ദിലീപ് കേസ്;പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ; പ്രവേശിപ്പിച്ചത് ചൊവ്വാഴ്ച വൈകീട്ടോടെ.. കാരണം
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയെ തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.ചികിത്സ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. എറണാകുളം സബ് ജയിലിലെ വിചാരണ തടവുകാരനാണ് പൾസർ സുനി. ജാമ്യത്തിനുള്ള അവസാന വഴിയും അടഞ്ഞതോടെ സുനിയുടെ മാനസികാരോഗ്യം മോശമായെന്നാണ് വിവരം.

നടി ആക്രമിക്കപ്പെട്ട കേസിൽ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. കഴിഞ്ഞ അഞ്ച് വർഷമായി വിചാരണ തടവുകാരനാണ് സുനി.നേരത്തേ കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ വിചാരണ വൈകുന്നുവെന്ന് കാട്ടി സുപ്രീം കോടതിയെ സമീപിക്കുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. തുടർന്ന് സുനിയും സുപ്രീം കോടതിയെ സമീപിച്ചു.

കഴിഞ്ഞ അഞ്ചര വര്‍ഷമായി താന്‍ ജയിലിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.എന്നാൽ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയായിരുന്നു. പള്‍സര്‍ സുനിക്കെതിരായ കുറ്റങ്ങള്‍ ഗുരുതരം എന്നല്ല അതീവ ഗുരുതരം എന്നാണ് കാണേണ്ടത് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു കോടതിയുടെ നടപടി.

സർക്കാരും സുനിയുടെ ജാമ്യത്തിനെ ശക്തമായി എതിർത്തിരുന്നു. മറ്റ് പലര്‍ക്കുമെതിരെ ഉണ്ടായിരുന്നത് ഗൂഢാലോചന കുറ്റമായിരുന്നു എന്നും എന്നാല്‍ പള്‍സര്‍ സുനി കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആളാണ് എന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെതോടെയാണ് സുനിയുടെ മാനസികാരോഗ്യ നില മോശമായതെന്നാണ് വിവരം. എന്നാൽ എന്ത് അസുഖമാണ് സുനിയ്ക്ക് എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല.

അതേസമയം ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്ന് നേരത്തേ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഓടുന്ന കാറിൽ വെച്ച് പൾസർ സുനിയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. സംഭവത്തിന് രണ്ട് ദിവസത്തിന് പിന്നാലെയായിരുന്നു പൾസർ സുനിയെ അറസ്റ്റ് ചെയ്തത്. നാടകീയമായിട്ടായിരുന്നു അറസ്റ്റ്. എറണാകുളം അഡീഷ്ണൽ സിജെഎം കോടതിയിൽ സുനിയും കൂട്ടുപ്രതിയായ വിജീഷും കീഴടങ്ങാൻ എത്തിയപ്പോഴായിരുന്നു ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്.

പൾസർ സുനി മുൻപും നടിമാരെ ആക്രമിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി അടുത്തിടെ മുൻ ഡിജിപി ആർ ശ്രീലേഖ ആരോപണം ഉയർത്തിയിരുന്നു. പലരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഭയം കൊണ്ടാണ് പലരും കേസുമായി മുന്നോട്ട് പോകാതിരുന്നതെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്.

എന്നാൽ കാശുള്ളവർ പറയുന്നത് കേൾക്കാൻ ഇവിടെ പലരും കാണും എന്നായിരുന്ന ശ്രീലേഖയുടെ ആരോപണത്തോട് അന്ന് സുനി പ്രതികരിച്ചത്. സുനിയുടെ അമ്മ ശോഭന ജയിലിൽ കാണാൻ എത്തിയപ്പോഴായിരുന്നു ശ്രീലേഖയുടെ പരാമർശത്തോട് സുനി ഇത്തരത്തിൽ പ്രതികരിച്ചത്.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന്റെ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും.അങ്കമാലി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. തുടരന്വേഷണത്തിന് കൂടുതൽ സമയം നീട്ടി നൽകണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റപത്രം തയ്യാറാക്കിയത്. 1500 പേജുള്ള കുറ്റപത്രത്തിൽ ദിലീപിനെതിരെ കൂടുതൽ കുറ്റം ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചു, മറച്ചുവെച്ചു എന്നീ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

ദിലീപിന്റെ ഉറ്റ സുഹൃത്തും വ്യവസായിയുമായ ശരതിനെ കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. ശരത് ആണ് ദിലീപിന് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ എത്തിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിനുള്ള തെളിവുകൾ ലഭിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ 100 ഓളം സാക്ഷികളും ഉണ്ട്.
'ഇനിയെങ്കിലും പൂർണിമ ആ രഹസ്യം വെളിപ്പെടുത്തണം'..ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ..വൈറൽ












Click it and Unblock the Notifications