കൂളിങ് ഗ്ലാസ് ധരിച്ച് കോടതിയുടെ പടിക്കെട്ടുകള്‍ ഇറങ്ങി വരുന്ന റീല്‍; കുറ്റബോധമില്ലാതെ പള്‍സര്‍ സുനി
കൂളിങ് ഗ്ലാസ് ധരിച്ച്, മൊബൈലില്‍ സംസാരിച്ച്, മാസ് ബിജിഎമ്മിന്റെ അകമ്പടിയില്‍ കോടതിയുടെ പടിക്കെട്ടുകള്‍ സ്ലോ മോഷനില്‍ ഇറങ്ങിവരുന്ന റീല്‍. ഇത് ജഡ്ജിയുടെയോ കേസ് ജയിച്ചുവരുന്ന അഭിഭാഷകന്റെയോ ഒന്നുമല്ല. കേരളം നടുങ്ങിയ, അതിക്രൂരമായ കുറ്റകൃത്യത്തിലെ പ്രതിയാണ് കൂളിങ് ഗ്ലാസ് വച്ച് തനിക്ക് ആരെയും പേടിയില്ലെന്ന ഭാവവുമായി കോടതിയുടെ പടികള്‍ ഇറങ്ങിവരുന്നത്. പിന്നിലായി ചില അഭിഭാഷകരെയും കാണാം.
അത് മറ്റാരുമല്ല നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയാണ്. പള്‍സര്‍ സുനിയുടെ ഈ റീലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചത്. പാര്‍ക്കര്‍ ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പള്‍സര്‍ സുനിയുടെ ഈ റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുന്‍പാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ റീല്‍ വന്നത്. അതേസമയം കമന്റ് ബോക്‌സ് ഓഫ് ചെയ്തു വച്ചിരിക്കുകയാണ്. 10000 ത്തോളം ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്.

ഈ റീലില്‍ ഒന്നും പള്‍സര്‍ സുനിയുടെ മുഖത്ത് യാതൊരു കുറ്റബോധവും ഇല്ല. ഇന്ന് കൂട്ട ബലാല്‍സംഗത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പള്‍സര്‍ സുനിക്ക് ലഭിച്ചത്. 'വീട്ടില്‍ അമ്മ മാത്രമേയുള്ളൂ, അമ്മയെ സംരക്ഷിക്കുന്നത് താനാണ്. ശിക്ഷയില്‍ ഇളവ് വേണം എന്നു മാത്രമാണ് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞത്. കേസിലെ മറ്റു ചില പ്രതികള്‍ പൊട്ടിക്കരഞ്ഞപ്പോള്‍ യാതൊരു ഭാവഭേദവും ഇല്ലാതെയാണ് പള്‍സര്‍ സുനി നിലകൊണ്ടത്.
ഈ ഇന്‍സ്റ്റഗ്രാം പേജില്‍ പള്‍സര്‍ സുനിയുടെ വേറെയും റീലുകള്‍ ഉണ്ട്. കോട്ടും സ്യൂട്ടും ധരിച്ച് ചുണ്ടില്‍ എരിയുന്ന സിഗരറ്റും കൂളിങ് ഗ്ലാസുമായി സമൂഹത്തെ വെല്ലുവിളിക്കുന്ന ഭാവത്തിലുള്ള ചിത്രങ്ങളും വീഡിയോകളും ഈ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരു ചിത്രത്തില്‍ ഥാറിനു മുന്നില്‍ സിഗരറ്റ് കത്തിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വയം അധോലോക നായകനായി ചമയുന്ന രീതിയിലാണ് ഈ റീലുകളില്‍ എല്ലാം പള്‍സര്‍ സുനി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിനിമകളിലെ മാസ് ഡയലോഗുകളും അകമ്പടിയായി ഉപയോഗിച്ചിട്ടുണ്ട്. എല്ലാ റീലിലും സിഗരറ്റ് കത്തിക്കുന്നതും പുകയൂതി വിടുന്നതും ഒക്കെ കാണിക്കുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ 20 വര്‍ഷം കഠിനതടവ് എന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ശിക്ഷ വിധിക്കുമ്പോഴും ലവലേശം കൂസല്‍ ഇല്ലാതെയാണ് പള്‍സര്‍ സുനി അത് കേട്ട് നിന്നത്. ഒരു സ്ത്രീയെ അതിക്രൂരമായി ആക്രമിച്ചിട്ടും പശ്ചാത്താപത്തിന്റെ യാതൊരു ലാഞ്ചനയും ഇല്ലാതെയാണ് പള്‍സര്‍ സുനി ഇക്കാലമത്രയും നിയമനടപടികളെ നേരിട്ടത്.
നിരവധി സിനിമക്കാരുമായി ബന്ധമുള്ള പള്‍സര്‍ സുനിയുടെ ആഡംബര ബൈക്കുകളോടുള്ള പ്രിയം നേരത്തെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പള്‍സര്‍ ബൈക്കുകളോടുള്ള പ്രിയം കൊണ്ടാണ് പള്‍സര്‍ സുനി എന്ന് പേര് വന്നത്. ക്വട്ടേഷന്‍, കുഴല്‍പ്പണം തുടങ്ങിയ പല കേസുകളിലും പ്രതിയായിരുന്നു.
സിനിമാ സെറ്റില്‍ അടുപ്പമുള്ളവര്‍ സുനിക്കുട്ടന്‍ എന്നും വിളിക്കാറുണ്ട്. നടന്‍ മുകേഷ് ഉള്‍പ്പെടെയുള്ളവരുടെ ഡ്രൈവറായി ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. പ്രശ്‌നക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ പലരും ഇയാളെ ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications