നടിയെ ആക്രമിച്ച കേസ്: മൊഴി കൊടുത്ത ശേഷം പിടി തോമസിനെതിരെ വധശ്രമം? വെളിപ്പെടുത്തി ഉമ തോമസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇടപെട്ട സമയത്ത് പിടി തോമസിന് നേരെ വധശ്രമം ഉണ്ടായതായി സംശയിക്കുന്നുവെന്ന് ഭാര്യയും തൃക്കാക്കര എംഎല്‍എയുമായ ഉമ തോമസ്. മൊഴി രൂക്ഷമാകാതിരിക്കാന്‍ ആവശ്യപ്പെട്ട് ചില ഇടപെടലുകളും ഉണ്ടായിട്ടുണ്ടെന്നും ഈ കേസിൽ നടിക്ക് നീതി കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'ഡിസംബര്‍ എട്ടിന് കേസിന്റെ വിധി വരുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അന്നത്തെ രാത്രിയാണ് ഓര്‍മ്മ വന്നത്. പിടി വീട്ടില്‍ വന്ന് കിടന്നതായിരുന്നു. താന്‍ ചില ജോലികള്‍ ചെയ്ത് കൊണ്ടിരിക്കുകയുമായിരുന്നു. ആ സമയത്ത് പിടി വീണ്ടും ഡ്രസ് ചെയ്ത് പുറത്തേക്ക് പോയി. ഒരു അത്യാവശ്യമായിട്ട് പോവുകയാണ് ഉമേ എന്നാണ് പറഞ്ഞത്.
പോയി വന്ന പിടി ആ രാത്രി ഉറങ്ങിയിട്ടേ ഇല്ല. സ്വന്തം മകള്‍ക്ക് സംഭവിച്ചത് പോലുളള വേദന ആയിരുന്നു പിടിക്ക്. ഇങ്ങനെ സംഭവിച്ച് പോയല്ലോ എന്ന് പറഞ്ഞ് വീണ്ടും വീണ്ടും പരിതപിക്കുകയായിരുന്നു. ഏറ്റവും വലിയ വേദന തോന്നുന്നത് വിധി വരുമ്പോള്‍ അത് കേള്‍ക്കാന്‍ പിടി ഇല്ലല്ലോ എന്നതാണ്.

പിടി അന്ന് അവിടെ ചെന്നില്ലായിരുന്നുവെങ്കില്‍ അത് തേഞ്ഞുമാഞ്ഞ് പോയേനെ എന്ന് ഒരു പരിധിവരെ വിശ്വസിക്കുന്നു. പിടിക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയൂ എന്നൊന്നും താന്‍ പറയുന്നില്ല. പക്ഷേ പിടിക്ക് അതേ ചെയ്യാന്‍ കഴിയൂ. ഏത് കാര്യത്തിലും ഏറ്റവും സത്യസന്ധമായേ പിടി ഇടപെടുകയുളളൂ. ആ കുട്ടിക്ക് ധൈര്യം കൊടുത്ത് ഐജിയെ ഫോണില്‍ വിളിച്ച് കൊടുത്തത് പിടിയുടെ ഫോണില്‍ നിന്നാണ്.
പിടി മൂന്ന് ദിവസം ഇതുമായി ബന്ധപ്പെട്ട് മൊഴി കൊടുക്കാന്‍ പോയിരുന്നു. രാവിലെ പോയിട്ട് വൈകിട്ട് വരെ മൊഴി കൊടുത്താണ് വന്നത്. അതിലൊക്കെ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. മൊഴി കൊടുക്കുന്നത് അത്ര രൂക്ഷമാകരുത് എന്നുളള ചിലരുടെ ഇടപെടലൊക്കെ ഉണ്ടായിരുന്നു. പിടി പറഞ്ഞത്, ഞാന്‍ ഒന്നും കൂട്ടിപ്പറയില്ല, പക്ഷേ ഒന്നും തന്നെ കുറച്ച് പറയാനും ഞാന്‍ തയ്യാറല്ല എന്ന്.
ഇതുമായി ബന്ധപ്പെട്ട് പിടി ഒരു ദിവസം ഉപവാസം ഇരുന്നു. അന്ന് ഫ്രണ്ട്‌സ് ഓഫ് പിടിയുടെ നേതൃത്വത്തിലായിരുന്നു ആ സമരം. അന്വേഷണം നടക്കണം എന്നും ആരാണ് ഇതിന് പിറകില്ലെന്ന് പുറത്ത് വരണം എന്നുമേ അദ്ദേഹം ആഗ്രഹിച്ചുളളൂ. ഒരാളുടെ പേരും പിടി എടുത്ത് പറഞ്ഞിട്ടില്ല. ഒരാളും കുറ്റക്കാരനാണെന്ന് പിടി പറഞ്ഞിട്ടില്ല.
പക്ഷേ ഞങ്ങളുടെ വണ്ടി സര്‍വ്വീസ് ചെയ്യാന്‍ പോയിട്ട് ടയറിന്റെ നാല് ബോള്‍ട്ടും അഴിച്ച് വെച്ച് ഒരു വലിയ അപകടത്തില്‍ പിടി പെടേണ്ടതായിരുന്നു. ബൈപ്പാസിലേക്ക് കയറുമ്പോള്‍ ഒരാള്‍ കണ്ട് കൈ കാണിച്ച് വണ്ടി നിര്‍ത്തിയപ്പോഴാണ് ശ്രദ്ധയില്‍പ്പെടുന്നത്. അതിന് ശേഷം പലരും പറഞ്ഞിരുന്നു ഇത് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായത് ആണെന്നും പലരും എതിരായി വരുന്നുണ്ട് എന്നും. പക്ഷേ ഇതൊന്നും പിടി ഒരിക്കലും പറഞ്ഞിട്ടില്ല.
ബോധപൂര്‍വ്വമായ ഒരു അപായപ്പെടുത്തല്‍ ശ്രമം ആണ് നടന്നത് എന്ന് സംശയമുണ്ട്. സര്‍വ്വീസിന് പോയ വണ്ടി ഒരിക്കലും ഡബിള്‍ ചെക്കിംഗ് ഇല്ലാതെ പുറത്തേക്ക് ഇറങ്ങില്ല. അതിന്റെ പിറ്റേ ദിവസം ആയിരുന്നു ഇത്. പലയിടത്തും പിടി വണ്ടി കൊണ്ട് പോയി ഇട്ടിട്ടുണ്ട്. എവിടെ നിന്നെങ്കിലും ആരെങ്കിലും ചെയ്തതായിരിക്കും എന്ന് തന്നെ വിശ്വസിക്കുന്നു. അന്ന് അന്വേഷണം നടന്നുവെങ്കിലും ആരാണെന്ന് കണ്ട് പിടിച്ചില്ല'.












Click it and Unblock the Notifications