ഇന്ത്യന്‍ വീടുകളില്‍ എത്ര സ്വർണമുണ്ടെന്ന് അറിയുമോ: ഖനികളെ വെല്ലും, ഉപകാരങ്ങളുമേറെയുണ്ട്
കൊച്ചി: രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ നേരിയ ഇടിവുണ്ടായിരിക്കുകയാണ്. പവന് 280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന് 44720 രൂപയായി. ഗ്രാമി 5590 രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 45000 രൂപയായിരുന്നു നിരക്ക്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു വില 45000 തൊട്ടത്.
ഒറ്റയടിക്ക് 760 രൂപയായിരുന്നു ഇന്നലെ മാത്രം പവന് കൂടിയത്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയരാനുള്ള കാരണം. ഈ വർഷം ഇതുവരെ 45000 രൂപയോളമാണ് സ്വർണത്തിന് കൂടിയാണ്. ജനുവരി ഒന്നിന് 40,480 രൂപയായിരുന്നു സ്വർണത്തിന്റെ വില. പണിക്കൂലിയും ജി എസ് ടിയും കൂടി കണക്കാക്കുമ്പോള്‍ രണ്ട് പവന്‍ സ്വർണം വാങ്ങിക്കാന്‍ ഒരു ലക്ഷത്തിലേറെ രൂപ നല്‍കേണ്ട സ്ഥിതിയാണുള്ളത്.

സ്വർണ വില റെക്കോർഡില്‍
ഇന്ത്യയില്‍ ഉടന്‍ തന്നെ സ്വർണ വില എക്കാലത്തേയും ഉയർന്ന നിരക്കായ പത്ത് ഗ്രാമിന് 60000 രൂപയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര വിപണിയിലെ സാമ്പത്തിക പ്രതിസന്ധികളും രൂപയുടെ മൂല്യത്തകർച്ചയുമെല്ലാം സ്വർണത്തെ സുരക്ഷിത നിക്ഷേപമായി നിലനിർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതോടൊപ്പം തന്നെ രാജ്യത്തെ പല ആരാധനാലയങ്ങളുടെ നിലവറകളിലും മറ്റുമായി എണ്ണിയാല്‍ ഒടുങ്ങാത്ത സ്വർണവും രാജ്യത്തുണ്ട്. ഒരു ഏകദേശ കണക്ക് അനുസരിച്ച് 1.5 ലക്ഷം കോടി ഡോളറിന്‍റെ മൂല്യം വരുമിതെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന് പുറമേയാണ് ക്ഷേത്രം ട്രസ്റ്റിന്റെ പക്കലുള്ള സ്വർണത്തിന്റെ ശേഖരണവും.
ഇന്ത്യന്‍ വീടുകളില്‍ മാത്രമായി
ഇന്ത്യന്‍ വീടുകളില്‍ മാത്രമായി ഏകദേശം 30,000 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ആഭരണമാണ്. കുറഞ്ഞ പക്ഷം നാണയങ്ങളായും മറ്റുമുണ്ട്. ഈ സ്വര്‍ണത്തില്‍ 500 ടണ്ണോളം മാത്രമെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളുവെന്നാണ് കണക്ക്.

വീടുകളിലെ സ്വർണം കേവലം ഒരു ആഭരണമായി നില്‍ക്കാതെ അത് പലപ്പോഴും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു തരി പൊന്നുണ്ടെങ്കില്‍ ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങിലോ കൊണ്ടുപോയി പണയം വെച്ചാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വേഗത്തില്‍ പണം ലഭിക്കുന്നു, കര്‍ഷകര്‍, ചെറുകിട, ഇടത്തരം സംരംഭകര്‍ മുതല്‍ മക്കളുടെ ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് വരെ ഇത് ഒരു അനുഗ്രഹമാവുന്നു.
ബാങ്കിലെ സ്വർണ പണയം
ബാങ്കിലെ സ്വർണ പണയം ബ്ലേഡ് പലിശ മാഫിയയുടെ പിടിയില്‍ അകപ്പെടുന്നതില്‍ നിന്നും ആളുകളെ സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇന്ത്യയിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്തവരും ഈ ഒരു ആനുകൂല്യം പ്രയോജനപ്പെടുത്താതെ പലപ്പോഴും ആവശ്യ ഘട്ടങ്ങള്‍ വരുമ്പോള്‍ സ്വർണം വില്‍ക്കുകയോ ബ്ലേഡ് പലിശ പോലുള്ള മറ്റ് വഴികള്‍ തേടുകയോ ചെയ്യുന്നു.
ഇന്ത്യയില്‍ വാങ്ങുന്ന സ്വര്‍ണാഭരണങ്ങളില്‍ 60 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണെന്നാണ് കണക്ക്. സാധാരണക്കാരായ ആളുകള്‍ കൃഷിയിലൂടെയും മറ്റും ലഭിക്കുന്ന പണം ബാങ്കില്‍ നിക്ഷേപിക്കാതെ അതുപയോഗിച്ച് സ്വർണം വാങ്ങിവെക്കുന്നു. അടുത്ത സീസണിലെ കൃഷിയുടെ സമയത്ത് ഈ സ്വർണം വിറ്റോ പണയം വെച്ചോ പണമാക്കി മാറ്റി കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
ഇന്ത്യയുടെ പ്രാദേശിക സമ്പദ് വ്യവസ്ഥ
ഇത്തരത്തില്‍ ഇന്ത്യയുടെ പ്രാദേശിക സമ്പദ് വ്യവസ്ഥയും സ്വർണവും തമ്മില്‍ അഭേദ്യമായ ബന്ധമാണ് നിലനില്‍ക്കുന്നത്. സ്വർണത്തിന് ഇത്തരത്തില്‍ വില വർധിക്കുമ്പോള്‍ അത് പ്രാദേശിക സാമ്പത്തിക ഇടപാടുകളേയും ബാധിച്ചേക്കും. കഴിഞ്ഞ പത്ത് വർഷത്തെ കണക്ക് പരിശോധിച്ചാൽ സ്വർണ വിലയിൽ 23,280 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാവും.
2013 ഏപ്രിൽ അഞ്ചിന് 21,720 രൂപയായിരുന്നു ഒരു പവന് വിലയെങ്കില്‍ 10 വർഷംകൊണ്ട് 107.18 ശതമാനം ഉയർന്ന് 45,000 രൂപയിലെത്തി. ഉയർന്ന വി ല സാധാരണക്കാരന് സ്വർണമൊരു കിട്ടാക്കനിയാക്കി മാറ്റുന്നുണ്ട്. അതേസമയം സമയം പണം ഉള്ളവന്‍ സ്വർണത്തില്‍ കൂടുതല്‍ നിക്ഷേപിച്ച് നേട്ടം കൊയ്യുകയും ചെയ്യുന്നു.












Click it and Unblock the Notifications