'ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചതാണ് ഈ കേസിന്റെ കാരണം, ഇത് കൊട്ടേഷനാണ്'; സജി നന്ത്യാട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപാണ് പ്രതിയെന്ന് നടി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യവുമായി പ്രമുഖ നിർമ്മാതാവ് സജി നന്ത്യാട്ട്. കേസിൽ ഡിസംബർ എട്ടിന് വിധി വരാനിരിക്കെയാണ് ദിലീപിനെ പിന്തുണച്ച് കൊണ്ട് സജി നന്ത്യാട്ട് രംഗത്ത് വന്നിരിക്കുന്നത്. കേസിന്റെ തുടക്കം മുതൽ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു സജി നന്ത്യാട്ട്. ന്യൂസ് 18 നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സജി നന്ത്യാട്ട് ചോദിക്കുന്നത് ഇങ്ങനെ: ഒന്നാമത്തെ കാര്യം 2017 ഫെബ്രുവരി പതിനേഴിനാണ് നടി ആക്രമിക്കപ്പെടുന്നത്. പൾസർ സുനി അറസ്‌റ്റ് ചെയ്യപ്പെടുന്നത് ഫെബ്രുവരി 23ന്, അതായത് ആറ് ദിവസം കഴിഞ്ഞാണ്. അത് കഴിഞ്ഞ് ദിലീപിനെ അറസ്‌റ്റ് ചെയ്യുന്നത് എപ്പോഴാണ്, നാല് മാസം കഴിഞ്ഞാണ്, ജൂലൈ പത്താം തീയതിയാണ് അത്. ലോകത്ത് എവിടെയെങ്കിലും അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? അതിനിടയിൽ നടന്നത് നാടകമാണ്.

ഒന്നാമത് ആദ്യമേ ഇതൊരു കൊട്ടേഷനാണ്, ആർക്ക് എതിരെയുള്ള കൊട്ടേഷനാണ്? ദിലീപിന് എതിരേയുള്ളത്. ആ കൊട്ടേഷന് വേണ്ടി ഒരു തിരക്കഥ ഉണ്ടാക്കി. ഈ നടി ആക്രമിക്കുന്നതിന് മുൻപ്, കാവ്യാ മാധവനെ വിവാഹം കഴിച്ചു എന്നതാണ് ഇതിന്റെ കാരണം. അതാണ് ഇതിന്റെ അടിസ്ഥാന കാരണം. അപ്പൊ അതിനുള്ള ചൊരുക്ക് തീർക്കുകയാണ്. നല്ല തിരക്കഥയും സംഭാഷണവും ഒരുക്കി.
ഇതിന് മുൻപ് ക്രിമിനൽ പശ്ചാത്തലമുള്ള പൾസർ സുനിയെ സിനിമയ്ക്ക് അകത്ത് നിന്ന് തന്നെ ഇവർ പിക്ക് ചെയ്‌തു. അതിന് ശേഷം നടന്ന നാടകങ്ങളാണ്. ആദ്യമേ എല്ലാവരും ഇത് അങ്ങ് വിശ്വസിച്ചു. പക്ഷേ ഞാനൊരിക്കലും വിശ്വസിച്ചില്ല. കാരണം എന്റെ മേഖലയിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം അത്യാവശ്യം മോണിറ്റർ ചെയ്യുന്ന ഒരാളാണ് ഞാൻ.
അവിടെ നടന്ന സംഭവത്തിൽ ആദ്യം മുതൽ ഞാൻ ഈ നിലപാട് സ്വീകരിച്ചതാണ്. രാഹുൽ ഈശ്വർ ഒക്കെ വന്നത് രണ്ടാം റൗണ്ടിൽ ആയിരുന്നു. എനിക്ക് എന്ത് വിരോധമാണ് നടിയോട് ഉള്ളത്. ആ സഹോദരിയെ അക്രമിച്ചവർക്ക് എതിരെ കൃത്യമായ നടപടി എടുക്കണം. ദിലീപ് എന്ന വ്യക്തിയെ മനഃപൂർവം ഇതിൽ കുടുക്കിയതാണ്. അത് കേരളത്തിന് പോകെപോകെ മനസിലായി.
ഈ കേസിലെ നാടകങ്ങൾ കണ്ട സാമാന്യ ബോധ്യമുള്ള മലയാളിക്ക് പിടികിട്ടി ഇത് ഒന്നാംന്തരം ഉഡായിപ്പ് കേസാണെന്ന്. നമ്മുടെ വീട്ടിലും അമ്മയും പെങ്ങൾമാരും ഒക്കെ ഉണ്ട്. ദിലീപിനെ നേരത്തെ പ്രതിയാക്കി നിർത്തുകയാണ്. വലിയ ഗൂഢാലോചന തന്നെ അതിൽ നടന്നിട്ടുണ്ട്. ദിലീപിനെ പൊതുസമൂഹത്തിന് മുന്നിൽ പരമാവധി താറടിക്കുകയാണ് ലക്ഷ്യം; സജി നന്ത്യാട്ട് പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജിയാണ് വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. ആകെ ഒൻപത് പ്രതികളാണ് കേസിലുള്ളത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ച് നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.












Click it and Unblock the Notifications