ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ..100 സാക്ഷികൾ..അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങൾ ഇങ്ങനെ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അനുബന്ധ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 1500 ഓളം പേജ് വരുന്ന കുറ്റപത്രം വെള്ളിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കേസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു ജനുവരിയിൽ കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. നിശ്ചിത ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും മൂന്ന് തവണയായി ക്രൈംബ്രാഞ്ച് സംഘം അധിക സമയം തേടുകയായിരുന്നു. ഏറ്റവും ഒടുവിലായി ഈ മാസം 15 നായിരുന്നു റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്.

എന്നാൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് കൂടുതൽ സമയം തേടുകയായിരുന്നു. മാത്രമല്ല ദിലീപിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണത്തെ കുറിച്ചും അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിച്ചു.

എന്നാൽ ഇനിയും സമയം അനുവദിക്കാനാകില്ലെന്ന കടുത്ത നിലപാടാണ് ഹൈക്കോടതി കൈക്കൊണ്ടത്. 22 ന് തുടരന്വേഷണ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 1500 ഓളം പേജ് വരുന്ന കുറ്റപത്രത്തിൽ ദിലീപിനെതിരെ കൂടുതൽ കുറ്റം ചുമത്തിയിട്ടുണ്ട്.

കേസിലെ തെളിവുകൾ മറച്ച് വെച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ കൂടിയാണ് ദിലീപിനെതിരെ ചേർത്തിരിക്കുന്നത്. അനുബന്ധ കുറ്റപത്രത്തിൽ ദിലീപിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരതിനെയാണ് പുതുതായി പ്രതി ചേർത്തിരിക്കുന്നത്. ശരത് വഴിയാണ് ദിലീപിലേക്ക് ദൃശ്യങ്ങൾ എത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

നേരത്തേ കേസിൽ ശരതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന്റെ ഉറ്റ സുഹൃത്തായ ശരത് ആണ് കേസിലെ ബാലചന്ദ്രകുമാർ പറഞ്ഞ വി ഐ പിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ 2017 ൽ തന്നെ ശരതിലൂടെ ദിലീപിന്റെ കൈയ്യിൽ എത്തിയെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നത്. വീട്ടിൽ വെച്ച് നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപ് കണ്ടുവെന്ന് നേരത്തേ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ താൻ കണ്ടിരുന്നില്ലെന്നായിരുന്നു നേരത്തേ ദിലീപ് പറഞ്ഞിരുന്നത്. എന്നാൽ ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുളള നാലുപേജ് വിവരണം ലഭിച്ചിരുന്നു. ഇത് ദൃശ്യങ്ങൾ കാണാതെ തയ്യാറാക്കുക സാധ്യമല്ലെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വിശദമാക്കുന്നത്.

കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ്, ഭാര്യ കാവ്യ, സഹോദരി ഭർത്താവ് സുരാജ് എന്നിവരാണ് സാക്ഷിപ്പട്ടികയിൽ ഉള്ളത്. നേരത്തേ വിസ്തരിച്ച ചില സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസിന്റെ വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി കഴിഞ്ഞ ദിവസം അഡ്വ അജകുമാറിനെ സർക്കാർ നിയോഗിച്ചിരുന്നു. നേരത്തേ കേസിൽ രണ്ട് സെപ്ഷ്യൽ പ്രോസിക്യൂട്ടർമാർ രാജിവെച്ചിരുന്നു. തുടർന്ന് അതിജീവിതയ്ക്ക് വിശ്വാസമുള്ളയാളെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കോടതിയിലിരിക്കെ മൂന്ന് തവണ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വിചാരണ കോടതിയിലിരിക്കെ വിവോ ഫോൺ ഉപയോഗിച്ചാണ് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കണ്ടത് എന്നും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications