
'ദിലീപിന് അക്കാര്യം മനസിലാക്കാൻ സാധിച്ചു;പ്രോസിക്യൂഷന്റെ നീക്കം ദീർഘവീക്ഷണമില്ലാതെ;കെഎ ആന്‍റണി
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി കഴിഞ്ഞ ദിവസം വിചാരണ കോടതി തള്ളിയിരുന്നു.ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിന് തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നായിരുന്നു വിചാരണ കോടതി വ്യക്തമാക്കിയത്.കടുത്ത വിമർശനവും കോടതി പ്രോസിക്യൂഷനെതിരെ ഉന്നയിച്ചിരുന്നു.
അതേസമയം വിചാരണ കോടതി വിധി അതിശയോക്തി ഉണ്ടാക്കുന്നില്ലെന്നും ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ക്രൈംബ്രാഞ്ച് ഹർജി ദീർഘവീക്ഷണത്തോടെയുള്ളതായിരുന്നില്ലെന്ന വിമർശനവും ഉയർത്തുകയാണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ കെ എ ആന്റണി. റിപ്പോർട്ടർ ചാനൽ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ എ ആന്റണിയുടെ വാക്കുകളിലേക്ക്
എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന ഹൈക്കോടതി വിധിയിൽ വലിയ അത്ഭുദം ഒന്നും തോന്നുന്നില്ല. ഇക്കാര്യത്തിൽ ദീർഘവീക്ഷണത്തോടെയാണ് അന്വേഷണ സംഘം പ്രവർത്തിച്ചതെന്ന് തോന്നുന്നില്ല. അത്തരമൊരു ദീർഘവീക്ഷണം ഉണ്ടായിരുന്നെങ്കിൽ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി കോടതിയിൽ പോകാൻ അവർ തുനിയുമായിരുന്നില്ല.

നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തെന്ന കുറ്റത്തിന്റെ പേരിൽ 85 ദിവസത്തോളം ജയിലിൽ കിടന്ന് അവിടെ നിന്ന് ജാമ്യം ലഭിച്ച് പുറത്തുവന്നയാളാണ് ദിലീപ്. കൂലംകഷമായി എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷം വ്യക്തമായ ഉപാധികളോടെ കോടതി ദിലീപിന് ജാമ്യം നൽകിയതാണ്. അല്ലാതെ ഒരു കേസിൽ മുൻകൂർ ജാമ്യം ലഭിച്ച് നിൽക്കുന്നയാളല്ല.

സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, രാജ്യം വിടരുത്,കേസിനെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളാണ് കോടതി ഉപാധികളായി മുന്നോട്ട് വെയ്ക്കുക. ഇതിലേതെങ്കിലും കാര്യത്തിൽ ദിലീപ് വീഴ്ച വരുത്തിയെന്ന് നേരിട്ടൊരു തെളിവ് നൽകാൻ നമ്മുക്ക് സാധിച്ചിട്ടില്ല.

ദിലീപിന്റെ സഹോദരി ഭർത്താവ്, സഹോദരൻ, ഡ്രൈവർ എന്നിങ്ങനെയുള്ള ആളുകൾ സാക്ഷകളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് തെളിയിക്കുന്ന ഫോൺ സന്ദേശങ്ങളൊക്കെയാണ് ലഭിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ ജാമ്യം കൊടുത്ത കോടതി നടപടി തെറ്റാണെന്ന് തോന്നുന്നില്ല. കാരണം ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങൾ ഇല്ല. ഒരിക്കൽ നൽകിയ ജാമ്യം രണ്ടാം തവണ റദ്ദ് ചെയ്ത സംഭവങ്ങൾ വളരെ ചുരുക്കമാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കഴിഞ്ഞിട്ടില്ല. ഇതുവരെ ശേഖരിച്ച തെളിവുകൾ പ്രതിഭാഗതിന് മനസിലാക്കാൻ സാധിച്ചുവെന്നതാണ് ജാമ്യം റദ്ദാക്കണമെന്ന ഹർജി നൽകിയതോടെ പ്രോസിക്യൂഷന് സംഭവിച്ചിരിക്കുന്ന വീഴ്ച.അതേസമയം ജാമ്യം റദ്ദ് ചെയ്യാനുള്ള വിധി തള്ളിയത് കൊണ്ട് അങ്ങനെ തന്നെയാകും ഈ കേസിൻറെ അവസാന വിധി എന്ന് നിർബന്ധമില്ല.ആദ്യഘട്ടത്തിൽ ലഭിക്കാത്ത തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരത്തിലൊരു കൺവിക്ഷൻ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മറ്റൊരു കാര്യം പൾസർ സുനിയ്ക്ക് നടിയെ ഇത്തരത്തിൽ ആക്രമിക്കാനൊരു ഇന്റെൻഷൻ ഇല്ല.മറ്റൊരാൾക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് തുടക്കം മുതലേ പൾസർ സുനി പറയുന്നുണ്ട്. അയാൾടെ മൊഴിയിലും മറ്റ് സാക്ഷികളുടെ മൊഴിയിലും ഇക്കാര്യങ്ങൾ ഉണ്ട്. ഗൂഢാലോചന തെളിയിക്കാൻ പറ്റുന്ന തെളിവുകൾ അന്വേഷണ ഏജൻസിക്ക് കിട്ടിയിട്ടുണ്ടെന്ന് തന്നെയാണ് താൻ കരുതുന്നത്.

അതേസമയം തുടരന്വേഷണത്തിന് ഇനി കൂടുതൽ സമയം ചോദിക്കാൻ അന്വേഷണ സംഘം തുനിയുമെന്ന് താൻ കരുതുന്നില്ല. കേസന്വേഷണം ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ നശിപ്പിച്ച് കളഞ്ഞുവെന്ന ഒന്നാം പ്രതിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ നമ്മുക്ക് സാധിക്കില്ല. മെമ്മറി കാർഡ് ആക്സസ് ചെയ്തുവെന്ന എഫ് എസ് എൽ റിപ്പോർട്ട് അന്വേഷിച്ച് അറിയേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ട്.