മാര്‍ട്ടിന്റെ വീഡിയോ ചിത്രീകരിച്ചതാര്? കമന്റുകളില്‍ സാമ്യത; ഗൂഢാലോചന സംശയിക്കുന്നത് ഈ കാരണങ്ങളാല്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി പുറത്തുവിട്ട വീഡിയോയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. ദീലിപും താനും നിരപരാധിയാണെന്ന് പറയുകയും അതിജീവിതയുടെ പേര് ഉള്‍പ്പെടെ വെളിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് നടി നേരിട്ടത്. ഇതേതുടര്‍ന്ന് അതിജീവിത നല്‍കിയ പരാതിയില്‍ വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് എതിരേയുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.
ദിലീപിനെ കുറ്റവിമുക്തനാക്കുകയും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളികളായ പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷയും ലഭിച്ചതില്‍ നടി കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. വിധിക്കെതിരേ അപ്പീല്‍ പോകാനുള്ള നീക്കത്തിലാണ് പ്രോസിക്യൂഷന്‍. സംസ്ഥാന സര്‍ക്കാരും അതിജീവിതയ്ക്ക് പരസ്യമായ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പുറത്തു വന്ന മാര്‍ട്ടിന്റെ വീഡിയോയും അതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അതിജീവിതയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണവും അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് മാര്‍ട്ടിന്റെ വീഡിയോ പ്രചരിച്ചത്. താന്‍ നിരപരാധിയാണെന്ന് വാദിക്കുന്ന ഈ വീഡിയോ മാര്‍ട്ടിന്‍ ജാമ്യത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിജീവിതയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ വീഡിയോയുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും വലിയൊരു ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വീഡിയോ ചിത്രീകരിച്ചത് ആരാണെന്നും എവിടെയാണെന്നുമുള്ള കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കിയാണോ മാര്‍ട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
ജയിലില്‍ പോകുന്നതിന് മുന്‍പ് തന്നെ ഇത്തരമൊരു വീഡിയോ മുന്‍കൂട്ടി തയ്യാറാക്കി വെച്ചത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ് കരുതുന്നു. ഇത് ചിത്രീകരിക്കാന്‍ മാര്‍ട്ടിനെ സഹായിച്ച സംഘത്തെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. അതിജീവിതയെ അപമാനിച്ചുകൊണ്ടുള്ള വീഡിയോ ചിത്രീകരിക്കാനും അതു വ്യാപകമായി പ്രചരിപ്പിക്കാനും മാര്‍ട്ടിന് ആരെങ്കിലും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ എന്ന് സൈബര്‍ സെല്‍ പരിശോധിക്കുന്നുണ്ട്.
മാര്‍ട്ടിന്‍ തന്റെ പേര് വെളിപ്പെടുത്തിയെന്നും വീഡിയോയിലൂടെ അധിക്ഷേപിച്ചെന്നും കാട്ടി അതിജീവിത പരാതി നല്‍കിയിരുന്നു. ഇതിനൊപ്പം വീഡിയോ പ്രചരിപ്പിച്ച 24 ലിങ്കുകളും കൈമാറിയിട്ടുണ്ട്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ അതിജീവിതയ്ക്കെതിരെ വരുന്ന കമന്റുകളിലും കുറിപ്പുകളിലും വലിയ സാമ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇതിന്റെ ഉറവിടം അന്വേഷിക്കും. ഒരു പ്രത്യേക കേന്ദ്രത്തില്‍ നിന്ന് പ്ലാന്‍ ചെയ്താണോ കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷിക്കും.
നിലവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മാര്‍ട്ടിനെതിരെ തൃശ്ശൂര്‍ സൈബര്‍ പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. അതിജീവിതയെ അപമാനിക്കുകയും പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തതിനുമാണ് കേസ്.












Click it and Unblock the Notifications