'ദിലീപിനോടുള്ള കൂറ്, കള്ളതെളിവ് ഉണ്ടാക്കിയെന്ന് തെളിഞ്ഞിട്ടും'; ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയോട് നിരവധി ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ. മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ആക്സസ് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ കോടതി തയ്യാറാകാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ സഹോദരൻ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം
Recommended Video

'1.കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ പാലിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം വിചാരണ കോടതി പാലിക്കാത്തത് കോടതി അലക്ഷ്യവും കൃത്യവിലോപവുമല്ലേ?
2.മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറി എന്നറിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ ആ തെളിവുകൾക്ക് മുകളിൽ അടയിരിക്കുന്നത് ആരെ സഹായിക്കാനാണ്?'

'3.ഫോറൻസിക് ലാബ് റിപ്പോർട്ട് 2 വര്‍ഷം പൂഴ്ത്തി വെച്ചത് ഗുരുതരമായ കൃത്യവിലോപമല്ലേ?
4.കോടതി രേഖകൾ പ്രതി ദിലീപിന്റെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടും അത് അന്വേഷിക്കാൻ ഉത്തരവ് നൽകാത്തത് പ്രതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയല്ലേ?'

'5.കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡ് കോടതി സമയത്തിന് ശേഷം ആക്സസ് ചെയ്ത കപ്പലിലെ കള്ളനെ കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്?
6.തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്ന വക്കീലൻമാർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്?'

'6.സാക്ഷികളെ സ്വാധീനിക്കുകയും തെളിവുകൾ നശിപ്പിക്കുകയും കള്ള രേഖകൾ ഉണ്ടാക്കുകയും ചെയ്ത് ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാത്തത് എന്തുകൊണ്ടാണ്?
7.എന്തുകൊണ്ടാണ് രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ കോടതിയെ വിശ്വാസമില്ല എന്ന് പറഞ്ഞ് കൊണ്ട് രാജിവെച്ച് പോയത്?'

'8.ആദ്യഘട്ടം മുതൽക്കെ അതിജീവിത ഈ കേസിൽ ജഡ്ജിന്റെ പ്രതിയോടുള്ള കൂറ് സുപ്രീം കോടതിയെ ബോധിപ്പിച്ചതാണ് ഇപ്പോൾ കൂടുതൽ ആരോപണങ്ങൾ വന്നിട്ടും എന്തുകൊണ്ട് ഈ ജഡ്ജ് സ്വയം ഒഴിയുന്നില്ല?'

'വിചാരണ കോടതി മാറ്റിയ അസിസ്റ്റന്റ് രജിസ്ട്രാറുടെ കത്ത് നിലവിലെ ജുഡീഷ്യൽ ഉത്തരവിന് വിരുദ്ധമല്ലേ? ഇത് ഞങ്ങളുടെ മാത്രം സംശയമല്ല. നീതിന്യായ വ്യവസ്ഥ സംശുദ്ധവും നീതിയുക്തവുമാകണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾ മാത്രമാണ്. ഇതിനുള്ള ഉത്തരം നീതിപീഠം നൽകിയേ മതിയാവൂ, ' പോസ്റ്റിൽ സഹോദരൻ പറഞ്ഞു. നേരത്തേ ദിലീപിനോടും നിരവധി ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ രംഗത്തെത്തിയിരുന്നു. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് തെളിവുകൾ അടക്കം നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടൻ നടത്തിയെന്നായിരുന്നു സഹോദരൻ ചോദ്യമുയർത്തിയത്.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യത്തിൽ ശക്തമായ നിയമപോരാട്ടമാണ് അതിജീവിത നടത്തുന്നത്. വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി വർഗീസ് തുടർ വിസ്താരം നടത്തിയാൽ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമാണ് നടിയുടെ ആവശ്യം.

ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നടി ഉന്നയിച്ചിട്ടുണ്ട്. നേരത്തേ നടിയുടെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി സമ്മതിച്ചിരുന്നു. ദിലീപിന്റെ ശക്തമായ എതിർപ്പിനെ തള്ളിയായിരുന്നു ജസ്റ്റിസ് സിയാജ് റഹ്മാൻ അതിജീവിതയുടെ ആവശ്യം അംഗീകരിച്ചത്. കേസ് വീണ്ടും അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും.












Click it and Unblock the Notifications