'ദീലീപിന് പറ്റിയ ആ അബദ്ധം എന്ത്?'; നടൻ സിദ്ധിഖിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ധിഖിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. പൾസർ സുനി ദിലീപിന് നൽകാനെന്ന പേരിൽ അയച്ച കത്തിനെ കുറിച്ചായിരുന്നു നടനോട് ക്രൈംബ്രാഞ്ച് സംഘം ചോദിച്ചത്. മാത്രമല്ല നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് സിദ്ധിഖ് നൽകിയ ഒരു അഭിമുഖത്തിലെ ചില പരാമർശങ്ങളെ കുറിച്ചും നടനോട് ക്രൈംബ്രാഞ്ച് വിശദമായി ചോദിച്ചെന്നാണ് റിപ്പോർട്ട്. വായിക്കാം

തുടരന്വേഷണത്തിന്റെ ഭാഗമായി സിനിമാ മേഖലയിൽ നിന്നുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് നേരത്തേ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അടുത്ത സുഹൃത്താണ് നടൻ സിദ്ധിഖ്. പൾസർ സുനി ദിലീപിന് അയച്ചെന്ന് പറയുന്ന കത്തിൽ സിദ്ധിഖിനെ കുറിച്ച് പരാമർശങ്ങൾ ഉണ്ടായിരുന്നു.

സുനി ദിലീപിന് അയച്ച കത്ത് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി ജിംസിന്‍റെ വീട്ടിൽ നിന്നാണ് കത്ത് കണ്ടെത്തിയത്. കത്തിന്‍റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്‍റ സാമ്പിളും പോലീസ് ശേഖരിച്ചിരുന്നതാണ്.

'അന്ന് അബാദ് പ്ലാസയിൽ വച്ച് ഇക്കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ദിഖും മറ്റ് ആരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാൻ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം കിട്ടാൻ വേണ്ടിയാണോ ചേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ സിദ്ദിഖ് ഓടി നടന്നത്? അമ്മയിലെ പലർക്കും അറിയാത്ത കാര്യങ്ങൾ ചേട്ടൻ വളരെ വിദഗ്ധമായി അവരുടെ കണ്ണിൽ പൊടിയിട്ടത് കൊണ്ടല്ലേ?' എന്നായിരുന്നു സിദ്ധിഖിനെ കുറിച്ചുള്ള കത്തിലെ പരാമർശങ്ങൾ.

ഈ പശ്ചാത്തലത്തിലാണ് നടനെ ചോദ്യം ചെയ്തത്.
ദിലീപിന്റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് സിദ്ധിഖിനെ മൊഴിമാറ്റാൻ പ്രേരിപ്പിക്കുന്ന വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയിരുന്നു. ഇത് സംബന്ധിച്ചും നടനോട് ആരാഞ്ഞിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ നേരത്തേ സിദ്ധിഖ് കോടതിയിൽ മൊഴി മാറ്റിയിരുന്നു.നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ് ഉള്‍പ്പെടെയുള്ളവർ നേരത്തേ മൊഴി നൽകിയത്. എന്നാൽ പിന്നീട് സിദ്ധിഖ് ഉൾപ്പെടെയുള്ള താരങ്ങൾ കോടതിയിൽ മൊഴി മാറ്റി പറയുകയായിരുന്നു.

അതിനിടെ ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട ദിവസം താൻ ഹൈദരലിയുടെ അൻവർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നുവെന്നായിരുന്നു ദിലീപ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്. എന്നാൽ ദിലീപ് ചികിത്സ തേടിയിരുന്നില്ലെന്നായിരുന്നു ഹൈദരലി ആദ്യം പോലീസിന് നൽകിയ മൊഴി.

വിചാരണ വേളയിൽ ഹൈദരലി മൊഴി മാറ്റിയിരുന്നു. ഹൈദരലിയെ മൊഴി മാറ്റാൻ ആവശ്യപ്പെട്ട് കൊണ്ട് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഹൈദരലിയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ ഓഡിയോ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഈ ഓഡിയോ നിഷേധിച്ച് കൊണ്ട് ഹൈദരലി പിന്നീട് രംഗത്തെത്തി.

നടിയെ ആക്രമിച്ച കേസില്‍ താന്‍ മൊഴി മാറ്റിയിട്ടില്ലെന്നും നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നുവെന്നുമാണ് ഹൈദരലി വിശദീകരിച്ചത്. പോലീസിന് താന്‍ അക്കാര്യം തന്നെയാണ് മൊഴി നല്‍കിയത്. വിസ്താര സമയത്ത് കോടതിയിലും ഇതേ മൊഴി തന്നെയാണ് നല്‍കിയത് എന്നും ഡോ. ഹൈദരലി പറഞ്ഞിരുന്നു.












Click it and Unblock the Notifications