വഴിപാടുകളുമായി ദിലീപ്; രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടം സമര്‍പ്പിച്ചു
കണ്ണൂര്‍: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. ശനിയാഴ്ച രാവിലെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നുംകുടം വെച്ച് തൊഴുതു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തി പൊന്നിന്‍കുടം സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ പ്രമുഖരായ വ്യക്തികള്‍ സ്ഥിരമായി എത്തുന്ന ക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം.
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷമാണ് ദിലീപ് ക്ഷേത്രത്തില്‍ എത്തിയിരിക്കുന്നത്. ഇന്നലെ ആലുവ ശിവക്ഷേത്രത്തിലും ദിലീപ് എത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് കോടതി കുറ്റവിമുക്തനാക്കിയത്. ഇന്നലെയാണ് ഈ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം എല്ലാവര്‍ക്കും 20 വര്‍ഷം തടവും 50000 രൂപ പിഴയും ആണ് കോടതി വിധിച്ചത്.

ദിലീപിന്റെ പേരില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന് വിചാരണക്കോടതി ഉത്തരവില്‍ പറയുന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ഇതിന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ച തെളിവുകള്‍ കോടതി തള്ളി. ജയിലില്‍ നിന്ന് ഫോണ്‍ ചെയ്തതിലും ദിലീപ് പണം നല്‍കിയതിനും തെളിവുകളില്ല എന്നും വിധിയില്‍ പറയുന്നു.
'ആദ്യം പള്‍സര്‍ സുനി ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പറഞ്ഞിരുന്നു. പിന്നീട് ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് മാറ്റി പറഞ്ഞു. ആദ്യം പറഞ്ഞ സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷിച്ചിട്ടില്ല,' വിധിയില്‍ കോടതി പറഞ്ഞു. കേസില്‍ അതിജീവിതയുടെ ആദ്യ മൊഴിയില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ പരാമര്‍ശം ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
'പൊലീസാണ് അതിക്രമത്തില്‍ ദിലീപിനുള്ള പങ്കാളിത്തം കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ലൈംഗിക അതിക്രമ കേസുകളില്‍ സാധാരണഗതിയില്‍ അതിജീവിതയുടെ മൊഴിക്കു ലഭിക്കുന്ന മുന്‍തൂക്കം ദിലീപിന് എതിരായ ഗുഢാലോചനാക്കുറ്റത്തില്‍ നല്‍കാനാവില്ല,' വിധിപ്പകര്‍പ്പില്‍ പറയുന്നു. ദിലീപില്‍ നിന്നു പണം കൈപ്പറ്റിയതിനു തെളിവില്ല എന്നും ജയിലില്‍ ഫോണ്‍ എത്തിച്ചതിലും അതിലൂടെ പണത്തിനായി നാദിര്‍ഷയെ ബന്ധപ്പെട്ടു എന്നതിലും വ്യക്തതയില്ല എന്നും കോടതി പറഞ്ഞു.
പണം ആവശ്യപ്പെട്ടുകൊണ്ട് പള്‍സര്‍ സുനി എഴുതിയെന്നു പറയുന്ന കത്തിലുള്ളത് സുനിയുടെ കൈയക്ഷരമല്ല എന്ന് കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന വാദത്തിനു തെളിവു പോര എന്നാണ് കോടതി നിരീക്ഷണം. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷൂട്ടിംഗിനായി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് അപകീര്‍ത്തികരമായ ദൃശ്യം പകര്‍ത്തി എന്നാണ് കേസ്.












Click it and Unblock the Notifications