അന്ന് ദിലീപിന് കൂവലായിരുന്നു, എന്നാല്‍ ഇന്ന് അതല്ല സ്ഥിതി; അതിന് കാരണമുണ്ടെന്ന് രാഹുല്‍ ഈശ്വർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിന് വേണ്ടി പിആർ വർക്ക് നടക്കുന്നുണ്ടോയെന്നാണ് സംശയമെന്ന് രാഹുല്‍ ഈശ്വർ. നേരത്തെ ആദ്യമായി ദിലീപ് കോടതിയില്‍ എത്തിയപ്പോള്‍ വലിയ കൂവലൊക്കെയായായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. സാമൂഹ്യ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളുമൊക്കെ ഈ വിഷയം ചർച്ച ചെയ്യുമ്പോള്‍ ദിലീപിന് അത്രയേറെ പിന്തുണയുണ്ടാകുന്നു.
അതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി പിആർ വർക്ക് നടക്കുന്നുണ്ടോയെന്ന സംശയമെന്നും രാഹുല്‍ ഈശ്വർ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ദിലീപിനെ അനുകൂലിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഇത് പിആർ വർക്കൊന്നും അല്ല. ഒരു ദിവസവും കേള്‍ക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്. ദിലീപിന്റെ കുടുംബത്തെ മൊത്തം കൊള്ള സംഘമായി ചിത്രീകരിക്കുകയാണ്. എല്ലാവരേയും മോശക്കാരായി ചിത്രീകരിക്കുകയാണ്. ആദ്യം ഇതില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ ഒന്നും ഇല്ലായിരുന്നു. ഇപ്പോള്‍ അവരൊക്കെ വരുന്നു. സ്ത്രീകള്‍ വളരെ വലിയ ക്രൂരത ചെയ്യുമെന്നാണ് ബാലചന്ദ്ര കുമാർ പറയുന്നത്. മുമ്പ് 17 വയസ്സുള്ള മകളെ വരെ പ്രോസിക്യൂഷന്‍ ഇതിലേക്ക് വലിച്ചിട്ടെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

ജനങ്ങളുടെ പൊതുബോധത്തില്‍ ഒരോ ദിവസവും ദിലീപ് ജയിക്കുകയാണ്. അദ്ദേഹം വേട്ടയാടപ്പെടുകയാണെന്ന തിരിച്ചറിവ് ഈ നാട്ടിലെ സാധാരക്കാർക്ക് വരികയാണ്. ഒരു വശത്ത് സർക്കാറും പോലീസും, മറുവശത്ത് പ്രോസിക്യൂഷനും നാലാമത്തെ വശത്ത് മാധ്യമങ്ങളും. എല്ലാവരും കൂടെ വട്ടം ചേർന്ന് നിന്ന് ഒരാളെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തെ കരിവാരിത്തേക്കുകയാണ്.

കുറ്റവാളിയാണെങ്കില്‍ ദിലീപിനെ ശിക്ഷിക്കണം. എന്നാല്‍ ഇവിടെ കോടതിയെ വരെ കരിവാരി തേക്കുകയാണ്. വേറെ ആർക്കും കിട്ടാത്ത പരിഗണന ദിലീപിന് കിട്ടുന്നുവെന്ന് പറഞ്ഞുകൊണ്ട് ജഡ്ജിയെ സമ്മർദത്തിലാക്കുകയാണ്. നാളെ എതിരായിട്ടുള്ള വിധി വരികയാണെങ്കില്‍ നമ്മുടെ നിയമസംവിധാനത്തെ കാശ് കൊണ്ടുപോയി എന്ന് പറയമല്ലോയെന്നും രാഹുല്‍ ഈശ്വർ ചർച്ചയില്‍ പറയുന്നു.

ദിലീപിനെതിരെ മാഫിയ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ധാരാളം ആള്‍ക്കാർ കേരളത്തിലുണ്ട്. എന്തൊക്കെ ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബാലചന്ദ്ര കുമാറിനെപ്പോലെ മാഫിയ സ്വഭാവത്തോടെ ഒരോ ദിവസം ഓരോ പുതിയ ആരോപണങ്ങള്‍ കൊണ്ടുവരികയാണ്. ഇതിലൂടെ അദ്ദേഹം മുമ്പ് പറഞ്ഞ ആരോപണത്തിന്റെ ക്രെഡിബിലിറ്റി കൂടി കളയുകയാണ്. അദ്ദേഹം നാളെ മറ്റെന്തെങ്കിലും ആരോപണം കൊണ്ടുവരും.

2021 ലെ ഫോണ്‍വെച്ച് 2017 ലെ എന്ത് ഡാറ്റയാണ് റിക്കവർ ചെയ്യാന്‍ പോവുന്നത്. ഈ ചോദ്യം ഇന്ന് ദിലീപിന്റെ വക്കീല്‍ കോടതിയില്‍ ചോദിക്കുന്നു. ഉച്ചവരെയെങ്കിലും സമയം തരാമോയെന്ന് ചോദിച്ചപ്പോള്‍ പറ്റില്ലെന്ന നിലപാട് സ്വീകരിച്ച സത്യസന്ധനായ ജഡ്ജിനെയാണ് ഇവിടെ സമ്മർദത്തിലാക്കാന്‍ ശ്രമിക്കുന്നത്. ദിലീപിന് ബാലചന്ദ്ര കുമാറിന്റേത് പോലെ വൃത്തികെട്ട സ്വഭാവം ഇല്ലാത്തത് കൊണ്ട് അദ്ദേഹം അത് റെക്കോർഡ് ചെയ്ത് സൂക്ഷിച്ച് കാണില്ല. അത് എങ്ങനെയെങ്കിലും കോടതിയില്‍ തെളിവായി കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചതിന് എന്താണ് തെറ്റായി പറയാന്‍ കഴിയുകയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

മാധ്യമ ക്യാംപയിനിലൂടെ ജഡ്ജിമാരെ സമ്മർദത്തിലാക്കാന്‍ ശ്രമിക്കരുത്. മുമ്പ് ഒരു ജഡ്ജിയെ സമ്മർദത്തിലാക്കാന്‍ നോക്കിയെങ്കിലും അത് നടന്നില്ല. ഇപ്പോള്‍ ഹൈക്കോടതിയെ സമ്മർദത്തിലാക്കാന്‍ നോക്കുകയാണ്. ഉയരത്തിലുള്ളവന്‍ താഴെ വീണാലെ നീതി കിട്ടുവെന്ന തെറ്റിദ്ധാര സമൂഹത്തിലേക്ക് പരത്തി ദിലീപിനെ കുടുക്കാന്‍ ചിലർ ശ്രമിക്കുകയാണ്. ഇത് നിയമസംവിധാനത്തിന് തന്നെ ദോഷമാണെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications