നടിയെ ആക്രമിച്ച കേസ്: 'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ'; 'എല്ലാവരും മുന്നിട്ടിറങ്ങണം': ഇന്നസെൻറ്
നടിയെ ആക്രമിച്ച കേസ്: 'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ'; 'എല്ലാവരും മുന്നിട്ടിറങ്ങണം': ഇന്നസെൻറ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികരണവുമായി താര സംഘടനയായ അമ്മയുടെ മുൻ പ്രസിഡൻറ് നടൻ ഇന്നസെൻറ്. കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് ഇന്നസെന്റിന്റെ പ്രതികരണം. എല്ലാവരും നടിക്ക് നീതി ലഭിക്കാൻ മുന്നിട്ടിറങ്ങണം. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല.
ഇന്നസെന്റ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ ;-
'നിങ്ങൾ ഒരു കാര്യം മനസ്സിലാക്കേണ്ടത്, ദിലീപ് തെറ്റ് ചെയ്തോ ഇല്ലയോ എന്ന് അന്വേഷിക്കുവാൻ ഇവിടെ പോലീസ് ഉണ്ട്. ഉദ്യോഗസ്ഥർ ഉണ്ട്. വക്കീലുണ്ട്. ജഡ്ജി ഉണ്ട്. ഇവരാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. അവർ തീരുമാനം എടുക്കട്ടെ.

പലർക്കും പല തരത്തിൽ ഇത്തരത്തിലുളള കേസുകളുണ്ട്. ഇതിന്റെ കാര്യങ്ങൾ ചെയ്യാൻ ഇവിടെ കോടതി ഉണ്ട്. ഇതിൽ ഈ എട്ടാം ക്ലാസുകാരൻ എന്തു പറയാനാണ് ? ഇന്നസെന്റ് ചോദിച്ചു.കോടതിയാണ് ഈ വിഷയം പരിഗണിക്കേണ്ടത്. ഞാനല്ല. സിനിമാ മേഖലയിലെ സഹ പ്രവർത്തകൻ ആണെങ്കിലും അറിയാൻ പാടില്ലാത്ത വിഷയത്തെക്കുറിച്ച് എങ്ങനെ സംസാരിക്കാൻ സാധിക്കുമെന്നും ഇന്നസെന്റ് ചോദിച്ചു.എന്നാൽ, നടിയെ ആക്രമിച്ച കേസ് നിലവിൽ നിർണായക ഘട്ടത്തിലും കൂടുതൽ വിവാദങ്ങളിലേക്കും അടുക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന ദിലീപിനെ തള്ളിപ്പറയുന്ന ആളുകളുടെ എണ്ണവും വർധിക്കുന്നു.

അതേസമയം, കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം നടൻ ദിലീപിൻറെ വീട്ടിൽ ഇക്കഴിഞ്ഞ മൂന്നു ദിവസം മുൻപ് റെയ്ഡ് നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് റെയ്ഡ് നടത്തിയത്. മൂന്നു ദിവസങ്ങൾക്ക് മുൻപ് ആലുവയിലെ പത്മസരോവരം വീട്ടിലാണ് തെളിവ് തേടി ക്രൈംബ്രാഞ്ച് സംഘം എത്തിയത്. വീട്ടിൽ പകൽ 11 30 ന് ആരംഭിച്ച റെയ്ഡ് വൈകിട്ട് 6 30 വരെ നീണ്ടു നിന്നു.തെളിവ് ശേഖരണത്തിന്റെ ഭാഗമായി മൊബൈൽ ഫോണുകളും പെൻഡ്രൈവ്, ടാബ് എന്നിവയും വീട്ടിൽ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തു. തുടർന്ന് ദിലീപിൻറെ സഹോദരൻ അനൂപിനെ വീട്ടിലും എറണാകുളം ചിറ്റൂർ റോഡിൽ ഉള്ള ദിലീപിൻറെ സിനിമ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻ ഓഫീസിലും ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു.

അതേ സമയം, നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. പ്രതികൾ സമര്‍പ്പിച്ച മുൻകൂർ ജാമ്യം ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. എന്നാൽ, കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ വേണ്ടി മാറ്റുകയായിരുന്നു. ജസ്റ്റിസ് പി ഗോപിനാഥാണ് ഇന്നലെ ഹർജി പരിഗണിച്ചത്. ഈ ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കേസിലെ നിർണായക തെളിവായ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നടൻ ദിലീപ് അടക്കം 5 പ്രതികളാണ് മുൻകൂർ ജാമ്യം ഹർജി നൽകിയിരിക്കുന്നത്. കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ദിലീപും സഹോദരനും അടക്കമുള്ളവർ ഈ കേസിൽ ഗൂഢാലോചന നടത്തി എന്നതാണ് ആരോപണം. ഇതിനെതിരെയാണ് കോടതിയിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുള്ള ഹർജി. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താൻ പരാതി നൽകിയതിന് പ്രതികാരമായിട്ടാണ് ഇത്തരമൊരു കേസെന്ന് ദിലീപ് വ്യക്തമാക്കുന്നു.

ദിലീപിന് പുറമെ സഹോദരൻ അനൂപ്. സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെ , സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ദിലീപിന്‍റെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടത്തിയിരുന്നു.
Recommended Video

റെയ്‌ഡിൽ ദിലീപിന്‍റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെയും പെൻ ഡ്രൈവുകളുടെയും ശാസ്ത്രീയ പരിശോധന ഉടന്‍ നടത്തും. കേസുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ കൂടി ലഭിക്കുമോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് കാണിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.












Click it and Unblock the Notifications