നടിയുടെ ദൃശ്യങ്ങള്‍ കണ്ടതാര്? ഞാന്‍ കണ്ടില്ലെന്ന് ജഡ്ജി... ജിയോ സിം ഉള്ള വിവോ ഫോണ്‍ ആരുടേത്
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടതാര്. ഈ ചോദ്യമാണ് ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് പ്രധാനമായും ഉയരുന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നത് എങ്ങനെയാണെന്ന് ഉടന്‍ കണ്ടെത്തണമെന്ന് വിചാരണ കോടതി നിര്‍ദേശിച്ചു. മെമ്മറി കാര്‍ഡ് വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചുവെന്നാണ് പറയുന്നത്. ഇതാരെന്ന് കണ്ടെത്തണം. ജിയോ സിം ഉള്ള വിവോ ഫോണ്‍ ആരുടേതാണെന്നും കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തത് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും മാത്രമാണ്. ദൃശ്യങ്ങള്‍ കാണണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും താന്‍ കണ്ടിട്ടില്ലെന്ന് ജഡ്ജി ഹണി എം വര്‍ഗീസ് വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥന്‍ നാല് തവണ ഇക്കാര്യം ആവശ്യപ്പെട്ടപ്പോഴും ബിഗ് നോ ആണ് പറഞ്ഞത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ആരെയും സംശയനിഴലില്‍ നിര്‍ത്തരുത്. ആരാണ് അനധികൃതമായി ദൃശ്യങ്ങള്‍ കണ്ടത് എന്ന് തെളിയണം. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാള്‍ ആരാണ് കണ്ടതെന്ന് വ്യക്തമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടരന്വേഷണം എവിടെ എത്തിയെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് ലാബ് പരിശോധനയില്‍ വ്യക്തമായത്. ഔദ്യോഗികമായി തുറന്നു പരിശോധിച്ചുവെന്ന് പറയുന്ന സമയവും ലാബിലെ പരിശോധനയില്‍ തെളിഞ്ഞ സമയവും രണ്ടാണ്. ഇതാണ് ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടുവെന്ന് പറയാന്‍ കാരണം. ആരാണ് ദൃശ്യം ചോര്‍ത്തിയത് എന്നാണ് ഇനി കണ്ടെത്തേണ്ടത്. നിലവിലെ സാഹചര്യത്തില്‍ കേസ് അന്വേഷണം ഇനിയും നീളുമെന്നാണ് മനസിലാകുന്നത്. ഡിജിറ്റല്‍ പരിശോധനയ്ക്ക് പുറമെ, പുതിയതായി ഉയര്‍ന്നുവന്ന സംശയങ്ങളും ദൂരീകരിക്കേണ്ടതുണ്ട്.
അന്വേഷണ സംഘം വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്ന വേളയിലാണ് ദൃശ്യങ്ങളുടെ ചോര്‍ച്ച സംബന്ധിച്ച് ജഡ്ജി ചോദ്യങ്ങള്‍ ഉന്നയിച്ചത്. അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. വിചാരണ കോടതി ചൊവ്വാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.












Click it and Unblock the Notifications