ദിലീപ് രക്ഷപ്പെടുമോ ഇല്ലയോ എന്നുള്ള സംശയമാണ് എനിക്കുള്ളത്: ആശ ഉണ്ണിത്താന്‍
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് ജാമ്യം അനുവദിച്ചത് പലതരത്തിലുള്ള ചർച്ചകള്‍ക്കാണ് ഇടം കൊടുത്തിരിക്കുന്നത്. വിചാരണ പൂർത്തിയാകുമ്പോള്‍ പള്‍സർ സുനി പ്രതി എന്നതില്‍ നിന്നും കുറ്റവാളി എന്നതിലേക്ക് എത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നാണ് പ്രമുഖ അഭിഭാഷക ആശ ഉണ്ണിത്താന്‍ ന്യൂസ് 18 കേരളയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെടുന്നത്.
ഗൂഡാലോചന കേസിലേക്ക് വരുമ്പോള്‍ എട്ടാം പ്രതിയായ ദിലീപ് രക്ഷപ്പെടുമോ ഇല്ലയോ എന്നുള്ളത് മാത്രമാണ് നമുക്ക് മുമ്പിലുള്ള സംശയം. അക്കാര്യത്തില്‍ കുറേ തെളിവുകളുടെ അത്യാവശ്യമുണ്ട്. ഈ കേസ് ഇതുവരെ വൈകിയത് അതിജീവിതയുടെ പ്രശ്നനം കൊണ്ടല്ല. അതിജീവിതയ്ക്ക് ഇവിടെ പരിമിതമായ റോള്‍ മാത്രമേയുള്ളു.

അതിജീവിതയ്ക്ക് സ്വന്തമായി ഒരു അഭിഭാഷകനെ വെച്ചുകൊണ്ട് കേസ് നടത്താന്‍ സാധിക്കില്ല. ഒരു സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ അടുത്തേക്ക് നമ്മള്‍ എത്തിയത് തന്നെ എത്രമാത്രം കഷ്ടപ്പെട്ടാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതിജീവിതയ്ക്ക് സ്വന്തമായി ഒരു അഭിഭാഷകനെ വേണമെങ്കില്‍ ഒന്നും മിണ്ടാന്‍ പാടില്ലാത്തയാളെയെ വെക്കാന്‍ പാടുള്ളു. അതായത് അതിജീവിതയുടെ അഭിഭാഷകന് മിണ്ടാന്‍ പാടില്ലെന്നും ആശ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.
നീതി ന്യായ വ്യവസ്ഥയുടെ എല്ലാവിധ ആനുകൂല്യങ്ങളും ലഭിച്ചുകൊണ്ട് പ്രതികളെല്ലാം തന്നെ ഇറങ്ങിപ്പോവുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിലുള്ളത്. റേപ്പ് കേസുകള്‍ അതില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ പോലും ഈ കേസുകളില്‍ നമ്മള്‍ കണ്ടു, പ്രത്യേക കോടതി സ്ഥാപിച്ചു, പ്രത്യകേ അന്വേഷണ സംഘത്തെ സ്ഥാപിച്ചു. അതിജീവിത എന്ന് പറയുന്നത് പ്രമുഖയായ ഒരു നടിയാണ്. എന്നിട്ടൊക്കെ എന്ത് കാര്യം. അവരേക്കാള്‍ പ്രബലരായ ആളുകള്‍ അപ്പുറത്ത് നില്‍ക്കുമ്പോള്‍ ജസ്റ്റിസ് സിസ്റ്റത്തിന് കൈകെട്ടി നില്‍ക്കേണ്ട അവസ്ഥയാണ്.
അന്വേഷണ ഉദ്യേഗസ്ഥരെ ഇങ്ങനെ ക്രൂശിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി പറയുന്നു. ഈ കോടതി മാറണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ചില പ്രോസിക്യൂട്ടർമാർ രംഗത്ത് വന്നിരുന്നു. എന്നാല്‍ അന്ന് അത് സുപ്രീംകോടതി അംഗീകരിച്ചില്ലെന്നും ആശ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.
ജാമ്യം നേടിയ പ്രതി വ്യവസ്ഥ പ്രകാരമുള്ള സ്ഥലപരിധി വിട്ട് പോകുന്നുണ്ടോ എന്നൊക്കെ ആരാണ് പരിശോധിക്കുക. അതിനൊന്നും ആരും ഉണ്ടാകില്ല. ഏതെങ്കിലും ആളുകള്‍ കണ്ട് പറഞ്ഞാലായി. ഒരു പള്‍സർ സുനിയുടെ കാര്യത്തില്‍ ഇങ്ങനെ നോക്കിയാല്‍ നന്ന്. അല്ലാതെ എല്ലാവരുടേയും കാര്യം നോക്കാനുള്ള ശേഷി കേരള പൊലീസിന് ഉണ്ടോയെന്നും അവർ ചോദിക്കുന്നു.
അതേസമയം, പൾസർ സുനിയുടെ കൈയ്യിൽ ഒറിജിനൽ ഫോൺ ഉണ്ടെന്നുള്ള അഭ്യൂഹം ഉണ്ടെന്ന് കേസിലെ സാക്ഷിയായ ജിൻസണ്‍ പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പൾസർ സുനി പുറത്തിറങ്ങുമ്പോൾ ആർക്കാണ് ഗുണം ഉണ്ടാകുകയെന്നൊക്കെ സ്വാഭാവികമായി ആലോചിച്ചാൽ മനസിലാകുന്ന കാര്യമാണ്. പൾസർ സുനിയുടെ കൈയ്യിൽ ഒറിജിനൽ ഫോൺ ഉണ്ടെന്നുള്ള അഭ്യൂഹം ഉണ്ട്. ദൃശ്യങ്ങളും ഫോട്ടോകളും പലരും കണ്ടിട്ടുണ്ടെന്നത് വാർത്താമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഇനി അതൊക്കെ പുറത്തുവന്നാൽ ആരാണോ ഇത് ചെയ്യിച്ചത് അവരുടെ ഉദ്ദേശങ്ങളൊക്കെ നടപ്പാക്കാൻ സാധ്യതയുണ്ട്.' എന്നായിരുന്നു ജിന്‍സന്റെ വാക്കുകള്‍.
സുനി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കരുതുന്നില്ല. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. ഏഴര വർഷം ജയിലിൽ കിടന്നിട്ട് എങ്ങനെയെങ്കിലും പുറത്തുവന്നാൽ മതിയെന്ന ചിന്തയിലാണ് അവൻ. അതുകൊണ്ട് തന്നെ അകത്തേക്ക് പോകാനുള്ള പണി അവനായി ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ മറ്റ് പലരും മുതലെടുക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications