ദിലീപ് അങ്ങനെ ഒരു മണ്ടത്തരം ചെയ്യുമോ? ആ നടിയുടെ കരിയർ അവസാനത്തിലെത്തിയിരുന്നു: അഖില്‍ മാരാർ
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നിരപരാധിയാണെന്ന വാദം ആവർത്തിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാർ. യഥാർത്ഥത്തില്‍ അന്വേഷണം നടക്കേണ്ടത് പള്‍സർ സുനി ആർക്ക് വേണ്ടി ഇത് ചെയ്തു, എന്തിന് ദിലീപിന്റെ പേര് അവന്‍ പറഞ്ഞു എന്നതിലുമാണെന്നും അഖില്‍ മാരാർ പറയുന്നു. മൂവി വേള്‍ഡ് മീഡിയ ഈസ്റ്റ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് അടിസ്ഥാനത്തിലാണ് പള്‍സർ സുനി ദിലീപിന്റെ പേര് പറഞ്ഞത് എന്നത് പൊലീസോ അല്ലെങ്കില്‍ മറ്റൊരു ഏജന്‍സിയോ വളരെ പ്രധാന്യത്തോടെ അന്വേഷിക്കേണ്ട കാര്യമാണ്. ദിലീപിനേയും പള്‍സർ സുനിയേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒരു തെളിവും കേരള പൊലീസിന് കിട്ടിയിട്ടില്ല. ഇത്തരം ഒരു ക്രൂരകൃത്യം ചെയ്തുകൊണ്ട് തന്റെ ഒരു കാര്യം നേടിയെടുക്കേണ്ട ആവശ്യം ഇല്ലാത്തയാളാണ് ദിലീപ്.

ഈ പറയുന്ന നടിയുടെ മലയാളം സിനിമയിലെ കരിയർ ഏകദേശം അവസാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സമയമാണ്. എന്ത് തന്നെയായാലും ദിലീപിനെ പോലെ ഒരാള്‍ ഇത്രയും വലിയ മണ്ടത്തരം ഒരിക്കലും ചെയ്യില്ലെന്നതാണ് റിയാലിറ്റി. 376 ബി എന്ന് പറയുന്നത് ഇരുപത് വർഷം ശിക്ഷിക്കാന്‍ കഴിയുന്ന ഒരു വകുപ്പാണ്. ഒരോ വകുപ്പിന്റേയും ഗ്രാവിറ്റി അനുസരിച്ചാണ് ജാമ്യം കൊടുക്കുന്നത്. ആ വകുപ്പ് അനുസരിച്ചാണ് പള്‍സർ സുനിയൊക്കെ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുന്നതെന്നും അദ്ദേഹം പറയുന്നു.
ഒരാള്‍ ശക്തമായി വളർന്നുകൊണ്ടിരിക്കുമ്പോള്‍ ആ ആള്‍ക്ക് എതിരായി വലിയൊരു വിഭാഗം ഇപ്പുറത്ത് ഉണ്ടായിക്കൊണ്ടിരിക്കും. ഇവർ എല്ലാവരും കൂടെ ഒന്നിച്ചതായിക്കൂടെയെന്ന ഒരു സംശയവും സ്വാഭാവികമാണ്. പിന്നെ ഇതേപോലുള്ള ഒരു അഭിമുഖത്തില്‍ എനിക്ക് ഒരിക്കല്‍ക്കൂടെ അഭിമാനത്തോടെ വന്നിരിക്കണം. അന്ന് എല്ലാവരും "അഖില്‍ മാരാർ" പറഞ്ഞത് ശരിയായിരുന്നുവെന്ന് കമന്റ് എഴുതുകയും വേണം.
മനോഹരമായ രീതിയില്‍ കേസ് തെളിയിക്കാനും അതുപോലെ മനോഹരമായ രീതിയില്‍ കേസ് ഫ്രാബിക്കേറ്റ് ചെയ്യാനും ശേഷിയുള്ളവരാണ് കേരള പൊലീസ്. എന്നിരുന്നാലും ഒരോ കേസിന്റേയും കാര്യത്തില്‍ ഇവരെല്ലാവരും തന്നെ വ്യത്യസ്ത തരത്തില്‍ സ്വാധീനത്തിലാണ്.
ദിലീപിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കേസ് ഫാബ്രിക്കേറ്റ് ചെയ്തത്. ഒരാളെ തകർക്കാന്‍ പല മാർഗ്ഗങ്ങളും നോക്കിക്കൊണ്ടിരിക്കും. നമ്പി നാരായണനെതിരെ കേസെടുത്ത് ജയിലില്‍ ഇട്ടത് ആരാണ്? കേരള പൊലീസ് തന്നേയല്ലേ. എത്രയോ കാലം ആ മനുഷ്യനെ വേട്ടയാടി. ആ മനുഷ്യന്റെ ജീവിതം മൊത്തം നശിപ്പിച്ച് കഴിഞ്ഞതിന് ശേഷം ഇന്ന് നമ്മള്‍ ഇരുന്ന് പറയുകയാണ് കാണിച്ചത് ശരിയായില്ലെന്ന്.
കൊച്ചിയിലെ നഗരത്തില്‍ മലയാള സിനിമയെ നിയന്ത്രിക്കുന്ന തരത്തിലുള്ള ഒരു ശക്തിയായി ദിലീപ് വളരുന്നു. ഈ സാഹചര്യത്തില്‍ ഇവനെ ഏത് വിധേനയും പണിയണം, അല്ലെങ്കില്‍ നമ്മള്‍ക്കെല്ലാം നഷ്ടമാണെന്ന് കരുതി ഇപ്പുറത്ത് ഒത്തുകൂടുന്ന ഒരുവിഭാഗം ആള്‍ക്കാർ. ഒരു സിനിമ പോലെ കണ്ടാല്‍ മതി ഇതൊക്കെ.
ഒത്തുകൂടിയ ആളുകള്‍ക്ക് തകർക്കേണ്ടത് ദിലീപ് എന്ന് പറയുന്ന വ്യക്തിയെ അല്ല. ദിലീപ് എന്ന് പറയുന്ന നിർമ്മാതാവിനെ, ദിലീപ് എന്ന് പറയുന്ന വിതരണക്കാരനെ, ദിലീപ് എന്ന് പറയുന്ന സിനിമ നടനെ യുമാണ് ഇവർക്ക് തകർക്കേണ്ടത്. മലയാള സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളിലും അതിശക്തിയോടെ ദിലീപ് നില്‍ക്കുന്ന സമയമാണ് അത്.
ദിലീപിനെ ഏത് വിധേനയും തകർക്കണമെന്ന് കരുതി നില്‍ക്കുന്നവർക്ക് മുമ്പിലേക്കാണ് വലിയൊരു കാരണം കിട്ടുകയാണ്. ആ കാരണത്തിലേക്ക് അവർ ഫോക്കസ് ചെയ്യുകയാണ്. അതിന് വേണ്ടി ഇവർ കരുതിക്കൂട്ടി കളിച്ചത് അല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കും. അതിലൂടെ സംഭവിച്ചത് എന്താണ്. ഇന്നൊക്കെ എന്തുമ്പോഴേക്കും ദിലീപ് എന്ന നടന്റെ കരിയർ ഏറെക്കുറെ ഇല്ലാതായി.
സിനിമകള്‍ മോശമായത് കൊണ്ടാണ് പരാജയപ്പെട്ടത്. അല്ലാതെ ഈ ഒരു പ്രശ്നം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഒരാളുടെ മനഃസമാധാനം കെടുത്തി ജീവിതം തകർത്ത് കഴിയുമ്പോള്‍ സ്വാഭാവികമായും അയാളുടെ ചിന്തകള്‍ എല്ലാം തന്നെ പാളിക്കൊണ്ടിരിക്കും. ഈ കേസില്‍ നിന്നും ദിലീപിനെ കുറ്റവിമുക്തനാക്കുകയാണെങ്കില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ട ഈ ഏഴ് വർഷക്കാലം തിരിച്ചുകൊടുക്കാന്‍ ഈ ആള്‍ക്കാർക്ക് കഴിയുമോയെന്നും അഖില്‍ മാരാർ ചോദിക്കുന്നു.












Click it and Unblock the Notifications