'ദിലീപ്, പള്‍സര്‍ സുനിയുടെ ജാമ്യം മുതലാക്കും.. അവരുടെ ഉദ്ദേശ്യം നടക്കാന്‍ പോകുന്നു';സാക്ഷി ജിന്‍സണ്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി സാക്ഷിയും പള്‍സര്‍ സുനിക്കൊപ്പം ഒരു വര്‍ഷം ജയിലില്‍ കിടന്നയാളുമായ ജിന്‍സണ്‍. സുനി ജാമ്യത്തില്‍ ഇറങ്ങിയ അവസരം മുതലാക്കാന്‍ പലരും ശ്രമിക്കും എന്നും ദിലീപിന്റെ ഉദ്ദേശ്യം ഇനിയാണ് നടക്കാന്‍ പോകുന്നത് എന്നും ജിന്‍സണ്‍ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെയാണ് പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ട് പോകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഏഴര വര്‍ഷമായി ജയിലില്‍ കഴിയുകയാണ് പള്‍സര്‍ സുനി. പള്‍സര്‍ സുനി പുറത്തിറങ്ങുമ്പോള്‍ പൊലീസും സര്‍ക്കാരും ജാഗ്രത കാണിക്കണം എന്ന് ജിന്‍സണ്‍ പറഞ്ഞു.

ജിന്‍സന്റെ വാക്കുകള്‍
'പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങി എന്ന് പറഞ്ഞ് കിട്ടിയ അവസരം മുതലാക്കാന്‍ മറ്റ് പലരും ശ്രമിക്കും. ഇതിലെ എട്ടാം പ്രതിയായിരുന്ന ആളുടെ ഉദ്ദേശ്യം എന്തായിരുന്നോ അത് ഇനിയാണ് നടക്കാന്‍ പോകുന്നത്. ഇവരെ സമൂഹത്തില്‍ മോശക്കാരിയാക്കുക എന്നതായിരുന്നല്ലോ അവരുടെ ഉദ്ദേശ്യം. ആ ഉദ്ദേശ്യം പള്‍സര്‍ സുനിയുടെ ജാമ്യത്തിലൂടെ ഇനി നടപ്പിലാക്കാന്‍ ശ്രമിക്കും. അതിന് വേണ്ട ജാഗ്രത പൊലീസ് കാണിക്കണം.
ജുഡീഷ്യറിയുടെ കസ്റ്റഡിയിലിരിക്കുന്ന ഫോണിലെ വിവരങ്ങള്‍ പോലും ജഡ്ജസ് കണ്ടു, കോടതി ജീവനക്കാര്‍ കണ്ടു എന്നിങ്ങനെ പലരും കണ്ടു എന്ന വാര്‍ത്ത അന്തരീക്ഷത്തില്‍ പരന്ന് നില്‍ക്കുകയാണ്. അതിനിടക്ക് പള്‍സര്‍ സുനിക്ക് ജാമ്യം കിട്ടി എന്ന് പറയുമ്പോള്‍ സ്വാഭാവികമായിട്ടും പള്‍സര്‍ സുനിയുടെ കൈയില്‍ നിന്നാകും ഇനി അതെല്ലാം ലീക്കാകുക എന്നൊരു ധാരണ പൊതുവെ വരാന്‍ സാധ്യത ഉണ്ട്.
അദ്ദേഹത്തെ വീണ്ടും അകത്തേക്ക് വിടാനുള്ള സംവിധാനങ്ങള്‍ ഇതിനിടയില്‍ ഗൂഢാലോചന നടത്തുന്ന ആളുകള്‍ ചെയ്യും എന്നൊരു ധാരണ എനിക്കുണ്ട്. അത് വേണ്ട രീതിയില്‍ പരിഗണിക്കാന്‍ കേരള പൊലീസിനും അതുപോലെ സര്‍ക്കാരും ജാഗ്രത കാണിച്ചില്ലെങ്കില്‍ വലിയ ആപത്തിലേക്ക് പോകും. അതിജീവിതയ്ക്ക് വേണ്ട പരിരക്ഷ കേരള സര്‍ക്കാര്‍ കൊടുക്കണം. ജയിലില്‍ നിന്ന് ഇറങ്ങുന്ന ആളുകളെ പിക്ക് ചെയ്ത് കൊണ്ടുപോകുന്ന ഒരു സ്വഭാവമുണ്ട് പൊലീസിന്.
അത് ഏത് പൊലീസാണ് കൊണ്ടുപോകുക എന്നതാണ്. ഇതിനായിട്ടുള്ള പൊലീസാണോ അതോ ചില സാമര്‍ത്ഥ്യം കാണിക്കുന്ന സ്വാധീനമുള്ള ആളുകളുടെ പൊലീസുണ്ടാകും. അവരാണോ കൊണ്ടുപോകുക എന്ന് അറിയണം. അതിലൊക്കെ പെട്ട് പള്‍സര്‍ സുനിയെ പൊക്കിക്കൊണ്ട് പോകാതിരിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബക്കാരും അദ്ദേഹത്തിനൊപ്പമുള്ള ആള്‍ക്കാരും നോക്കേണ്ടതാണ്.
ജെനുവിനായി നില്‍ക്കുന്ന ബൈജു പൗലോസിനേയും അദ്ദേഹത്തെ അസിസ്റ്റ് ചെയ്യുകയും ചെയ്യുന്ന ആളുകളും അത്തരം കാര്യങ്ങള്‍ക്ക് നില്‍ക്കില്ല എന്നാണ് എന്റെ വിശ്വാസം. കാരണം ഞാനീ കേസുമായി ബന്ധപ്പെട്ട് സാക്ഷി പറയുന്നതിനും മറ്റും അവര്‍ക്കൊപ്പം പലതവണ പോയിട്ടുണ്ട്. അവരില്‍ നിന്നും കിട്ടിയ അനുഭവങ്ങള്‍ വളരെ ജെനുവിനായിട്ടുള്ളതാണ്. ഇതില്‍ ഉള്‍ട്ട കളിക്കുന്ന കുറെ ആളുകളുണ്ടാകും.
അവെരാക്കെ പള്‍സര്‍ സുനിയെ ഇനി എങ്ങനെ വിനിയോഗിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഏഴരകൊല്ലം ജയിലില്‍ കിടന്ന വ്യക്തിയാണ് പള്‍സര്‍ സുനി. പള്‍സര്‍ സുനിയുടെ ജീവനാണോ അതോ മറ്റ് പലരുടേയും ജീവനാണോ ആപത്തുണ്ടാകുക എന്നത് കാത്തിരുന്ന് കാണേണ്ടി വരും. ഞാന്‍ ഏകദേശം ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്ന ആളാണ്. എനിക്കുണ്ടായ ബന്ധങ്ങള്‍ എന്താണ് എന്ന് എനിക്കറിയാം.
അതുപോലെ ഏഴരക്കൊല്ലം സുനിയെ സംബന്ധിച്ച് അവന്‍ എല്ലാവരോടും നന്നായി പെരുമാറുന്ന ആളാണ്. ഏഴരക്കൊല്ലം ജയിലില്‍ കിടന്ന് പുറത്തിറങ്ങുന്ന ഒരു വ്യക്തിക്കുള്ള ബന്ധങ്ങള്‍ എന്താവും ഏതാവും എന്നുള്ളതൊക്കെ എന്റെ അനുഭവത്തില്‍ എനിക്കറിയാം. ആരുടേയൊക്കെ ജീവന് ഭീഷണിയാകും എന്നുള്ളത് കാത്തിരുന്ന് കണ്ടാല്‍ മതി,'












Click it and Unblock the Notifications