വധഗൂഢാലോചന കേസ്; ദിലീപിന്റെ ഹർജി പരിഗണിക്കുന്ന ജഡ്ജി പിന്മാറി
കൊച്ചി; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ അന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി പരിഗണിച്ച ജഡ്ജി പിൻമാറി. ജഡ്ജായ കെ ഹരിപാൽ ആണ് പിൻമാറിയത്. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ബുധനാഴ്ചയാണ് വീണ്ടും ഹർജി പരിഗണിക്കുക.

വധഗൂഢാലോചന കേസിൽ അന്വേഷണത്തിന് സ്റ്റേ വേണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി കേസിൽ പിന്നീട് വാദം കേൾപ്പാമെന്നും വ്യക്തമാക്കിയിരുന്നു. വധഗൂഢാലോചന കേസ് നടത്തിയെന്നതിന് യാതൊരു തെളിവും തനിക്കെതിരെ ഇല്ലെന്നുള്ള വാദം ഉയർത്തിയായിരുന്നു ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു. ഫോണിലെ വിവരങ്ങൾ നശിപ്പിച്ചിട്ടില്ലെന്നും വീട്ടിലെ ജോലിക്കാരനെ കൊണ്ട് പോലീസ് തെറ്റായ മൊഴി നൽകിക്കുകയുമായിരുന്നുവെന്നും ദിലീപ് ആരോപിച്ചിരുന്നു.
അതേസമയം തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്. ഫോണുകളിൽ നിന്നുൾപ്പെടെ ദിലീപ് കാര്യങ്ങൾ നീക്കം ചെയ്തിരുന്നുവെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവത്തിൽ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് ഐ പാഡും 2 മൊബൈല്‍ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയായിരുന്നു അന്വേഷണ സംഘം പരിശോധന നടത്തിയത്. ക്രൈം ബ്രാഞ്ച് സി ഐ അനിലിന്റെ നേതൃത്വത്തില്‍ സായ് ശങ്കറിന്റെ കാരപ്പറമ്പിലെ വീട്ടിലും ഭാര്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലുമായിരുന്നു പരിശോധന.
സായി ശങ്കറിന്റെ ഐ മാക് കംപ്യൂട്ടർ ഉപയോഗിച്ചാണ് ദിലീപിന്റെ ഫോണിലെ രേഖകൾ മായ്ച്ച് കളഞ്ഞതെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. ദിലീപ് കൈമാറാത്ത ഫോണിലെ വിവരങ്ങൾ സൈബർ വിദഗ്ദന്റെ പക്കൽ ഉണ്ടെന്നും അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേസമയം നടൻ അറിയാതെയാണ് ഇയാൾ വിവരങ്ങൾ മറ്റൊരു ഡിവൈസിലേക്ക് മാറ്റിയതെന്നാണ് സൂചന. കൂടുതൽ അന്വേഷണത്തിനാണ് സായ് ശങ്കറിനോട് വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ വധഗൂഢാലോചന കേസിൽ പ്രതിയാക്കിയേക്കും. സായ് കൃഷ്ണയിൽ നിന്നും നിർണായകമായ പ വിവരങ്ങളും കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വഷണ സംഘം.












Click it and Unblock the Notifications