിപ്പിച്ച കേസിലാണ് സായ് ശങ്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 201, 204 വകുപ്പുകള്‍ ചുമത്തി ആണ് അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിന് ശേഷം എല്ലാ കാര്യങ്ങളും വെളിപ്പെടുത്താമെന്ന് സായ് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ സായ് ശങ്കറിനെ ഹാജരാക്കിയത്. സായ് ശങ്കര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്.

പ്രൊട്ടക്ഷനാണ് ആവശ്യപ്പെട്ടത്. ഇത്രയും ദിവസമായിട്ട് പല കാരണങ്ങളാല്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. ഇനിയിപ്പോള്‍ വേറെ വഴിയില്ല. കാരണം അതാണ് എ ഡി ജി പിയുടെ മുന്‍പാകെ കീഴടങ്ങുന്ന സാഹചര്യമുണ്ടായത്. കാരണം നമുക്കൊരു നിയമപരമായ പരിഹാരം കിട്ടുന്നില്ല. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ എതിര്‍കക്ഷിയായിട്ടുള്ള ആളുകള്‍ക്ക് എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ആകും. ജാമ്യത്തിന്റെ ആവശ്യത്തിനായാണ് എത്തിയത്. പൊലീസ് 164 ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു, പേടിക്കൊന്നും വേണ്ട, നിങ്ങളെ ആരും ഒന്നും ചെയ്യുകയൊന്നും ഇല്ല എന്ന്.

രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും എന്ന് അറിഞ്ഞത് അവിടെ നിന്ന് ഇറങ്ങിയ ശേഷമാണ്. എനിക്ക് എന്റെ ഭാഗം പറഞ്ഞ് സത്യസന്ധമായ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുന്നത് വലിയ ഒരു ഹെര്‍കുലീയന്‍ ടാസ്‌കായിരുന്നു. അവര്‍ക്കാണെങ്കിലും എന്നെ വിശ്വസിക്കുന്നതില്‍ ഒരു പരിധി ഉണ്ടാകും. ശ്രീജിത് സാറിനെ പോലുള്ള ഉദ്യോഗസ്ഥര്‍ക്കൊക്കെ കേള്‍ക്കുമ്പോള്‍ മനസിലാകും എന്താണ് ഇതിലെ ഫാക്ട്‌സ് എന്ന്.

എന്റെ മനസിലുണ്ടായിരുന്നത് എന്റെ കൈയും കാലും തല്ലിയൊടിക്കും, അല്ലെങ്കില്‍ എന്റെ ജഡമായിരിക്കും കിട്ടുക എന്നായിരുന്നു. ഇനി എന്താണ് വരും ദിവസങ്ങളില്‍ ഉണ്ടാവുക എന്നുണ്ട്. അതേസമയം ക്രൈം ബ്രാഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സായ് ശങ്കര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നത്. തനിക്കെതിരെ ഉദ്യോഗസ്ഥര്‍ കള്ള കേസുകളെടുക്കുന്നു എന്നായിരുന്നു സായ് ശങ്കറിന്റെ ആക്ഷേപം.

എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്ക് കൈമാറിയിരുന്നു. ദിലീപിന്റെ മൊബൈല്‍ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ ആണെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ആണ് പൊലീസ് പീഡനം ആരോപിച്ച് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തെളിവുകള്‍ നശിപ്പിച്ചത് എന്നാണ് കണ്ടെത്തല്‍. ഇതിന് അനുകൂലമായ മൊഴികളും സായ് ശങ്കറില്‍ നിന്ന് ലഭിച്ചിരുന്നു. നേരത്തെ പല തവണ നോട്ടീസ് നല്‍കിയിട്ടും സായ് ശങ്കര്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോഴിക്കോടുള്ള ഇയാളുടെ ഫ്ളാറ്റില്‍ ഉള്‍പ്പെടെ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുകയായിരുന്നു.












Click it and Unblock the Notifications