അതിജീവിതയ്ക്ക് വന്‍ തിരിച്ചടി: ദിലീപ് ജഡ്ജിയുമായി സംസാരിച്ചതിന് തെളിവില്ല, ഹർജി തള്ളി കോടതി
ദില്ലി: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. കേസിലെ വിചാരണ നിലവിലെ കോടതിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. നടിയുടെ ആവശ്യം നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് നടി ആവശ്യവുമായി രാജ്യത്തെ പരമോന്നത കോടതിക്ക് മുമ്പിലേക്ക് എത്തിയത്.
എന്നാല്‍ അവിടെയും നടി തിരിച്ചടി നേരിടുകയായിരുന്നു. കോടതി മാറ്റിയില്ലെങ്കില്‍ തനിക്ക് നീതി ലഭിക്കില്ലെന്നായിരുന്നു നടിയുടെ പ്രധാന വാദം, എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഇതോടെ കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍ തന്നെ തുടരും.

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനും വിചാരണ കോടതി ജഡ്ജിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിത ഉന്നയിച്ചിരുന്നത്. സിബിഐ സ്പെഷ്യൽ കോടതിയിൽ ഇരുന്ന കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിയേയും അതിജീവിത ചോദ്യം ചെയ്തിരുന്നു.

കോടതി മാറ്റം നിയമപരമല്ലെന്നായിരുന്നു അതിജീവിതയുടെ വാദം. വിചാരണ മറ്റൊരു സെഷൻസ് കോടതിയിലേക്ക് അടിയന്തരമായി മാറ്റണം, വിചാരണ കോടതി ജഡ്ജിയും പ്രതിയായ ദിലീപും തമ്മിൽ ബന്ധം സ്ഥാപിച്ചുവെന്നതിന് തെളിവ് പോലീസിന് ലഭിച്ചുവെന്നും ഹർജിയില്‍ നടി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ നടിയുടെ ആവശ്യങ്ങളെല്ലാം തള്ളിക്കൊണ്ടുള്ള വിധിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജഡ്ജി ദിലീപുമായി സംസാരിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി ഇരുവരും തമ്മില്‍ നേരിട്ടുള്ള ബന്ധത്തിന് തെളിവുണ്ടോയെന്നും ചോദിച്ചു. എന്നാല്‍ അത്തരമൊരു തെളിവ് ഹാജരാക്കാന്‍ അതിജീവിതയ്ക്ക് സാധിച്ചില്ല. ഇതാണ് ഹർജി തള്ളുന്നതിലേക്ക് പ്രധാനമായും നയിച്ചത്.

ഇത്തരം നടപടികള്‍ നിയമസംവിധാനത്തെ തന്നെ മലീമസപ്പെടുത്തുന്നതാണെന്ന ഒരു സുപ്രധാനമായ നിരീക്ഷണവും കോടതി നടത്തി. മാത്രമല്ല, വിചാരണ നടത്തുന്ന ജഡ്ജിയുടെ വായ അടപ്പിക്കാന്‍ സാധിക്കില്ലെന്ന് കൂടി വ്യക്തമാക്കിയ കോടതി, ഹൈക്കോടതി ഇക്കാര്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും പറഞ്ഞു.

എല്ലാ കാര്യങ്ങളും പരിശോധിച്ചതിന് ശേഷം ഹൈക്കോടതി എടുത്ത തീരുമാനത്തെ മറികടക്കുന്നത് ശരിയല്ലെന്ന് കൂടി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, വിചാരണ കോടതി ജഡ്ജിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാൻ കോടതി തയ്യാറായില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അതിജീവിതയുടെ ഹര്‍ജി പരിഗണിച്ചത്. അതിജീവിതയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications