ദിലീപിന് കനത്ത തിരിച്ചടി; ആവശ്യം ഹൈക്കോടതി തള്ളി... അന്വേഷണം ഒന്നര മാസം കൂടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്‍കി. ഒന്നര മാസം കൂടി അധികമായി അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ സമയം വേണമെന്ന അന്വേഷണ സംഘങ്ങത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ദിലീപ് മറിച്ചായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്.
ദിലീപിന്റെ വാദം തള്ളുകയാണ് കോടതി ചെയ്തിരിക്കുന്നത്. ഇനിയും ഒന്നര മാസം കൂടി അന്വേഷണത്തിന് സമയം ലഭിക്കുമ്പോള്‍ ദിലീപിനെതിരായ കുരുക്ക് അന്വേഷണ സംഘം മുറുക്കുമെന്നാണ് കരുതുന്നത്. കാവ്യമാധവനെ സാക്ഷിപട്ടികയില്‍ നിന്ന് പ്രതിപ്പട്ടികയിലേക്ക് മാറ്റുമോ എന്ന ചോദ്യത്തിനും ഉത്തരമുണ്ടാകും...

അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. മൂന്ന് മാസത്തെ സമയം കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഇക്കാര്യം പൂര്‍ണമായി അംഗീകരിച്ചില്ല. എന്നാല്‍ തള്ളുകയും ചെയ്തില്ല. ഒന്നര മാസം കൂടി അന്വേഷണത്തിന് അനുവദിച്ചിരിക്കുകയാണ്. മെയ് 30ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നത്.

അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇവയാണ്- കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണം, ലഭിച്ച ഫോറന്‍സിക് ഫലം ഇനിയും പരിശോധിച്ച് തെളിവുകള്‍ സ്വരൂപിക്കേണ്ടതുണ്ട്, ദിലീപിന്റെ സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ് എന്നിവരുടെ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിക്കണം, ഇതിന് പുറമെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം എന്നീ കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ദിലീപിന്റെ വാദങ്ങള്‍ ഇങ്ങനെയായിരുന്നു- അന്വേഷണത്തിന് ഇനിയും സമയം അനുവദിക്കരുത്, ഡിജിറ്റല്‍ പരിശോധനാ ഫലം ഫെബ്രുവരി 23നും മാര്‍ച്ച് 19നുമായി ലഭിച്ചതാണ്. ഇത്രയും ആഴ്ചകളായി ഇതുസംബന്ധിച്ച് പരിശോധിച്ചില്ല എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കരുത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം ശരിയല്ലെന്നും ദിലീപ് വാദിച്ചു.

സാക്ഷികളായ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ നേരത്തെ വിചാരണ കോടതി അനുമതി നല്‍കിയതാണ്. ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അനൂപിന്റെയും സുരാജിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണമെന്ന വാദം അംഗീകരിക്കാനാകില്ല. ഫോണുകളിലെ വിവരങ്ങള്‍ മുംബൈയിലെ ലാബില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചതാണെന്നും ദിലീപ് വാദിച്ചു.
നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന് 30 പേര്‍ക്ക് മാത്രം ക്ഷണം; അതിഥികള്‍ ഇവരാണ്

എന്നാല്‍ ദിലീപിന്റെ വാദം കോടതി തള്ളി എന്നാണ് പുതിയ ഉത്തരവില്‍ നിന്ന് വ്യക്തമാകുന്നത്. ഒന്നര മാസം എന്നത് ഇനി അന്വേഷണ സംഘത്തിന് അതിവേഗ നീക്കങ്ങള്‍ക്കുള്ള സമയമാണ്. നേരത്തെ അന്വേഷണ സംഘത്തിന്റെ മേധാവിയെ മാറ്റിയത് വളരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ തിടുക്കത്തില്‍ അന്വേഷണം അവസാനിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കുകയുമുണ്ടായി.

ആയിരക്കണക്കിന് രേഖയാണ് ഡിജിറ്റല്‍ പരിശോധനയ്ക്ക് ശേഷം ലഭിച്ചിരിക്കുന്നത്. ഇവ തിടുക്കത്തില്‍ പരിശോധിച്ച് അന്വേഷണം അവസാനിപ്പിക്കുന്നത് ഉചിതമാകില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു. അന്വേഷണം അവസാനിപ്പിക്കുന്നതിന് എതിരെ ഇരയായ നടിയും രംഗത്തുവന്നിരുന്നു. അവര്‍ ഇതിനെതിരെ കോടതിയെ സമീപിച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. ഇക്കാര്യത്തിലുള്ള ആശങ്ക നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടു പങ്കുവച്ചിരുന്നു.

കാവ്യമാധവനിലേക്ക് അന്വേഷണം നീങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. കാവ്യമാധവനെ കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കള്ള തെളിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണിപ്പോഴുള്ളതെന്നും ദിലീപ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കാവ്യ ഇപ്പോഴും കേസില്‍ സാക്ഷിയാണ്. കാവ്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്ന സുരാജിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു.












Click it and Unblock the Notifications