സുഹൃത്ത് ദിലീപിന് കുരുക്കാവുമോ? പുതിയ നീക്കവുമായി പ്രോസിക്യൂഷന്‍, നടപടി വേഗത്തില്‍ വേണം
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ട ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍. ശരത്തിനെ വിചാരണ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ ആവശ്യപ്പെട്ടത്.
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശരത്തിനെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലായിരുന്നു നേരത്തെ ഹാജരാക്കിയിരുന്നത്. എന്നാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്. വിചാരണ നടപടികള്‍ക്കായി ശരത്തിനെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കണമെങ്കില്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. കേസ് ഇനി 19 ന് പരിഗണിക്കും.

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു ശരത്തിനെക്കുടി കേസില്‍ പ്രതിചേർത്തത്. തെളിവ് നശിപ്പിച്ചുവെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് വാദം.

ദൃശ്യങ്ങള്‍ ശരത്ത് ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടിലേക്ക് എത്തിക്കുന്നതിന് താന്‍ സാക്ഷിയാണെന്നും വീട്ടില്‍വെച്ച് ദിലീപ് ഉള്‍പ്പടേയുള്ളവർ ദൃശ്യങ്ങള്‍ കണ്ടുവെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു. ബാലചന്ദ്രകുമാർ പറഞ്ഞ കേസിലെ വി ഐ പി ശരത്ത് ആണെന്നും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.

ദിലീപിന്‍റെ ബന്ധു സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയും നേരത്തെ പുറത്ത് വന്നിരുന്നു. കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വെച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നായിരുന്നു സന്ദേശത്തില്‍ സഹോദരി ഭർത്താവ് സൂരാജ് പറഞ്ഞിരുന്നത്. സുരാജിന്‍റെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലൂടെ വീണ്ടെടുക്കുയായിരുന്നു.

തെളിവ് നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ശരത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയുള്ള ശരത്തിന്റെ പ്രതികരണം. ബാലചന്ദ്രകുമാർ നൽകിയ മൊഴി കള്ളമാണ്. അത് അംഗീകരിക്കേണ്ട ബാധ്യത തനിക്കില്ല. തെളിവ് നശിപ്പിച്ചത് തെറ്റായ ആരോപണമാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

അതേസമയം, ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹർജിയില്‍ വിധി വരുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കഴിഞ്ഞ ദിവസം വിചാരണക്കോടതി തള്ളിയിരുന്നു. കേസ്, എറണാകുളം സ്പെഷ്യൽ അഡീഷണല്‍ കോടതിയില്‍ നിന്നും വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്.

അടുത്ത ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ വിചാരണ നീട്ടിക്കൊണ്ടു പോവാനാവില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ അജകുമാറിന് വിചാരണക്കോടതി നല്‍കിയ മറുപടി. സെപ്തംബർ അഞ്ചു മുതൽ നാലാഴ്ച പിന്നിടുമ്പോൾ വിചാരണയുടെ പുരോഗതി വ്യക്തമാക്കി റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടി












Click it and Unblock the Notifications