കെഎം ഷാജിയ്ക്ക് അടുത്ത കുരുക്ക്; കളമശ്ശേരിയില്‍ പോയാല്‍ കുടുങ്ങും... അന്വേഷണ റിപ്പോര്‍ട്ട് വരുന്നു
കൊച്ചി/കോഴിക്കോട്: മുസ്ലീം ലീഗിന്റെ അഴീക്കോട് എംഎല്‍എ ആയ കെഎം ഷാജി ഇത്തവണ ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഏറ്റവും ഒടുവില്‍, ഷാജി കളമശ്ശേരിയില്‍ മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.
എന്നാല്‍ എവിടെ മത്സരിച്ചാലും വെല്ലുവിളിയായേക്കാവുന്ന ഒരു സംഭവം പത്ത് ദിവസത്തിനുള്ളില്‍ നടക്കും എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ അടക്കം പറച്ചിലുകള്‍. ഷാജിയ്ക്ക് എതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ആണ് പുറത്ത് വരാനിരിക്കുന്നത്. വിശദാംശങ്ങള്‍...

അഴിമതി കേസ്
കെഎം ഷാജിയ്‌ക്കെതിരെയുള്ള പ്ലസ് ടു കോഴക്കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അഴീക്കോട്ട സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം കൈക്കൂലി വാങ്ങി എന്നതാണ് പരാതി. ഈ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

അനധികൃത സ്വത്ത് സമ്പാദനം
പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ഒടുവില്‍ അനധികൃത സ്വത്ത് സമ്പാദനത്തിലും എത്തി. വിജിലന്‍സ് തന്നെയാണ് ഈ കേസും അന്വേഷിക്കുന്നത്. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 9 ന് കോടതിയില്‍ സമര്‍പ്പിക്കേണ്ടതിയിരുന്നു.

പത്ത് ദിവസത്തിനുള്ളില്‍
2020 നവംബര്‍ 11 ന് ആണ് കെഎം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ച് പത്ത് ദിവസം കൂടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കോടതി അനുവദിച്ചിട്ടുണ്ട്.

ഷാജി കുടുങ്ങുമോ
കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട് ഉള്‍പ്പെടെ പല വിഷയങ്ങളും വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വന്നിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടില്‍ എന്തായാലും കെഎം ഷാജിയ്ക്ക് ക്ലീന്‍ ചിറ്റ് ഉണ്ടാവില്ല എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. അങ്ങനെയെങ്കില്‍ അത് ഷാജിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളേയും ബാധിക്കും.

സീറ്റുറപ്പിച്ചു, പക്ഷേ...
നിലവിലെ സാഹചര്യത്തില്‍ കെഎം ഷാജിയ്ക്ക് സീറ്റ് ലഭിക്കുമെന്ന് ഉറപ്പാണ്. അത് അഴീക്കോട് തന്നെ ആയിരിക്കുമോ അതോ കാസര്‍ഗോഡ് ആയിരിക്കുമോ എന്ന കാര്യത്തില്‍ മുസ്ലീം ലീഗിനുള്ളില്‍ തന്നെ അവ്യക്തതയുണ്ട്. എന്തായാലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പായി വിജിലന്‍സ് റിപ്പോര്‍ട്ട് വരികയും ഇല്ല.

കളമശ്ശേരിയിലേക്ക്
കെഎം ഷാജിയെ കളമശ്ശേരി മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും ഉണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാം എന്ന നിലപാടിലാണ് ഷാജി.

തിരിച്ചടിയാകും
കെഎം ഷാജിയെ കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരന്‍ എന്ന് വരികയും ചെയ്താല്‍ യുഡിഎഫിന്റെ സ്ഥിതി പരിതാപകരമാകും. അഴിമതി കേസില്‍ അറസ്റ്റിലായ വികെ ഇബ്രാഹിംകുഞ്ഞിന് പകരം എത്തുന്ന സ്ഥാനാര്‍ത്ഥിയും അഴിമതി വീരന്‍ എന്നതായിരിക്കും സിപിഎമ്മിന്റെ പ്രചാരണം.












Click it and Unblock the Notifications