മഞ്ജു വാര്യറുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം
കൊച്ചി: നടി മഞ്ജു വാര്യറുടെ പരാതി കസ്റ്റഡിയിലെടുത്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ആലുവ കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നാടകീയ സംഭവങ്ങളാണ് സനല്‍ കുമാര്‍ ശശിധരന്റെ കസ്റ്റഡിക്ക് മുമ്പും ശേഷവും സംഭവിച്ചത്. തന്നെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ നോക്കുകയാണെന്നും, കസ്റ്റഡിയിലെടുക്കാന്‍ വന്നത് പോലീസല്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം സനല്‍കുമാറിനെതിരെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു വ്യക്തമാക്കി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചെന്നും, സനല്‍കുമാര്‍ ശശിധരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

അതേസമയം പോലീസിനെതിരെയല്ല, മറ്റ് വിഷയങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ടെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. പ്രണയമാണെന്ന് പറഞ്ഞ് സനല്‍കുമാര്‍ 2019 മുതല്‍ ശല്യം ചെയ്യുന്നുവെന്നാണ് മഞ്ജുവിന്റെ പരാതി. സോഷ്യല്‍ മീഡിയ വഴിയും, ഫോണ്‍ വഴിയും, ബന്ധുക്കളും സുഹൃത്തുക്കളും വഴിയും, സനല്‍കുമാര്‍ ശശിധരന്‍ പ്രണയാഭ്യര്‍ത്ഥന ടത്തി. ഇത് നിരസിച്ചതിനാലാണ് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു പരാതിയില്‍ പറയുന്നു. അതേസമയം സനല്‍ കുമാര്‍ ശശിധരന്‍ ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. മഞ്ജു വാര്യര്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന സനല്‍കുമാര്‍ ശശിധരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നേരത്തെ വലിയ വിവാദമായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പാറശാലയില്‍ ബന്ധു വീട്ടില്‍ നില്‍ക്കുമ്പോഴാണ് സനല്‍കുമാറിനെ എളമക്കര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സിവില്‍ ഡ്രെസ്സിലായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിനിടെ എഫ്ബി ലൈവിലൂടെ കസ്റ്റഡി ദൃശ്യങ്ങള്‍ സനല്‍കുമാര്‍ ശശിധരന്‍ പുറത്ത് വിട്ടിരുന്നു. അജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സനല്‍കുമാര്‍ ശശിധരന്‍ വിളിച്ച് പറഞ്ഞത്. പാറശാല പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് സംഘമെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. പിന്നാലെ പാറശാല പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷമാണ് കൊച്ചി പോലീസ് സംഘം സനല്‍കുമാറിനെയും കൊണ്ട് എളമക്കരയിലേക്ക് തിരിച്ചത്.
കൊച്ചി കമ്മീഷണര്‍ സനല്‍കുമാര്‍ ശശിധരന്റെ കസ്റ്റഡിയും സ്ഥിരീകരിച്ചു. വേഷപ്രച്ഛന്നരായി മുന്നറിയിപ്പ് ഇല്ലാതെ വന്ന് കസ്റ്റഡിയിലെടുത്തതില്‍ സനല്‍കുമാര്‍ ശശിധരനും പ്രതിഷേധിച്ചു. അതേസമയം നാടകീയ സംഭവങ്ങളാണ് സ്റ്റേഷനില്‍ നടന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാല്‍ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാന്‍ പോലീസ് തയ്യാറായിരുന്നു. എന്നാല്‍ ജാമ്യത്തില്‍ പോകാന്‍ സനല്‍കുമാര്‍ ശശിധരന്‍ സമ്മതദിച്ചില്ല. കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ആവശ്യം. ഇതേ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കി ജാമ്യം വാങ്ങിയത്. പോലീസ് തന്നെ ഇയാളെ പറഞ്ഞ് വിടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധ്യമായിരുന്നില്ല.












Click it and Unblock the Notifications