'പാവങ്ങളിൽ നിന്ന് മീറ്ററിന് പുറമേ കാശ് വാങ്ങരുത്, ദ്രോഹമാണ്'; ഓട്ടോ തൊഴിലാളികളോട് ഗണേഷ് കുമാർ
തിരുവനന്തപുരം: മീറ്റർ ചാർജിന് പുറമെ അധിക പണം വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്ക് എതിരെ ഗതാഗതമന്ത്രി ഗണേഷ് കുമാർ. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഓട്ടോ ഡ്രൈവർമാർ അമിത ചാർജ് ഈടാക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നതിന് ഇടയിലാണ് മന്ത്രിയുടെ പ്രസ്‌താവന. പാവങ്ങളിൽ നിന്ന് മീറ്റർ ചാർജിലും അധികമായി പണം വാങ്ങരുതെന്നും അത് ദ്രോഹമാണെന്നും ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
ഓട്ടോ തൊഴിലാളികൾ നല്ല സേവനമാണ് ചെയ്യുന്നതെങ്കിലും മീറ്ററിന് പുറത്ത് പണം വാങ്ങുന്നു എന്ന പരാതി വ്യാപകമായുണ്ടെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. അമിതമായി പണം ചോദിക്കരുതെന്നും അവർ തരാൻ തയ്യാറാണെങ്കിൽ മാത്രം ആശ്യപ്പെടാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അന്യായമായി പണം വാങ്ങാൻ നിൽക്കരുതെന്നും മന്ത്രി പറഞ്ഞു.

'ഓട്ടോ തൊഴിലാളികൾ നല്ല സേവനമാണ് നടത്തുന്നത്. എന്നാൽ നിങ്ങളെ പറ്റി മീറ്ററിന് പുറത്ത് കാശ് വാങ്ങിക്കുന്നു എന്ന പരാതി നിലവിലുണ്ട്. മീറ്ററിന് പുറത്ത് പണം വാങ്ങിയാലേ ജീവിക്കാൻ കഴിയൂ എന്നതാണ് സത്യം. എന്നാൽ ഒരിക്കലും അമിതമായി ചോദിക്കരുത്, ചോദിക്കുക, തരില്ലെന്ന് പറഞ്ഞാൽ വിട്ടേക്കുക' ഗണേഷ് കുമാർ ഓട്ടോ തൊഴിലാളികളോട് പറഞ്ഞു.
തമിഴ്‌നാട്ടിലെ ഓട്ടോ തൊഴിലാളികളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. തമിഴനാട്ടിലോക്കെ ഓട്ടോയിൽ കയറുമ്പോഴേ മീറ്റർ കാശിന് പുറത്ത് അധിക തുക വേണമെന്ന് പറയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുപോലെ ആളുകളോട് ചോദിച്ചിട്ട് വേണം വണ്ടിയിൽ കയറ്റാനെന്നും മന്ത്രി പറഞ്ഞു.
'ഉപഭോക്തൃ സംരക്ഷണം ഒക്കെയുള്ള കാലമാണിത്. വളരെയധികം സൂക്ഷിക്കണം. വാങ്ങിക്കാൻ മന്ത്രി പറഞ്ഞെന്ന് നാളെ പറയരുത്. തരാൻ ഗതിയില്ലാത്ത പാവങ്ങളിൽ നിന്ന് പിടിച്ചുവാങ്ങരുത്. ആശുപത്രിയിലേക്ക് പോവുന്ന പാവങ്ങൾ ഓട്ടോയിൽ കയറിയാൽ അവരോട് മീറ്ററിലും അധിക കാശ് വാങ്ങരുത്, ദ്രോഹമാണ്' എന്നും ഗണേഷ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോറിക്ഷാ സ്‌റ്റാന്‍ഡുകളിലും യാത്രാനിരക്ക് തിരിച്ചറിയാനാകുന്ന തരത്തില്‍ കൃത്യമായ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഓട്ടോറിക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അമിത യാത്രക്കൂലി വാങ്ങുന്നു എന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം.
ഓട്ടോറിക്ഷകളില്‍ നിരക്കുകളുടെ കൃത്യമായ പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തിന് പുറമേയാണ് സ്‌റ്റാന്‍ഡിലും ബോര്‍ഡ് വേണമെന്ന നിര്‍ദ്ദേശം വന്നത്. എന്നാൽ ഈ നിർദ്ദേശങ്ങൾ വന്ന് മാസങ്ങൾ പിന്നിട്ടിട്ടും ഭൂരിഭാഗം ഇടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. ഇതോടെ വിഷയത്തിൽ കർശന ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രസ്‌താവന.












Click it and Unblock the Notifications