'ദിലീപിനെ കുടുക്കാൻ പൾസർ സുനിക്ക് കിട്ടിയ ഉപദേശം; അരിയാഹാരം കഴിക്കുന്നവർ അത് വിശ്വസിക്കുമോ?'; രാഹുൽ ഈശ്വർ
കാവ്യയും ദിലീപും തമ്മിലുള്ള ചാറ്റുകൾ മഞ്ജു വാര്യർ കണ്ടുവെന്നാണ്. അങ്ങനെയാണെങ്കിൽ ദിലീപിന് എങ്ങനെയാണ് അതിജീവിതയോട് ദേഷ്യം തോന്നുകയെന്നും രാഹുൽ ഈശ്വർ.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഒന്നാം പ്രതിയായ പൾസർ സുനി. താനൊഴികെ കേസിലെ എല്ലാ പ്രതികളും പുറത്താണെന്നും ആറ് വർഷമായി ജയിലിൽ കഴിയുന്ന തനിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹയതുണ്ടെന്നുമാണ് സുനിയുടെ വാദം.ഹർജിയിൽ വാദം കേട്ട ഹൈക്കോടതി വിധി പറയാൻ മാറ്റി വെച്ചിരിക്കുകയാണ്.
അതേസമയം പൾസർ സുനിക്ക് ജാമ്യം നൽകുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് പറയുകയാണ് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് രാഹുലിന്റെ പ്രതികരണം വായിക്കാം.

പൾസർ സുനിയുടെ ട്രാക്ക് റെക്കോഡ് പരിശോധിച്ചാൽ
പൾസർ സുനിയുടെ വാദം സാങ്കേതികമായി ശരിയായിരിക്കും , നിയമപരമായി നിലനിൽക്കുന്നതായിരിക്കും, പക്ഷേ സാധാരണ മലയാളി എന്ന രീതിയിൽ സുനിയോട് ക്ഷമിക്കാൻ സാധിക്കില്ല. നമ്മുക്കെല്ലാം ഇഷ്ടമായ അഭിനേത്രിയുടെ ജീവിതത്തിൽ സാരമായ പരിക്കേൽപ്പിച്ച,അവരെ മാനസികമായി പരിക്കേൽപ്പിച്ചതിന്റെ ഉത്തരവാദിയാണ്. പൾസർ സുനിയുടെ ട്രാക്ക് റെക്കോഡ് പരിശോധിച്ചാൽ മേനക സുരേഷിനെ തട്ടിക്കൊണ്ടുപോയതടക്കമുള്ള കേസുകളിൽ പ്രതിയാണ്.

നടിയോട് അനുഭാവം ഉള്ളവർ
സുനിയോട് മനസിൽ കരുണയൊന്നും തോന്നുന്നില്ല, അയാൾ അത്യന്തം ഹീനമായ കാര്യമാണ് ചെയ്തത്. നടിയോട് അനുഭാവം ഉള്ളവർ അതിശക്തമായി സുനിയോട് വിയോജിക്കും സുനിക്കും അയാളുടെ കൂട്ടാളികൾക്കും കഠിനമായ ശിക്ഷ കൊടുക്കണമെന്നും കേസുമായി ബന്ധമില്ലാത്ത ദിലീപിനെ കേസിലേക്ക് വലിച്ചിഴച്ച് തന്റെ സ്വാർത്ഥ ലാഭത്തിന് വേണ്ടി വഴിതെറ്റിക്കാൻ അടക്കം ശ്രമിച്ച കുറ്റമാണ് പൾസർ സുനി ചെയ്തത്.ഒരുപാട് കുടുംബങ്ങളെ അത് ദോഷകരമായി ബാധിച്ചു. അതിജീവിതയെ മാത്രമല്ല ദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാക്കാൻ സുനി കാരണക്കാരനായെന്ന് തിരിച്ചറിയുന്നു.സുനിക്കെതിരെ ശക്തമായ നടപടി വേണം. ഈ വിഷയത്തിൽ പ്രോസിക്യൂഷനും അതിജീവിതയ്ക്കും ഒപ്പമാണ്.

ദിലീപ് പറഞ്ഞെന്ന് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കണോ
പണിയൊന്നുമില്ലാത്ത ഒരു ദിവസം പൾസർ സുനിയോട് മേനക സുരേഷിനെ തട്ടിക്കൊണ്ട് പോകൂവെന്ന് ദിലീപ് പറഞ്ഞെന്ന് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കണോ, പൾസർ സുനിക്ക് എത്രയോ കാലത്തെ ക്രൈം റെക്കോഡ് ഉണ്ട്. പൾസർ സുനി എന്ത് പറഞ്ഞാലും ദിലീപുമായി ഗൂഢാലോചന തെളിയിക്കണമെങ്കിൽ ഫിസിക്കൽ മാനിഫെസ്റ്റേഷൻ ഓഫ് എഗ്രിമെൻറ് വേണം. ചുമ്മാ ഗൂഢാലോചന ഉണ്ടെന്ന് പറയാനാകുമോ? സുനിയോട് അയാളുടെ അഭിഭാഷകൻ പറഞ്ഞ് കൊടുത്തു എന്തായാലും നീ കേസിൽ പെട്ടു, ഈ കേസ് ദുർബല പെടാനോ രക്ഷപ്പെടാനോയുള്ള ഏക വഴി നിനക്ക് ശക്തിയുള്ള ആരെയെങ്കിലും ഇതിലേക്ക് വലിച്ചിട്ടാൽ മതിയെന്ന്.

ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള ബന്ധം തകരാൻ
ദിലീപിനെതിരെ കള്ളക്കഥ ഉണ്ടാക്കാൻ എളുപ്പമല്ലേ. ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള ബന്ധം തകരാൻ അതിജീവിതയാണ് കാരണം അതുകൊണ്ട് ദിലീപ് അതിജീവിതയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണല്ലോ പ്രോസിക്യൂഷൻ കേസ്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞിട്ടുണ്ട് ദിലീപ്-കാവ്യ ബന്ധം മഞ്ജുവിനോട് പറഞ്ഞത് കാവ്യയുടെ അമ്മയാണെന്ന്. കാവ്യയും ദിലീപും തമ്മിലുള്ള ചാറ്റുകൾ മഞ്ജു വാര്യർ കണ്ടുവെന്നാണ്. അങ്ങനെയാണെങ്കിൽ ദിലീപിന് എങ്ങനെയാണ് അതിജീവിതയോട് ദേഷ്യം തോന്നുക.

ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണമെന്ന മുൻവൈരാഗ്യത്തോടെ
പക്ഷേ ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണമെന്ന മുൻവൈരാഗ്യത്തോടെ സ്ഥാപിത താത്പര്യങ്ങളോടെ ചില പോലീസുകാർ കള്ള ഫോട്ടോഷോപ്പടക്കം ചെയ്തുവെന്ന് വെളിപ്പെടുത്തിയത് ഡിജിപിയാണ്. വ്യാജ ഫോട്ടോഷോപ്പാണെന്നതിന് തെളിവും ഉണ്ട്. ഏറ്റവും പ്രധാനം ഇവർ തമ്മിൽ ഗൂഢാലോചന ഉണ്ടായാൽ ഫിസിക്കൽ മാനിഫെസ്റ്റേഷൻ ഓഫ് എഗ്രിമെന്റ് വേണ്ടേ? ഏറ്റവും ബുദ്ധിമുട്ട് ഗൂഢാലോചന തെളിയിക്കലാണ്. പക്ഷേ ഏറ്റവും എളുപ്പം ഗൂഢാലോചനയിൽ കുടുക്കലാണ്.
ഈ കേസ് കഴിഞ്ഞാൽ പോലീസ് ഉദ്യോഗസ്ഥനായ ബൈജു പൗലോസ് സിനിമകഥ എഴുതട്ടെ.

കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന് വരെ പ്രചരണം ഉണ്ടായി
ദിലീപ് ആത്മവിശ്വാസമുള്ളത് കൊണ്ടാണ് കോടതിയെ സമീപിക്കുന്നത്. ആത്മവിശ്വാസമില്ലാത്തവർ ജഡ്ജിയേയും ജഡ്ജിയുടെ മകളേയും ചീത്ത വിളിക്കും. പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് ഇപ്പോൾ എന്തായി? അതൊക്കെ പഴയ കേസിലേക്ക് ഊർന്നിറങ്ങാനുള്ള ശ്രമം മാത്രമായിരുന്നു. കാവ്യയണ് മാഡം എന്നും കാവ്യയുടെ അമ്മയാണ് മേഡമെന്നുമുള്ള വാദങ്ങളും ഉണ്ടായിരുന്നു. കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന് വരെ പ്രചരണം ഉണ്ടായി. ദിലീപിനെതിരെ കള്ളങ്ങളുടെ പെരുമഴയായിരുന്നില്ലേ? വേങ്ങരയിൽ കൊണ്ടുകൊടുത്ത 50 ലക്ഷം എന്തായി?ഓരോ നുണകളുടെ പെരുമഴ ഇല്ലാതാകുന്നത് കാണുന്നില്ലേ?












Click it and Unblock the Notifications