മദ്യനയം; കോണ്‍ഗ്രസില്‍ കലാപം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറ്റു കോണ്‍ഗ്രസ് മന്ത്രിമാരുടെ പിന്തുണയോടുകൂടി മദ്യനയത്തില്‍ തിരുത്തല്‍ വരുത്തിയത് കോണ്‍ഗ്രസിനുള്ളില്‍ തുറന്ന പോരിന് വഴി തുറന്നു. മദ്യനയത്തിലെ തിരുത്തലുകള്‍ മുഖ്യമന്ത്രി വിശദീകരിച്ച് രണ്ടുദിവസം കഴിയുമ്പോള്‍ കെപിസിസി പ്രസിഡന്റ് സുധീരനെ അനുകൂലിച്ചും പ്രതികൂലിച്ചു നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ക്കുകയാണ്.
മദ്യനയത്തിലെ തിരുത്തലുകള്‍ പ്രായോഗികമാണെന്ന് മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന നേതാക്കള്‍ പറയുമ്പോള്‍ മദ്യലോബിക്കുവേണ്ടിയാണ് മദ്യനയത്തില്‍ വെള്ളം ചേര്‍ത്തതെന്ന് സുധീരനെ അനുകൂലിക്കുന്നവര്‍ പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനെയും കെപിസിസി പ്രസിഡന്റ് പരസ്യമായി വിമര്‍ശിച്ചതാണ് പുതിയ പോരിന് വഴിവെച്ചതെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.

മദ്യനയം ജനങ്ങള്‍ ഏറ്റെടുത്തതാണെന്നും അതുകൊണ്ടുതന്നെ അതില്‍ തിരുത്തലുകള്‍ വരുത്തുന്നത് ജനം മറുപടി നല്‍കുമെന്നുമായിരുന്നു സുധീരന്റെ വിമര്‍ശനം. എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിലൂടെ സുധീരന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിരിക്കുകയാണ്. ഇത് സര്‍ക്കാരിനെയും യുഡിഎഫിനെയും ക്ഷീണിപ്പിച്ചെന്നും കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ ആരോപിച്ചു.
എന്നാല്‍ എംഎം ഹസ്സനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഞ്ചിച്ചതെന്നു കാട്ടി ടി എന്‍ പ്രതാപന്‍ എംഎല്‍എ രംഗത്തെത്തി. സുധീരന്‍ നയിച്ച ജനപക്ഷയാത്രയുടെ സമയത്ത് മദ്യനയത്തെ അനുകൂലിച്ച ഹസ്സന്‍ കാലുമാറിയിരിക്കുകയാണെന്നും അണികളോട് മാപ്പുപറയണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു. മദ്യനയത്തിനെതിരെ മുഖ്യമന്ത്രിക്ക് പ്രതാപന്‍ കത്തയക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications