'രണ്ട് പേരെയും അറിയാം, ദിലീപ് ചെയ്യുമെന്ന് തോന്നുന്നില്ല, ഡബ്ല്യൂസിസി ഇല്ലെങ്കിൽ നടിക്ക് പിന്തുണ കൂടിയേനെ'
അമ്മ സംഘടനയ്ക്ക് ഇതിലൊന്നും പ്രത്യേകിച്ച് ചെയ്യാനില്ലെന്നും ഇന്ദ്രൻസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്ന് ഇന്ദ്രൻസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അമ്മ സംഘടനയ്ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. വിമൻ ഇൻ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കിൽ നടിക്ക് കൂടുതൽ പിന്തുണ ലഭിക്കുമായിരുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസ് പറഞ്ഞു.

അമ്മ ഒരുപാട് അനുഭവിച്ചു
ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ: ' അമ്മ സംഘടനയില്‍ നിന്നും അങ്ങനെ ഒരാളെ മാറ്റിനിര്‍ത്താനുളള നിയമം ഇല്ല. ദിലീപിനെ പുറത്താക്കിയതിനുളള ഭവിഷ്യത്തും അമ്മ ഒരുപാട് അനുഭവിച്ചു. അന്ന് അങ്ങനെ പുറത്താക്കി. പക്ഷേ വേറെ കോടതിയില്‍ പോയാല്‍ അങ്ങനെ പുറത്താക്കാനുളള അവകാശം സംഘടനയ്ക്ക് ഇല്ല. നോട്ടീസ് കൊടുത്ത് കാരണം ചോദിക്കാം. കുറ്റമാണെങ്കില്‍ ഒഴിവാക്കാം, അല്ലെങ്കില്‍ തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാന്‍ പറയാം.

ദിലീപ് ചെയ്യുമെന്ന് തോന്നുന്നില്ല
അതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ല. അതൊക്കെ അമ്മ സംഘടന ചെയ്തു. തനിക്ക് അറിയാവുന്ന ഒരാള്‍ അങ്ങനെ ചെയ്തു എന്ന് അറിഞ്ഞാല്‍ പോലും അതിശയം തോന്നും. ദിലീപ് ചെയ്യുമെന്ന് തോന്നുന്നില്ല. രണ്ട് പേരെയും തനിക്ക് അറിയാവുന്നതാണ്. നടിയെ കുട്ടിക്കാലം മുതല്‍ക്കേ അറിയാം. അവരുടെ അച്ഛനുളള കാലത്തേ സുഹൃത്തുക്കളാണ്.

സങ്കടമുളള കാര്യമാണ്
നല്ല മോളാണ്, തനിക്ക് മകളെ പോലെ തന്നെയാണ്. ഇതൊക്കെ സങ്കടമുളള കാര്യമാണ്. കാത്തിരിക്കാം. നിയമം എങ്ങനെ ശക്തമായി പോകുന്നു എന്ന് നോക്കാം. വിഷയത്തില്‍ നടിയോട് സംസാരിച്ചിട്ടില്ല. അപകടമാണെന്ന് അറിയുന്നത് കൊണ്ട് മിണ്ടിയിട്ടില്ല. എന്ത് പറഞ്ഞാലും അപകടമാകുമെന്ന് അറിയാം.

ആരെയും വിളിക്കാറില്ല
നമ്മളെ ഒരു പക്ഷത്താക്കി കളയും. എന്ത് പറഞ്ഞാലും തന്നെ ആ പക്ഷത്തോ ഈ പക്ഷത്തോ ആക്കിക്കളയും. അത് രണ്ടും വേദനയാണ്. വിളിക്കുന്നതൊക്കെ കുഴപ്പമാണ്. താന്‍ അങ്ങനെ ആരെയും വിളിക്കാറില്ല. അവര്‍ അങ്ങനെ എല്ലാ ഫോണും എടുക്കുകയുമില്ല. കൂടെ ആളുകളൊക്കെ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെയൊക്കെ വരുമ്പോള്‍ വിളിക്കുന്നത് അവര്‍ക്ക് മറുപടി പറയാന്‍ തന്നെ വിഷമം ആയിരിക്കും.

ദിലീപിനോടും സംസാരിച്ചിട്ടില്ല
ആള്‍ മിണ്ടാതിരിക്കുന്നല്ലോ, തന്നെ സഹായിച്ചില്ലല്ലോ എന്ന് ഈ രണ്ട് പേര്‍ക്കും തോന്നാം. ദിലീപിനോടും സംസാരിച്ചിട്ടില്ല. ഹോം സിനിമ കണ്ടതിന് ശേഷം തന്നെ വിളിച്ചിരുന്നു. പടത്തിനെ കുറിച്ച് സംസാരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം സിനിമയിലെ എല്ലാവരും ഒരുപാട് സൂക്ഷിക്കാന്‍ തുടങ്ങി. എല്ലാവരും അവരവരിലേക്ക് കൂടുതല്‍ ചുരുങ്ങി. കൂടെ നടക്കുന്ന ആളുകള്‍ എന്തു ചെയ്യുമെന്ന് പറയാനാകില്ല.

സ്ത്രീകള്‍ മുകളില്‍ തന്നെ
താരങ്ങള്‍ തമ്മിലുളള ബന്ധങ്ങളില്‍ വിളളലുണ്ടാക്കിയെന്ന് തോന്നുന്നില്ല. അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്നത് തന്നെ സ്ത്രീയുടെ മഹത്വത്തെ താഴേക്ക് വലിക്കുന്നതായിട്ടാണ് തനിക്ക് തോന്നിയിട്ടുളളത്. സ്ത്രീകളുടെ മഹത്വം എപ്പോഴും വലിയത് തന്നെയാണ്. പുരുഷനേക്കാളും മുകളില്‍ തന്നെയാണ്. അത് തിരിച്ചറിയാന്‍ പറ്റാത്തവരാണ് ഞങ്ങള്‍ക്ക് ഒപ്പം എന്ന് പറയുന്നത്. ഒപ്പമല്ല, സ്ത്രീകള്‍ മുകളില്‍ തന്നെയാണ്.

WCC ഇല്ലായിരുന്നുവെങ്കിൽ
കമ്പനി പോലെ സ്ഥിരം സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴേ അവകാശങ്ങള്‍ ചോദിക്കാനാകൂ. ഒരു പ്രൊഡ്യൂസര്‍ എവിടെ നിന്നോ വന്ന് പത്ത് മുപ്പത് ദിവസം കൊണ്ടൊരു സിനിമ ചെയ്യുന്നു. അയാളോട് എന്ത് അവകാശം ചോദിക്കാനാണ്. നമുക്ക് വേണമെങ്കില്‍ ചേരാം, വേണ്ടെങ്കില്‍ ചേരണ്ട. നിയമത്തിന്റെ കാര്യങ്ങള്‍ അങ്ങനെ തന്നെ നടക്കും, ചിലതൊക്കെ എത്ര മറച്ച് വെച്ചാലും. അതിന് വേണ്ടിയൊരു സംഘടന ഇല്ലേലും അത് നടക്കും. ചിലപ്പോള്‍ ശക്തമായി വാദിക്കാന്‍ ആളുകളുണ്ടായേനെ. ചേര്‍ന്നാല്‍ അതില്‍ പെട്ട് പോകുമോ എന്ന് കരുതി മാറി നില്‍ക്കുന്നവരുമുണ്ട്.












Click it and Unblock the Notifications