ദിവ്യ ഉണ്ണിയുടെ ഗിന്നസ് റെക്കോർഡ് നൃത്തം: 25000 പേരെ നിയന്ത്രിക്കാന്‍ 25 പൊലീസുകാർ, വിശദീകരണവുമായി മെട്രോയും
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ വിവാദ നൃത്ത പരിപാടിയിലെ സുരക്ഷാ വീഴ്ചകള്‍ ഒരോന്നായി പുറത്ത് വരുന്നു. 25000 പേരെ നിയന്ത്രിക്കാൻ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത് കേവലം 25 പൊലീസുകാർ മാത്രം. പരിപാടിയുടെ സുരക്ഷാ മേല്‍നോട്ടത്തിനായി 25 പൊലീസുകാർ മതിയെന്ന് പ്രധാന സംഘാടകരായ മൃദംഗ വിഷന്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
25 പൊലീസുകാരെ വിട്ടുകിട്ടുന്നതിനുള്ള നിയമപ്രകാരമുള്ള തുകയും സംഘാടകർ സർക്കാറിലേക്ക് അടച്ചിട്ടുണ്ട്. പൊലീസുകാർക്ക് പുറമെ 150ഓളം സ്വകാര്യ സെക്യുരിറ്റി ജീവനക്കാർ പരിപാടി നിയന്ത്രിക്കാന്‍ ഉണ്ടാകുമെന്നും അതിനാലാണ് കൂടുതല്‍ പൊലീസുകാർ വേണ്ടാത്തത് എന്നുമാണ് സംഘാടകർ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ആവശ്യത്തിന് സെക്യുരിറ്റി ജീവനക്കാരേയും സംഘാടകർ എത്തിച്ചിരുന്നില്ല.

അതേസമയം, നൃത്തപരിപാടിയിലെ പണപ്പിരിവിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴിയെടുത്ത് കഴിഞ്ഞു. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ വിളിച്ച് വരുത്തിയാണ് രക്ഷിതാക്കളുടെ മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയിൽ ബാലാവകാശ കമ്മീഷനും ഇന്നലെ കേസെടുത്തിരുന്നു. കുട്ടികളിൽ നിന്ന് 1400 മുതൽ 5000 രൂപ വരെ വാങ്ങിയെന്നാണ് മൃദംഗനാദം സംഘാടകർക്ക് എതിരെയുളള ആരോപണം.
യാത്രക്കാർക്ക് ഇളവ് നല്‍കിയെങ്കിലും പരിപാടിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് കൊച്ചി മെട്രോയും വ്യക്തമാക്കി. നർത്തകർക്ക് സ്റ്റേഡിയത്തിലേക്ക് പോകാനും വരാനും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് കൊച്ചി മെട്രോ നല്‍കിയിരുന്നു. കൂടുതൽ യാത്രക്കാർ മെട്രോയിൽ കയറട്ടെ എന്നു കരുതിയാണ് യാത്രാ ടിക്കറ്റിൽ ഇളവ് അനുവദിച്ചതെന്ന് കൊച്ചി മെട്രോയുടെ വിശദീകരണം. കലൂർ സ്റ്റേഡിയത്തിൽ പരിപാടികൾ നടക്കുമ്പോൾ സംഘാടകർ ആവശ്യപ്പെട്ടാൽ ഇത്തരം ഇളവുകൾ അനുവദിക്കാറുണ്ട്. ഈ പരിപാടിയുടെ സംഘാടകരുമായി സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്നും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.
അതേസമയം, വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കല്യാണ്‍ സില്‍ക്ക്സും കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു. മൃദംഗവിഷന് 2500 സാരികള്‍ 390 രൂപയ്ക്കാണ് നിർമ്മിച്ച് നല്‍കിയത്. എന്നാല്‍ സംഘാടകര്‍ സാരി ഒന്നിന് 1600 രൂപ വീതം ഈടാക്കി എന്ന് പിന്നീടാണ് അറിഞ്ഞതെന്നും കല്യാണ്‍ സില്‍ക്സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
'കല്യാൺ സിൽക്സ് കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ വസ്ത്ര വ്യാപാര ശൃംഖല ആയതുകൊണ്ട് മൃദംഗനാദത്തിൻ്റെ സംഘാടകർ 12,500 സാരികൾ നിർമ്മിച്ചു നൽകുവാൻ ആയിട്ടാണ് ഞങ്ങളെ സമീപിക്കുന്നത്. ഈ പരിപാടിക്ക് മാത്രമായി ഡിസൈൻ ചെയ്ത സാരികൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകർക്ക് യഥാസമയം കൈമാറുകയും ചെയ്തിരുന്നു. എന്നാൽ പരിപാടിയുടെ വേദിയിൽ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് സംഘാടകർ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്നാണ്' കല്യാണ്‍ സില്‍ക്സ് അറിയിച്ചു.












Click it and Unblock the Notifications