സുനി കീഴടങ്ങാൻ വന്നത് പൾസറിൽ; വിധി അറിയാൻ കിയ കാർണിവലിൽ, ഇനി ബസിൽ, ശിക്ഷ ഇന്നറിയാം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് എന്ത് ശിക്ഷ ലഭിക്കുമെന്ന് ഇന്ന് വിചാരണ കോടതി വിധിക്കുകയാണ്. ഏഴര വർഷത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവിൽ പ്രതികളെന്ന് കണ്ടെത്തിയവരിൽ ആറ് പേർക്കാണ് ശിക്ഷ വിധിക്കുന്നത്. നിർണായകമായ ഈ വിധി വരുമ്പോഴും ചർച്ചയാവുന്നത് കേസിലെ പ്രധാന പ്രതിയായ പൾസർ സുനി എന്ന എൻഎസ് സുനിൽ കുമാറിന്റെ ആസ്‌തിയിൽ ഉൾപ്പെടെ ഉണ്ടായ വർധനവാണ്.
കീഴടങ്ങാൻ എത്തിയത് പൾസർ ബൈക്കിൽ
നടിയെ ആക്രമിച്ച കേസില്‍ ആദ്യഘട്ടത്തിൽ അന്വേഷണം പുരോഗമിക്കവേ അഭിഭാഷകനെന്ന് തോന്നിപ്പിക്കുംവിധം വേഷം ധരിച്ച് ഹെല്‍മെറ്റും വെച്ച് പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയതും ഒരു പള്‍സര്‍ ബൈക്കിലായിരുന്നു എന്നതാണ് പ്രധാന കാര്യം. പക്ഷേ അന്ന് അയാൾ കോടതി മുറിയിലേക്ക് കയറുംമുന്‍പേ പോലീസ് സംഘം സുനിയെ കസ്‌റ്റഡിയിലെടുത്തു.

ഒരുകാലത്ത് കേരളത്തിന്റെ നിരത്തുകൾ അടക്കി ഭരിച്ചിരുന്ന പള്‍സര്‍ ബൈക്കുകളോടുള്ള കമ്പം കാരണം സുഹൃത്തുക്കളാണ് പെരുമ്പാവൂർ സ്വദേശിയായ എൻഎസ് സുനിലിന് പള്‍സര്‍ സുനിയെന്ന പേര് ചാർത്തി നൽകിയത്. ചെറുപ്രായത്തിൽ തന്നെ കുറ്റകൃത്യങ്ങളുടെ വഴിയിലേക്ക് നീങ്ങിയ സുനി ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്നു, അതും കൗമാരപ്രായത്തിൽ തന്നെ.
20 വയസിന് മുൻപ് തന്നെ ലഹരി, മോഷണം, കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റകൃത്യങ്ങളിലൊക്കെ ഉൾപ്പെട്ടിട്ടുള്ള ആൾ കൂടിയായിരുന്നു സുനി. ഇത്തരം കേസുകളിൽ പലവട്ടം ഇയാൾ പോലീസ് പിടിയിലായിട്ടുണ്ട്. ഏറ്റവുമൊടുവിലെ കുറ്റകൃത്യമായിരുന്നു നടിയെ ആക്രമിച്ച് ദൃശ്യം പകർത്തൽ.
വിധി കേൾക്കാൻ എത്തിയത് കിയ കാർണിവലിൽ
പലവട്ടം ഹൈക്കോടതിയും സുപ്രീം കോടതിയും പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒടുവിൽ ഈ വർഷം സെപ്റ്റംബറിലാണ് സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും സുനി വാർത്തകളിൽ ഇടം നേടി. ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറുകളിലും ജീവിതശൈലിയും ഒക്കെ അന്ന് വാർത്തയായിരുന്നു. ഏഴര വർഷത്തോളം ജയിലിൽ കിടന്ന ഒരു ക്രിമിനലിന്റെ കാര്യമാണിതെന്ന് ഓർക്കണം.
ഒടുവിൽ ഇക്കഴിഞ്ഞ ഡിസംബർ ഒൻപതിന് കൊച്ചിയിലെ സെഷൻസ് കോടതി വളപ്പിലേക്ക് സുനി എത്തിയത് കിയ കാർണിവൽ കാറിലാണ്. ഏഴ് വർഷങ്ങൾക്ക് മുൻപ് കീഴടങ്ങാൻ തിരഞ്ഞെടുത്ത വാഹനം തന്റെ പ്രിയപ്പെട്ട പൾസർ ആയിരുന്നെങ്കിൽ അത് ആഡംബര കാറായി മാറി ഇപ്പോൾ. ഇതോടെയാണ് സുനിക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടത്.
ഇന്ന് പോലീസ് ബസിൽ കോടതിയിലേക്ക്
പൾസർ സുനിയെയും മറ്റ് അഞ്ച് പ്രതികളെയും തൃശൂരിലെ വിയ്യൂർ ജയിലിൽ നിന്നാണ് നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്ഥിതി ചെയ്യുന്ന ജില്ലാ കോടതി സമുച്ചയത്തിലേക്ക് വിധി കേൾക്കാനായി കൊണ്ടുവരിക. പലവട്ടം കോടതി പോലും സുനിക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയപ്പോഴും വ്യക്തമായ ഒരു ഉത്തരം അകലെയാണ്.












Click it and Unblock the Notifications