'ഞാൻ നന്ദികേട് കാണിക്കില്ല..ദിലീപ് എന്നെ സിനിമയിൽ കൊണ്ടുവന്നയാളാണ്'; ധർമ്മജൻ ബോൾഗാട്ടി
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപ് ജാമ്യത്തിലിറങ്ങി വരുമ്പോൾ ജയിലിന് പുറത്ത് നിന്ന പൊട്ടികരഞ്ഞ നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ ദൃശ്യങ്ങൾ ആരും മറന്നു കാണില്ല. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശേരിയിൽ സ്ഥാനാർത്ഥിയായപ്പോൾ ധർമ്മജന്റെ ഈ ദൃശ്യങ്ങൾ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും കേസ് സജീവമായിരിക്കെ വിഷയത്തിൽ പ്രതികരിക്കുകയാണ് നടൻ. മലയാളം ന്യൂസ് 18 നോടാണ് ധർമ്മജന്റെ പ്രതികരണം.

ഇപ്പോൾ വരുന്ന വാർത്തകൾ താൻ വിശ്വസിക്കില്ലെന്നും ദിലീപിനെതിരായ ആരോപണങ്ങൾ പോലീസ് തെളിയിക്കട്ടേയെന്നും ധർമ്മജൻ പറഞ്ഞു. കേസിനെ കുറിച്ച് തനിക്ക് ഇപ്പോൾ ഒന്നും പറയാനില്ല. കോടതിയാണ് അക്കാര്യത്തിൽ തിരുമാനം എടുക്കേണ്ടത്. ഇപ്പോൾ ഓൺലൈനിൽ വരുന്ന വാർത്തകളെ വിശ്വസിക്കാനാകില്ല. അത്തരം വാർത്തകൾ വായിക്കാൻ ഞാൻ തയ്യാറല്ല. ഇവിടെ കോടതിയും പോലീസും നിയമസംവിധാനങ്ങളും ഉണ്ട്. അവർ കേസന്വേഷിക്കട്ടെ, ധർമ്മജൻ പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എനിക്ക് സ്നേഹം ഇല്ലായ്മയൊന്നും ഇല്ല.എന്നെ സിനിമയിൽ കൊണ്ടുവന്നത് ദിലീപാണ്. എനിക്ക് അദ്ദേഹത്തോട് നന്ദികേട് കാണിക്കാൻ സാധിക്കില്ല. ഞാൻ എന്നും നന്ദിയുള്ളവൻ ആയിരിക്കും,അത്രയേ ഉള്ളൂ. പക്ഷേ കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണമെന്ന ആത്യന്തികമായ സംഭവവും ഉണ്ട്, ധർമ്മജൻ പറഞ്ഞു.

ദിലീപിന് ജാമ്യം ലഭിച്ചതറിഞ്ഞ് ആലുവ ജയില്‍ പരിസരത്തെത്തിയ ജനക്കൂട്ടത്തിനിടയിൽ വെച്ചായിരുന്നു ധർമ്മജൻ പൊട്ടിക്കരഞ്ഞത്.
ദിലീപ് ജാമ്യത്തിലിറങ്ങിയപ്പോൾ അദ്ദേഹത്തെ കണ്ട് സങ്കടം സഹിക്കാതെയാണ് താനന്ന് കരഞ്ഞ് പോയതെന്നായിരുന്നു ധർമ്മജൻ മുൻപ് പ്രതികരിച്ചത്. നാദിർഷ വിളിച്ച് ദിലീപിന് ജാമ്യം കിട്ടിയെന്ന് അറിയിച്ചു. അപ്പോൾ തന്നെ വണ്ടിയെടുത്ത് ജയിലിലേക്ക് പോകുകയായിരുന്നുവെന്നും താൻ അന്ന് മദ്യപിച്ചിരുന്നുവെന്നും ധർമ്മജൻ പറഞ്ഞിരുന്നു..

തനിക്ക് സ്വന്തം ചേട്ടനെ പോലെയാണ് ദിലീപേട്ടൻ . ആരെന്തു പറഞ്ഞാലും ദിലീപേട്ടൻ കുറ്റം ചെയ്യില്ല എന്നാണ് വിശ്വാസം എന്നും ധർമ്മജൻ പറഞ്ഞിരുന്നു. നേരത്തേ കേസിൽ ധർമ്മജൻ ബോൾഗാട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ടിവിയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞു നിന്ന നാളുകളിൽ ധർമ്മജൻ സിനിമയിലെത്തിയത് ദിലീപ് ചിത്രം 'പാപ്പി അപ്പച്ചാ'യിലൂടെയാണ്. 2010ലായിരുന്നു ഇത്.

അതേസമയം കേസിൽ ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. വധഭീഷണി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ദിലീപും മറ്റ് പ്രതികളും ഫോണുകൾ ഒളിപ്പിച്ചതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപും കൂട്ടരും സമർപ്പിച്ചത് പുതിയ ഫോണുകൾ ആണെന്ന് കണ്ടെത്തിയതോടെ പഴയ ഫോണുകൾ സമർപ്പിക്കാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും പഴയ ഫോൺ സമർപ്പിക്കാൻ സാധിക്കില്ലെന്നാണ് ദിലീപ് ഇന്ന് അറിയിച്ചത്.

ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഫോണിൽ ഇല്ലെന്നാണ് ദിലീപ് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. തന്റെ ഒരു ഫോൺ ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ് മറ്റൊരു ഫോൺ ബാലചന്ദ്രകുമാറിനെതിരായ തെളിവ് ഉള്ള ഫോണാണ്. ഇത് ഫോറൻസിക് പരിശോധനയ്ക്കായി നൽകിയെന്നും ഒരാഴ്ചയ്ക്കകം ഫലം ലഭിക്കുമെന്നുമാണ് ദിലീപിന്റെ വാദം. റിപ്പോർട്ട് ലഭിച്ചാൽ താനിത് കോടതിയിൽ സമർപ്പിക്കുമെന്നും ദിലീപ് അറിയിച്ചു.

ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട ഫോണുകൾ താൻ അന്വേഷണ സംഘത്തിന് സമർപ്പിച്ചെന്നും ദിലീപ് പറഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകളാണ് പിടിച്ചെടുക്കേണ്ടതുണ്ടെന്നും ദിലീപ് പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾ കണ്ടെത്താനുള്ള അന്വേഷണം സജീവമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ദൃശ്യങ്ങൾ വിദേശത്ത് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാറിന് ലഭിച്ച ഫോൺ കോളുകളുടെ പശ്ചാത്തലത്തിൽ സ്വിറ്റ്സർലാന്റ്, യുകെ എന്നീ രാജ്യങ്ങളിൽ ദിലീപുമായി ബന്ധപ്പെട്ടവരിൽ ദൃശ്യങ്ങൾ ഉണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കാനൊരുങ്ങുന്നത്.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications