'ചോല' വെളിച്ചം കാണരുതെന്ന് ജോജുവിന് നിര്‍ബന്ധമുണ്ട്, മറ്റാര്‍ക്കോ വിറ്റു; ആരോപണവുമായി സനല്‍കുമാര്‍
കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ വീണ്ടും ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. ചോല സിനിമയില്‍ തനിക്കുള്ള അവകാശം പണമായി അല്ല ആവശ്യപ്പെട്ടതെന്നും എന്റെ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനുള്ള അവകാശമാണ് ചോദിച്ചതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ജോജു അത് നിഷേധിക്കുന്നതെന്നും എന്നെ ഭീഷണിപെടുത്തുന്നത് എന്നും അറിയില്ല. എനിക്ക് ന്യായമായും സംശയിക്കാവുന്ന ഒരു കാരണമേയുള്ളു, ചോല ഞാനറിയാതെ മറ്റാര്‍ക്കോ വീറ്റിട്ടുണ്ടെന്നും ആ സിനിമ ഇനി വെളിച്ചം കാണരുതെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍ ഏറ്റവും പുതിയ ഫേസ്ബുക്കില്‍ പറഞ്ഞു. സനല്‍കുമാര്‍ ശശിധരന്റെ വാക്കുകളിലേക്ക്....

ഞാന്‍ നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതുമ്പോള്‍ പലരും എനിക്ക് പ്രാന്താണ് എന്നും ലജ്ജകരമാണ് ഈ എഴുത്തെന്നും ക്രിയേറ്റിവിറ്റിയില്‍ ശ്രദ്ധിക്കൂ എന്നുമൊക്കെ കമെന്റഴുതുന്നത് കാണുന്നു. എന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ പൊതുസമൂഹത്തില്‍ വിളിച്ചുപറയുന്നത് ആരുടെയെങ്കിലും സഹതാപം എനിക്ക് ലഭിക്കാനോ പ്രശസ്തി കിട്ടും എന്ന വ്യാമോഹം കൊണ്ടോ അല്ല.

2019 അവസാനം മുതല്‍ എന്റെ ജീവനെടുക്കാനും അതിന് സഹായിക്കുന്ന രീതിയില്‍ എന്റെ സിനിമകളെ പൊതുസമൂഹത്തില്‍ നിന്നും മായ്ച്ചു കളയാനും ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ഇത് മനസിലായപ്പോള്‍ ഞാന്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ എഴുതുക ആയിരുന്നില്ല ചെയ്തത്. കാഴ്ച-നിവ് ഓഫീസില്‍ ദുരൂഹമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് മനസിലായപ്പോള്‍ തെളിവുകള്‍ നശിപ്പിക്കപെടരുത് എന്നുള്ളതുകൊണ്ട് ഞാന്‍ ഓഫീസ് പൂട്ടി അവിടെ നിന്നും പുറത്തിറങ്ങുകയും ഡിജിപിക്ക് ഒരു പരാതി കൊടുക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

എന്നാല്‍ ആ പരാതിയില്‍ ഒരു ട്രാന്‍സ്ജെണ്ടറിന്റെ ദുരുഹമരണം സംബന്ധിച്ച വ്യക്തമായ ചില സുചനകളും സംശയങ്ങളും ഉണ്ടായിരുന്നിട്ടു പോലും അതില്‍ യാതൊരു അന്വേഷണവും നടന്നില്ല. എന്നിട്ടും ഞാനിതൊന്നും ഫെയ്‌സ്ബുക്കില്‍ എഴുതുകയല്ല ചെയ്തത്. പ്രധാനമന്ത്രിക്ക് അതേക്കുറിച്ച് ഒരു പരാതി കൊടുക്കുകയും എന്റെ സിനിമാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയുമാണ് ഉണ്ടായത്. എന്നാല്‍ 2021 ആഗസ്റ്റ് മാസത്തോടെ കയറ്റം എന്ന സിനിമ പുറത്തിറങ്ങാതിരിക്കാനും അതിന്റെ വാര്‍ത്തകള്‍ പോലും പുറത്തുവരാതിരിക്കാനും പ്രവര്‍ത്തിക്കുന്നത് അതിന്റെ നിര്‍മാതാക്കളോ അവരുമായി ബന്ധപ്പെട്ടവരോ ആണെന്ന് മനസിലായപ്പോഴാണ് ഞാന്‍ ചില അന്വേഷണങ്ങള്‍ നടത്തിയത്.

ഞാനറിയരുത് എന്ന കടുത്ത സൂക്ഷ്മതയോടെ എന്നെ കുറിച്ച് അപകീര്‍ത്തി പ്രചരിപ്പിക്കുകയും എന്റെ വിക്കിപീഡിയ പേജില്‍ 'ആധികാരികത സംശയിക്കുന്നു' എന്ന് ടാഗ് പ്രത്യക്ഷപ്പെടുകയും ചെയ്തു എന്ന് എനിക്ക് മനസിലായി. എന്റെ സോഷ്യല്‍ മീഡിയയും ഇമെയിലും ഫോണും ഒക്കെ നിരന്തരം ഹാക്ക് ചെയ്യപ്പെടുന്നതും എന്നെ അപരിചിതര്‍ പിന്തുടരുന്നതും വീട്ടില്‍ വരുന്നതും ശ്രദ്ധിച്ചപ്പോഴാണ് എന്റെ ജീവന്‍ അപകടത്തിലാണെന്ന് എനിക്ക് മനസിലാവുന്നത്. അപ്പോഴും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുകയല്ല ആദ്യം ചെയ്തത്.

നിയമപരമായ പരാതികള്‍ നല്‍കിയിട്ടും കാര്യമില്ലാതെ വന്നപ്പോഴാണ് ആദ്യമായി ഞാനിക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. നിയമവാഴ്ച നടക്കുന്നില്ല എന്നുള്ള സ്ഥലങ്ങളില്‍ നിലവിളി അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. അതുകൊണ്ടാണ് കാട്ടിലെ മൃഗങ്ങള്‍ അക്രമം നേരിടുമ്പോള്‍ നിലവിളിക്കുന്നത്. ഞാന്‍ കൊടുത്തിട്ടുള്ള പരാതികളില്‍ ഒന്നുപോലും പോലീസ് അന്വേഷിച്ചിട്ടില്ല എന്നതുകൊണ്ട് നിയമാവഴ്ചയില്‍ എനിക്ക് വിശ്വാസമില്ല.

അതുകൊണ്ട് എന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഒരു നിലവിളിയായി കണ്ടാല്‍ മതി. തവളയെ പാമ്പ് വിഴുങ്ങുന്നതും കണ്ടു നിന്ന് ചിരിക്കാനും അട്ടഹസിക്കാനും മനസുള്ള മനുഷ്യര്‍ എന്റെ എഴുത്തുകളെ നോക്കി അട്ടഹസിക്കുന്നതില്‍ അതിശയമില്ല. അവര്‍ക്കും നിലവിളിക്കാനുള്ള അവസരം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കാനെ കഴിയുകയുള്ളു.

എന്നെ ലക്ഷ്യം വെയ്ക്കുന്നതേക്കാള്‍ എന്റെ സിനിമകളെ ലക്ഷ്യം വെയ്ക്കുന്നത് എന്തിന് എന്ന അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് കയറ്റം എന്ന സിനിമ ചെയ്യാന്‍ ആരംഭിച്ചത് മുതലാണ് ഇതിന്റെയൊക്കെ തുടക്കം എന്ന അറിവിലേക്കാണ്. കാഴ്ച-നിവ് ഓഫീസില്‍ അപരിചിതര്‍ വന്നുപോകുന്നതും മറ്റ് ദുരൂഹ പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നത് ആ സമയത്താണ്. അത് ശ്രദ്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓഫീസ് സ്‌പെയ്‌സ് മറ്റെന്തൊക്കെയോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് മനസിലാവുന്നതും ഞാന്‍ പരാതികൊടുക്കുന്നതും.

എനിക്കെതിരെയുള്ള അപകീര്‍ത്തികള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് അന്ന് ആ ഓഫീസിലും അതിന്റെ നടത്തിപ്പിലും മുന്നില്‍ നിന്ന ആളുകളാണ് എന്നെനിക്കറിയാം. ഇന്നലെ ജോജു ജോര്‍ജ്ജ് എന്നെ വിളിച്ചു സംസാരിക്കുമ്പോള്‍ പറഞ്ഞത് ഞാന്‍ ഷാജി മാത്യുവിനെ ചതിച്ചു എന്നും അയാള്‍ക്കെതിരെ കേസ് കൊടുതെന്നും അയാള്‍ പറഞ്ഞു എന്നാണ്. എന്നാല്‍ ഷാജി മാത്യു അങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞിട്ടേയില്ല. എന്നോട് അങ്ങനെ ഒരു ആരോപണവും ഉന്നയിക്കാത്ത ആള്‍ മറ്റൊരാളോട് ഞാന്‍ ചതിച്ചു വഞ്ചിച്ചു എന്ന് പറഞ്ഞു നടക്കുന്നെങ്കില്‍ അതില്‍ ദുരുദ്ദേശമില്ലേ? എന്നെകുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന അപകീര്‍ത്തികളും മാനിപുലേറ്റഡ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കയറ്റം മാത്രമല്ല എന്റെ സിനിമകള്‍ മുഴുവനായും നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന് ആദ്യമായി ഞാന്‍ മനസിലാക്കുന്നത് നിവിന്റെ യുട്യൂബ്ബ് ചാനലില്‍ നിന്നും ഒഴിവുദിവസത്തെ കളി എന്ന സിനിമ പെട്ടെന്ന് പിന്‍വലിച്ചിരിക്കുന്നത് കണ്ടപ്പോഴാണ്. ഒഴിവുദിവസത്തെ കളിയും എസ് ദുര്‍ഗയും എന്റെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാന്‍ അനുമതി തന്ന ശേഷം ഞാന്‍ അപ്ലോഡ് ചെയ്യുമ്പോള്‍ കോപ്പിറൈറ്റ് സ്‌ട്രൈക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. ഞാന്‍ അതേക്കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതിനു ശേഷമാണ് അതിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടത്.

എന്നെ ഗുണ്ടകളെ അയച്ച് കൊന്നുകളയാന്‍ ബുദ്ധിമുട്ടാണ് എന്ന് മനസിലായപ്പോഴാണ് പോലീസിനെ കൊണ്ട് ഒരു കള്ളക്കേസ് എടുപ്പിച്ച് പരമരഹസ്യമായി പിടിച്ചുകൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. അതും സോഷ്യല്‍ മീഡിയയിലെ എന്റെ നിലവിളി കാരണം തകര്‍ന്ന് പോയപ്പോള്‍ എന്നെ സ്റ്റേഷനില്‍ നിന്നുതന്നെ ജാമ്യത്തില്‍ വിട്ടാല്‍ മതിയെന്നായി പോലീസിന്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയയുടെ സൗകര്യത്തിനനുസരിച്ചാണ് എനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജൂറിസ്ഡിക്ഷന്‍ ഇല്ലാത്ത എളമക്കര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഡാലോചന വ്യക്തമാണ്. ഈ മാഫിയക്ക് ഭരണകൂടത്തില്‍ ശക്തമായ സ്വാധീനം ഉള്ളതുകൊണ്ടാണ് ഇതൊന്നും അന്വേഷിക്കപ്പെടാതെ പോകുന്നത്.

ഈ സംഭവപാരമ്പരകളുടെ ഒരു തുടര്‍ച്ചയാണ് ചോല എന്ന സിനിമയ്‌ക്കെതിരെ നടക്കുന്നത്. ചോലയുടെ കാര്യത്തില്‍ ഞാന്‍ ആകെ ചെയ്തത് അതില്‍ എനിക്കുള്ള അവകാശത്തിന് പകരം അത് എന്റെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടുക മാത്രമാണ്. എന്നാല്‍ അത് ആവശ്യപ്പെട്ടുകൊണ്ട് ചോലയുടെ വിതരണകാര്യം നോക്കുന്ന സുരാജിനെ വിളിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ചോലയും അതിന്റെ തമിഴ് പതിപ്പായ അല്ലിയും ദിലീപ് വാങ്ങുന്നു എന്നും ജോജുവിനോട് ചോദിച്ചിട്ട് ബാക്കി പറയാം എന്നുമാണ്. ഇയാള്‍ ആരാണെന്ന് എനിക്കറിയില്ല. എന്നെപ്പോലെ നിങ്ങള്‍ക്കും ആ പേരിന്റെ മേല്‍ സംശയങ്ങള്‍ ഉണ്ടായേക്കാം എന്നതുകൊണ്ടാണ് ഞാന്‍ ഇതുവരെ എഴുതാതെ ഇരുന്നത്.

എന്നാല്‍ ഇന്നലെ ജോജു എന്നെ വിളിച്ച് ചീത്തപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്ഥിതിക്ക് പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു. ചോലയുടെ അന്താരാഷ്ട്ര വിതരണം ഉടന്‍ നിര്‍ത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജോജു കത്തയച്ചത് എന്റെ സംശയം ബലപ്പെടുത്തുന്നു. ചോലയുടെ അന്തരാഷ്ട്ര വിതരണം നടത്തുന്നതിന് ജോജു കയ്യില്‍ നിന്നും പണം നല്‍കാത്തത് കൊണ്ട് അത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടാന്‍ ഒരു കാരണവുമില്ല. അങ്ങനെ ചെയ്യുന്നതിന് മുന്‍പ് എന്നോട് പറയാതിരിക്കാനും കാരണമില്ല. രണ്ടാമതായി ചോലയില്‍ എനിക്കുള്ള അവകാശം പണമായി അല്ല ഞാന്‍ ആവശ്യപ്പെട്ടത്. എന്റെ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനുള്ള അവകാശമാണ് ചോദിച്ചത് അതിനും പണം ചെലവില്ല. എന്തുകൊണ്ടാണ് ജോജു അത് നിഷേധിക്കുന്നതെന്നും എന്നെ ഭീഷണിപെടുത്തുന്നത് എന്നും അറിയില്ല. എനിക്ക് ന്യായമായും സംശയിക്കാവുന്ന ഒരു കാരണമേയുള്ളു ചോല ഞാനറിയാതെ മറ്റാര്‍ക്കോ വീട്ടിട്ടുണ്ട്. ആ സിനിമ ഇനി വെളിച്ചം കാണരുതെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ട്.

സുഹൃത്തുക്കളെ ഞാനിതൊക്കെ പറയുന്നത് പ്രാന്തുകൊണ്ടല്ല. ഇതൊക്കെയാണ് സംഭവിക്കുന്നത്. മറ്റൊരിടത്തും പറഞ്ഞിട്ട് കാര്യമില്ല എന്നതുകൊണ്ടാണ്. മിണ്ടാതിരിക്കാന്‍ കഴിയുന്ന കാര്യങ്ങളുമല്ല. ഇതെല്ലാം സത്യമാണെന്നും ഇതെല്ലാം കാരണം ഞാന്‍ കടന്നുപോകുന്നത് അപകടകരമായ ഒരു ഘട്ടമാണെന്നും നേരിട്ടറിയാവുന്ന പലരുമുണ്ട്. ആരും മിണ്ടാത്തത് ഭയം കൊണ്ടും സ്വാര്‍ത്ഥത കൊണ്ടുമാണ്. ആരെങ്കിലും സഹായിക്കുമെന്ന് കരുതിയല്ല ഞാനിതൊക്കെ പറയുന്നതും. നാളെ നിങ്ങള്‍ക്കും ഇതുപോലുള്ള അവസ്ഥകള്‍ വരുമ്പോള്‍ മറ്റൊരാള്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ വാപൊളിച്ച് ചിരിക്കുകയും കുത്തുവാക്കുകള്‍ പറയുകയും ചെയ്ത ആളാണെന്ന് ഓര്‍ക്കാന്‍ വേണ്ടി മാത്രം.
ഹിമാചലില്‍ ന്യൂ ജനറേഷന്‍ ഫ്രീക്കത്തിയായി അനശ്വര; ചിത്രങ്ങള്‍ പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications