ഒടുവില്‍ കോടതിയിലെത്തി മഞ്ജു വാര്യർ: തേടുക ആ വിവരം, ദിലീപിന് കുരുക്കായേക്കുമെന്ന് വിലയിരുത്തല്‍
കേസ് വിസ്താരം നീട്ടിക്കൊണ്ടുപോവാനുള്ള പ്രോസിക്യൂഷന്‍ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം.

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യറും സാഗർ വിന്‍സന്റും അടക്കമുള്ള സാക്ഷികളെ വിസ്തരിക്കുന്നത് തടയാനുള്ള നീക്കം സുപ്രീംകോടതിയില്‍ പരാജയപ്പെട്ടിരുന്നു. കേസ് വിസ്താരം നീട്ടിക്കൊണ്ടുപോവാനുള്ള പ്രോസിക്യൂഷന്‍ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം.
എന്നാല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട സാക്ഷികളുടെ വിസ്താരം തടയണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കന്‍ സുപ്രീംകോടതി തയ്യാറായില്ല. ഇതോടെ മഞ്ജു വാര്യറുടെ വിസ്താരത്തിനുള്ള തടസ്സം നീങ്ങുകയും താരം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണയ്ക്ക് ഹാജരാവുകയും ചെയ്തിരിക്കുകയാണ്.

ദിലീപ്, അനുജന്‍ അനൂപ് തുടങ്ങിയവരുടെ ശബ്ദ സാമ്പിളുകള്‍ തിരിച്ചറിയുക എന്ന ഉദ്ദേശത്തോട് കൂടിയാണ് മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നതെന്നാണ് സൂചന. ദിലീപിനോടൊപ്പം വർഷങ്ങളോളം താമസിച്ച ഒരു വ്യക്തി എന്ന നിലയില്‍ മഞ്ജു വാര്യർ നല്‍കുന്ന സാക്ഷി മൊഴിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ അധിക കുറ്റപത്രം സമർപ്പിച്ചപ്പോള്‍ മഞ്ജു വാര്യറേയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഫെബ്രുവരി 16 ന് മഞ്ജു വാര്യറെ വിസ്തരിക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. എന്നാല്‍ ദിലീപ് നല്‍കിയ ഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ മഞ്ജുവിന്റെ വിസ്താരം മാറ്റിവെക്കുകയായിരുന്നു. ഈ ഹർജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്നതിന് ശേഷമാണ് ഇന്ന് മഞ്ജുവിനെ വിസ്തരിക്കാന്‍ കോടതിയിലേക്ക് വിളിച്ച് വരുത്തിയത്.

കേസിലെ വിചാരണയുടെ ആദ്യ ഘട്ടത്തിലും
നടി ആക്രമിക്കപ്പെട്ട കേസിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമായ സാക്ഷിമൊഴിയാവും മഞ്ജുവാര്യറുടേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. നടിക്ക് വേണ്ടി ഹാജരാവുന്ന പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ അജകുമാർ ഉള്‍പ്പടേയുള്ളവർ കോടതിയില്‍ ഹാജരായിട്ടുണ്ട്. കേസിലെ വിചാരണയുടെ ആദ്യ ഘട്ടത്തിലും മഞ്ജു വാര്യറെ വിസ്തരിച്ചിരുന്നു.

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ
ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലഭിച്ച തെളിവുകളെ ആസ്പദമാക്കി തയാറാക്കിയ അധിക കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്. ബാലചന്ദ്രകുമാർ ഹാജരാക്കിയ ദിലീപിന്റെത ശബ്ദമടങ്ങിയ ഡിജിറ്റള്‍ തെളിവുകളെ ആസ്പദമാക്കിയാണ് വിസ്താരം.

മഞ്ജു വാര്യറെ വിസ്തരിച്ചാല്‍ വ്യക്തിപരമായ വൈരാഗ്യം
മഞ്ജു വാര്യറെ വിസ്തരിച്ചാല്‍ വ്യക്തിപരമായ വൈരാഗ്യം തീർക്കാന്‍വരെ സാധ്യതയുണ്ടെന്ന വാദങ്ങളായിരുന്നു ദിലീപ് സാക്ഷി വിസ്താരത്തിന് എതിരായി കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മഞ്ജുവിനെ വിസ്തരിക്കണമെന്ന നിലപാടില്‍ സംസ്ഥാന സർക്കാർ ഉറച്ച് നിന്നു. കേസിലെ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന കാര്യം പ്രതി തീരുമാനിക്കരുതെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.

മഞ്ജു വാര്യറെ വിസ്തരിക്കാന്‍ കഴിയുന്നത് പ്രോസിക്യൂഷന് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നായിരുന്നു റിട്ട.എസ്പി ജോർജ് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. 'മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നത് ദിലീപിന്റേയും സഹോദരങ്ങളുടേയും ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ്. പല തെളിവുകളും തിരിച്ചെടുത്തപ്പോള്‍ ഇവരുടെ ശബ്ദവുമുണ്ട്. ശാസ്ത്രീയമായി ഇത് ആരുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വർഷങ്ങളോളം കൂടെയുണ്ടായിരുന്ന ഒരാളുടെ സാക്ഷിമൊഴിയാവുമ്പോള്‍ അതിന്റെ പ്രധാന്യം വർധിക്കും.'- ജോർജ് ജോസഫ് പറഞ്ഞു

അതേസമയം, കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം എവിടെ തുടരുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications