ദിലീപിന്റെ ആ പണി ഏറ്റില്ല; മഞ്ജു വാര്യരും സുനിയുടെ അമ്മയും ഇന്ന് കോടതിയിലെത്തും; നിര്‍ണായകം
ആദ്യഘട്ടത്തില്‍ വിസ്തരിച്ച മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ ഇന്ന് മൊഴി കൊടുക്കാന്‍ വീണ്ടും കോടതിയിലേക്കെത്തും

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. ദിലീപിന്റെ മുന്‍ ഭാര്യയും നടിയും ആയ മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിക്കുന്നത്. ആദ്യ ഘട്ട സാക്ഷി വിസ്താരത്തില്‍ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. 12 സാക്ഷികളെ വിസ്തരിച്ചിരുന്നില്ല.
രണ്ടാം ഘട്ടത്തില്‍ 20 പേരെ വിസ്തരിക്കാനുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇതില്‍ 20 പേരുടെ പട്ടികയും കോടതിക്ക് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ട സാക്ഷി വിസ്താരത്തില്‍ മഞ്ജു വാര്യരെ കൂടാതെ സാഗര്‍ വിന്‍സെന്റ്, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നുണ്ട്. സാക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്ന നടപടികള്‍ കോടതി ഇതിനോടകം ആരംഭിച്ചിരുന്നു.

ബാലചന്ദ്രകുമാറിനെ ഇനി വിസ്തരിക്കുക പ്രതിഭാഗം
തുടരന്വേഷണത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ഐ ടി വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവര്‍ അടക്കമുള്ളവരെ ആദ്യഘട്ടത്തില്‍ തന്നെ വിസ്തരിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിലേക്ക് നയിച്ചത്. ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടന്‍ പൂര്‍ത്തിയാകും. ബാലചന്ദ്രകുമാറിനെ പ്രതിഭാഗം ക്രോസ് വിസ്താരം ചെയ്യാനുണ്ട്.

ദിലീപിന് എതിരായ മൊഴിയിലുറച്ച് സായ് ശങ്കര്‍
അതേസമയം ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിക്കുക. ക്രൈംബ്രാഞ്ചിന് നേരത്തെ സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു എന്ന മൊഴി നല്‍കിയിരുന്നു. ഇത് തന്നെയാണ് വിസ്താരത്തിലും സായ് ശങ്കര്‍ ആവര്‍ത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് എതിരെ ദിലീപ് രംഗത്തെത്തിയിരുന്നു.

ദിലീപിന്റെ തന്ത്രം
വിചാരണ നടപടികള്‍ വൈകും എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ദിലീപ് സാക്ഷി വിസ്താരത്തെ എതിര്‍ക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരിയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഇതോടെയാണ് മഞ്ജു വാര്യര്‍ അടക്കമുള്ളവരുടെ സാക്ഷി വിസ്താരത്തിന് വഴിയൊരുങ്ങിയത്.

മഞ്ജുവിനും അതിജീവിതയ്ക്കും എതിരെ ദിലീപ്
തനിക്ക് എതിരെ ഗൂഢാലോചനയുണ്ട് എന്ന് പറഞ്ഞ് അതിജീവിതയ്ക്കും മഞ്ജു വാര്യര്‍ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി വെച്ചിരിക്കുന്നത്. അതേസമയം സാക്ഷി വിസ്താരത്തിനിടയിലും ആദ്യ കേസില്‍ രണ്ട് വര്‍ഷമായി തുടരുന്ന വിചാരണ നടപടികള്‍ ഫെബ്രുവരി അവസാന വാരത്തോടെ പൂര്‍ത്തിയാക്കാനാണ് സാധ്യത.

അന്തിമ വിധി മാര്‍ച്ചില്‍
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ മാര്‍ച്ചില്‍ അന്തിമ വിധി പ്രസ്താവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതോടെ ആദ്യ കേസില്‍ വിചാരണ നിലച്ചിരുന്നു. ഇത് പിന്നീട് നംവബര്‍ 10 ന് പുനഃരാരംഭിച്ചു. കേസില്‍ രഹസ്യ വിചാരണയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. വിചാരണ കോടതി മാറ്റണം എന്ന് അതിജീവിത പറഞ്ഞിരുന്നെങ്കിലും ഹൈക്കോടതി അനുവദിച്ചിരുന്നില്ല.

അഭിഭാഷകരെ പ്രതി ചേര്‍ക്കണം
അതേസമയം വിചാരണ പുരോഗതി വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയെ അറിയിക്കുന്നുണ്ട്. അതേസമയം കേസില്‍ തെളിവ് അട്ടിമറിക്കാന്‍ ശ്രമിച്ച ദിലീപിന്റെ അഭിഭാഷകരെ പ്രതി ചേര്‍ക്കണം എന്ന് വശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണം എന്നാണ് അതിജീവിതയുടെ ആവശ്യം.

അതിജീവിത കോടതിയിലേക്ക്
നേരത്തെ ഇവരെ പ്രതി ചേര്‍ക്കാന്‍ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നതാണ്. എന്നാല്‍ അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂര്‍ണ്ണമാകില്ല എന്നാണ് അതിജീവിതയുടെ വാദം.












Click it and Unblock the Notifications