'ദിലീപിനൊപ്പം ഉള്ളവരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം, സഹകരിക്കുന്നവരെ ഭീഷണിപ്പെടുത്തി'; വിനയൻ
കൊച്ചി: നടൻ ദിലീപുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കൊടുവിലായിരുന്നു സംവിധായകൻ വിനയന് സിനിമാ സംഘടനകൾ വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് വിനയന്റെ വിലക്ക് കോമ്പറ്റീഷൻ കമ്മീഷൻ നീക്കിയത്. തന്റെ പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിലൂടെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് അദ്ദേഹം.

അതിനിടെ സിനിമയിൽ തനിക്ക് നേരിട്ട വിലക്കിനെ കുറിച്ചും നിയമപോരാട്ടങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് സംവിധായകൻ. താൻ മുന്നോട്ട് വെച്ച പ്രശ്നങ്ങൾ താരസംഘടനയായ അമ്മയിലെ ഒരു വിഭാഗം ചർച്ച ചെയ്യാൻ തയ്യാറായില്ലെന്ന് വിനയൻ പറഞ്ഞു. മാത്യുഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് സംവിധായകൻ തുറന്ന് പറഞ്ഞത്.

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ 'അത്ഭുതദ്വീപി'ന് ശേഷമാണ് തനിക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വന്നതെന്ന് വിനയൻ പറയുന്നു. നിരവധി പ്രത്യേകതയുള്ള ചിത്രമായിരുന്നു അത്. എന്നാൽ ഞാന്‍ വരേണ്യവര്‍ഗം എന്ന് വിളിക്കുന്ന ഒരുവിഭാഗം ചര്‍ച്ചയാക്കാന്‍ തയ്യാറായില്ല. അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപാട് നല്ല സിനിമകള്‍ തനിക്ക് നഷ്ടമാകുമായിരുന്നില്ലെന്ന് വിനയൻ പറയുന്നു.

തനിക്കൊപ്പം നിന്നത് അന്ന് മമ്മൂട്ടിയാണെന്നാണ് വിനയൻ പറയുന്നത്. വിനയനോട് ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹം അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പറഞ്ഞിരുന്നതായി വിനയൻ പറയുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും തന്നോട് വ്യക്തിപരമായി യാതൊരു പകയും ഉണ്ടായിരുന്നില്ലെന്നും അഭിമുഖത്തിൽ വിനയൻ പറയുന്നു.

ദിലീപിനൊപ്പം ഉള്ളവരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായതെന്നും വിനയൻ കുറ്റപ്പെടുത്തി. താൻ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നയാളാണ്. അത് തന്റെ ഗുണമായി കാണുന്നുവെന്നും സംവിധായകൻ പറയുന്നു. സുഹൃത്തുക്കളിൽ പലരും പറയാറുണ്ട് എന്റെ സ്ഥാനത്ത് അവരാണെങ്കിൽ നാടുവിട്ട് പോവുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തേനെയെന്ന്.

സ്വന്തം വ്യക്തിത്വം വിട്ട് യാതൊരു കാര്യത്തിനും താൻ തയ്യാറാവില്ലെന്ന് വിനയൻ പറഞ്ഞു. എന്റെ സമ്പാദ്യം എന്റെ നിലപാടുകൾ തന്നെയാണെന്നും അദ്ദേഹം ആവർത്തിച്ചു. വലിയ കഷ്ടപ്പാടുകളാണ് താൻ നേരിട്ടത്. കഷ്ടപ്പെട്ടാണ് ഇക്കാലയളവിൽ സിനിയെടുത്തത്. താനുമായി സഹകരിക്കുന്ന ആർട്ടിസ്റ്റുകളേയും തീയറ്റർ ഉടമകളേയും വരെ ഭീഷണിപ്പെടുത്തി പിൻമാറ്റി. പലരും പകുതിക്കുവച്ച് പടം ഇട്ടുപോയിട്ടുണ്ട്. ചിരിയും സങ്കടവും ദേഷ്യവും തോന്നിയിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് ഞാന്‍ സിനിമ എടുത്തത്, വിനയൻ പറഞ്ഞു.

കാര്യങ്ങൾ സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുത്തതിനാലാണ് തനിക്ക് നിയമപോരാട്ടം നടത്താൻ സാധിച്ചതെന്നും സംവിധായകൻ പറഞ്ഞു.വിമർശനങ്ങളെ താൻ സ്വീകരിക്കുന്നു. കാരണം എന്നിൽ നിന്നും ഒരു ക്വാളിറ്റി ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. പത്ത് വർഷം നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധമായിരുന്നു. അതിൽ താൻ വിജയിച്ചിരിക്കുകയാണ്, വിനയൻ ഇനി സിനിമ എടുക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയാണ് തന്റെ പുതിയ സിനിമയായ പത്തൊൻപതാം നൂറ്റാണ്ടെന്നും സംവിധായകൻ പറഞ്ഞു. സിജു വിൽസണെ നായകനായിക്ക് വിനയൻ ഒരുക്കുന്ന പത്തൊൻപതാം നൂറ്റാണ്ട് ഓണത്തിനാണ് റിലീസ് ചെയ്യുന്നത്.












Click it and Unblock the Notifications