'ദിലീപിനെതിരെ പ്രധാനപ്പെട്ട തെളിവുകൾ, മധു കേസിന് സമാന സാഹചര്യം', അഭിഭാഷക പറയുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ പുനർവിസ്താരം തുടരാനിരിക്കെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നതിന് വ്യക്തമായ തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ ഹർജിയിൽ വ്യക്തമാക്കുന്നത്. നേരത്തേ ഇതേ ആവശ്യവുമായി പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. ഹർജിയിൽ ഹൈക്കോടതി നിലപാട് ഏറെ നിർണായകമാകും.
അതേസമയം അട്ടപ്പാടി മധു കേസിന് സമാനമായ സാഹചര്യമാണ് നിലവിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഉള്ളതെന്ന് പറയുകയാണ് അഭിഭാഷകമായ അഡ്വ ടിബി മിനി. മധു കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസിലെ 11 പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു മിനിയുടെ പ്രതികരണം.

കർശന ജാമ്യ വ്യവസ്ഥകളോടെ
നടി ആക്രമിക്കപ്പെട്ട കേസിൽ 83 ദിവസത്തെ ജയിൽ വാസത്തിന് ശേഷമായിരുന്നു നേരത്തേ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. എന്നാൽ ജാമ്യത്തിൽ തുടരവെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ദിലീപിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടായെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്.

സാക്ഷികൾ മൊഴി മാറ്റിയിരുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ നേരത്തേ പല സാക്ഷികളും മൊഴി മാറ്റിയിരുന്നു. ഇതിൽ ദിലീപിന്റെ ഇടപടെൽ ഉണ്ടായെന്നാണ് ഡിജിറ്റൽ തെളിവുകളുടെ അടക്കം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്.തുടരന്വേഷണവുമായി ബന്ധപ്പെട്ട് തെളിവു നശിപ്പിക്കല്‍ ദിലീപിനെതിരെ നിലനിൽക്കുമെന്ന വിചാരണ കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോൾ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയുടെ നിലപാടാണ് ഉറ്റുനോക്കപ്പെടുന്നത്.

മധു കേസിന് സമാനം
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അപ്പുണ്ണി എന്ന് പറയുന്ന ദിലീപിന്റെ ഡ്രൈവർ ധാരാളം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് അഡ്വ മിനി പറയുന്നു. 'പ്രതികൾ മുൻകൈയെടുത്ത് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നതിനുള്ള പ്രധാനപ്പെട്ട തെളിവാണത്. അട്ടപ്പാടി മധു കേസിൽ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടായപ്പോൾ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം റദ്ദ് ചെയ്യുകയും ചെയ്തതാണ്'

സംവിധായകൻ ബാലചന്ദ്രകുമാറിനെ
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടും സമാന സാഹചര്യമാണ് ഉള്ളതെന്നും മിനി ചൂണ്ടിക്കാട്ടി. കേസിന്റെ തുടർ വിസ്താരത്തിൽ ഏറ്റവും കൂടുതൽ ദിവസം സംവിധായകൻ ബാലചന്ദ്രകുമാറിനെ ആയിരിക്കും വിസ്തരിക്കുകെന്നും അത് കേസിൽ നിർണാകമായിരിക്കുമെന്നും മിനി പറഞ്ഞു. നിരവധി മൊഴികൾ കൊടുത്തിട്ടുള്ളതിനാലും ഡോക്യുമെന്റുകൾ മാർക്ക് ചെയ്തിട്ടുള്ളതിനാലും കൂടുതൽ ദിവസം വേണ്ടി വരുമെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.

39 സാക്ഷികളെ
നടി ആക്രമിക്കപ്പെട്ട കേസിന്റെ പുനഃർവിചാരണ വീണ്ടും നാളെയാണ് ആരംഭിക്കുക. 39 സാക്ഷികളെ വിസ്തരിക്കാൻ അനുമതി തേടിയാണ് പ്രോസിക്യൂഷൻ കോടതിയിൽ പട്ടിക നൽകിയത്. ഇക്കൂട്ടത്തിൽ നടി മഞ്ജു വാര്യർ ഉൾപ്പെടെയുണ്ട്. എന്നാൽ മഞ്ജുവിനെ വിസ്തരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മഞ്ജു ഉൾപ്പെടെ മൂന്ന് പേരെ വീണ്ടും വിസ്തരിക്കുന്നതിൽ ദിലീപ് സുപ്രീം കോടതിയിൽ എതിർപ്പറിയിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ ആദ്യം വിസ്തരിക്കുക പൾസർ സുനിയുടെ സഹതടവുകാരൻ സജിത്തിനെയാണ്.

112 സാക്ഷികൾ
സംവിധാകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിൽ നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. അധിക കുറ്റപത്രത്തിൽ കൂടുതൽ തെളിവുകൾ ദിലീപിനെതിരെ ചുമത്തിയിരുന്നു. 112 സാക്ഷികളും 300 രേഖകളും അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications