തുടരന്വേഷണത്തിന് അനുവദിച്ച സമയം ഇന്ന് തീരും; പുതിയ നീക്കവുമായി ക്രൈം ബ്രാഞ്ച്
കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ട നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ ഉള്ള നടപടികള്‍ അന്വേഷണ സംഘം നിര്‍ത്തിവെക്കും. ഈ മാസം 15 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയെ സമീച്ചിട്ടുണ്ട്.
ഈ ഹരജിയില്‍ കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശം വേണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ക്രൈം ബ്രാഞ്ച് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹരജിയില്‍ ഇത് വരെ വിധി പറഞ്ഞിട്ടില്ല. ഇതോടെയാണ് കേസിന്റെ തുടര്‍നടപടികള്‍ തല്‍ക്കാലത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. ദിലീപിന്റെ അടുത്ത ബന്ധുക്കളടക്കമുള്ളവര്‍ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ട് ഹാജരായില്ലെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടും. ഇത്തരത്തില്‍ കാലതാമസമുണ്ടായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും.

അതോടൊപ്പം നിലവിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ശേഷിക്കുന്ന നടപടികളും കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈം ബ്രാഞ്ച്. ഇതിന് മുന്നോടിയായിട്ടാണ് ദിലീപിന്റ ജാമ്യം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് ഹര്‍ജികളുമായി വിചാരണക്കോടതിയെ അന്വേഷണ സംഘം സമീപിച്ചിരിക്കുന്നത്.

അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്ന് തിങ്കളാഴ്ച വിചാരണ കോടതിയെ ക്രൈം ബ്രാഞ്ച് അറിയിക്കും. ഇന്ന് സാങ്കേതികമായി അന്വേഷണത്തിനുള്ള സമയ പരിധി അവസാനിക്കുമെങ്കിലും സി ആര്‍ പി സി 173(8) പ്രകാരം അന്വേഷണത്തിന് മറ്റ് തടസങ്ങളൊന്നുമില്ല. ഹൈക്കോടതി സമയം നീട്ടി നല്‍കിയതിന് ശേഷം കാവ്യ മാധവന് ചോദ്യം ചെയ്യലിന് പുതിയ നോട്ടീസ് നല്‍കാനാണ് ആലോചന. കേസിന്റെ മറ്റ് തുടര്‍ നടപടികളും അതിനുശേഷം ആകും ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ട്.
Recommended Video


ദിലീപിനൊപ്പം കാവ്യയ്ക്കും കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. എന്നാല്‍ സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ ആലുവയിലെ വീട്ടില്‍ വെച്ച് മൊഴിയെടുക്കണമെന്നുമാണ് കാവ്യ മാധവന്റെ നിലപാട്. ചെന്നൈയിലായിരുന്ന കാവ്യ മാധവന്‍ ആലുവയില്‍ എത്തിയെങ്കിലും ക്രൈം ബ്രാഞ്ചിന് ചോദ്യം ചെയ്യാനായിട്ടില്ല.

ദിലീപിന്റെയും കാവ്യയുടെയും വീട്ടില്‍ പോയി ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘം തീരുമാനത്തിലെത്തിയിട്ടുണ്ട്. പ്രോജക്ടര്‍ ഉപയോഗിച്ച് ചില ദൃശ്യങ്ങള്‍ കാണിച്ചും സംഭാഷണ ശകലങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യ മാധവനില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ തീരുമാനിച്ചിരുന്നത് എന്നിരിക്കെ പദ്മസരോവരം വീട് ഇതിന് പറ്റിയ ഇടമല്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിനേയും കാവ്യ മാധവനേയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനും തീരുമാനിച്ചിരുന്നു.

എന്നാല്‍ പദ്മസരോവരം വീട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാറും അറിയിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. ഇത് പിന്നീട് ബുധനാഴ്ചത്തേക്ക് മാറ്റിയെങ്കിലും ഇതുവരെ കാവ്യ മാധവന്റ മൊഴിയെടുക്കാനായിട്ടില്ല.












Click it and Unblock the Notifications