ബാലു ദിലീപിന്റെ സുഹൃത്തല്ല; എന്തുകൊണ്ട് 4 വര്‍ഷം മൂടിവച്ചു, ചോദ്യങ്ങളുമായി എംഎ നിഷാദ്, മറുപടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് കുരുക്കാകുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ബാല ചന്ദ്രകുമാറിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ടിവിയാണ് ആദ്യമായി ഈ വിവരങ്ങള്‍ പരസ്യമാക്കിയത്. നടിയെ ആക്രമിക്കപ്പെടുന്ന വീഡിയോ ദിലീപ് കണ്ടുവെന്നും ഈ വേളയില്‍ താനും വീട്ടിലുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പള്‍സര്‍ സുനിക്ക് ദിലീപിനെ അറിയാമെന്നും ഇക്കാര്യം പുറത്തുപറയരുതെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും ഇദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഹവറില്‍ ഈ വിഷയമായിരുന്നു ചര്‍ച്ച. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് സംവിധായകന്‍ എംഎ നിഷാദ് അഭിപ്രായപ്പെട്ടു. അദ്ദേഹം ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. ബാലചന്ദ്രകുമാര്‍ ഇതിന് മറുപടിയും നല്‍കി. വിശദാംശങ്ങല്‍ ഇങ്ങനെ...
യുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നു

ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സംശയമുണ്ടെന്ന് സംവിധായകന്‍ എംഎ നിഷാദ് പറഞ്ഞു. നാല് വര്‍ഷം മുമ്പ് നടന്നു എന്ന് പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഞാന്‍ അന്വേഷണം നടത്തി. ബാലചന്ദ്രനെ എനിക്ക് എട്ട് വര്‍ഷമായി അറിയാമെന്നും എംഎ നിഷാദ് പറയുന്നു.

ബാലചന്ദ്ര കുമാര്‍ നടന്‍ ദിലീപിന്റെ സുഹൃത്തല്ലെന്ന് എംഎ നിഷാദ് പറഞ്ഞു. ഇത്രയും നാള്‍ എന്തുകൊണ്ട് ബാലു ഇക്കാര്യം പുറത്തുപറഞ്ഞില്ല എന്നത് പ്രധാന ചോദ്യമാണ്. ഇപ്പോള്‍ എന്തുകൊണ്ട് പറയുന്നു എന്നതും മറ്റൊരു കാര്യം. ബാല ചന്ദ്ര കുമാര്‍ പറയുന്നത് പൂര്‍ണമായും ഞാന്‍ വിശ്വസിക്കുന്നില്ലെന്നും നിഷാദ് പറഞ്ഞു.

ബാലചന്ദ്ര കുമാര്‍ പിക്‌പോക്കറ്റ് എന്ന ഒരു സിനിമ ചെയ്യാന്‍ പോകുന്നു. ഇക്കാര്യം എന്നോടും സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഴിവുകളെ ഞാന്‍ കുറച്ച് കാണുന്നില്ല. സുരേഷ് ഗോപിയോടും കഥ പറഞ്ഞിരുന്നു. പിന്നീടാണ് ദിലീപിന്റെ അടുത്തെത്തിയത്. ദിലീപിന് കഥ ഇഷ്ടപ്പെട്ടു. തിരക്കഥ ആരെയെങ്കിലും ഏല്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് എനിക്ക് കിട്ടിയ വിവരമെന്നും നിഷാദ് പറഞ്ഞു.

ദിലീപിന്റെ പടം ചെയ്യാന്‍ അഡ്വാന്‍സ് നല്‍കിയ കാര്യം ബലചന്ദ്ര കുമാര്‍ പറഞ്ഞതും കണ്ടു. എങ്കിലും ഉയരുന്ന സംശം, നാല് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ എന്തുകൊണ്ട് ദിലീപിനെതിരെ ഇക്കാര്യങ്ങള്‍ പറയുന്നു. ഇതുവരെ മിണ്ടാതിരുന്ന വ്യക്തി, കേസിന്റെ വിചാരണ കഴിയുന്ന വേളയില്‍ പുതിയ ആരോപണവുമായി മുന്നോട്ട് വരുന്നതില്‍ ഗൂഢാലോചനയുണ്ടോ എന്ന സംശയവും എനിക്കുണ്ടെന്ന് നിഷാദ് പറയുന്നു.

നിഷാദിന് ബാലചന്ദ്ര കുമാര്‍ മറുപടി നല്‍കി. കേരളത്തില്‍ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ട് ആറ് വര്‍ഷം കഴിഞ്ഞാണ് അവര്‍ വിവരം വെളിപ്പെടുത്തിയത്. എന്നിട്ടും കേസെടുക്കുകയും അന്വേഷണം നടക്കുകയും ചെയ്തില്ലേ. നടന്ന സംഭവം എപ്പോള്‍ തുറന്നുപറയണമെന്നത് അവരുടെ മനസിന് തോന്നണം. ദിലീപ് വിഷയത്തില്‍ എന്തുകൊണ്ട് ഇതുവരെ മൗനം പാലിച്ചു എന്നതിനും ഉത്തരമുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

2016ലാണ് പള്‍സര്‍ സുനിയെ ദിലീപിനൊപ്പം ഞാന്‍ കാണുന്നത്. എന്തുകൊണ്ട് ഇതുവരെ പറഞ്ഞില്ല എന്ന് ചോദിച്ചാല്‍, ഭയം കൊണ്ടാണ് എന്നാണ് ഉത്തരം. ഭയം മാറി ധൈര്യം വരുന്ന അവസ്ഥ വരും. ആ അവസ്ഥ വന്നപ്പോള്‍ ഞാന്‍ വെളിപ്പെടുത്തുകയും ചെയ്തു. ബാലചന്ദ്ര കുമാര്‍ ദിലീപിന്റെ സുഹൃത്തായിരുന്നോ എന്ന് നിങ്ങള്‍ ദിലീപിനോട് ചോദിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

തെളിവുകള്‍ ഓരോ ദിവസവും പുറത്തുവിടുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും, ദിലീപിന് എന്നോട് സ്‌നേഹമുണ്ടായിരുന്നോ എന്ന്. 2021 ഏപ്രില്‍ ഒമ്പതിന് ദിലീപിന് ഞാന്‍ ഒരു ഭീഷണി കലര്‍ന്ന സന്ദേശം അയച്ചു. എന്നിട്ടും എനിക്കെതിരെ ദിലീപ് ഒരു പരാതി കൊടുത്തില്ല. എന്തുകൊണ്ടാണത്. ഞന്‍ അയച്ച സന്ദേശം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്കൊപ്പം കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്ര കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.