തന്നെ കൊല്ലാന്‍ നീക്കം നടന്നിരുന്നു; ആലപ്പുഴ സന്ദര്‍ശനം വളച്ചൊടിക്കുന്നെന്ന് വത്സന്‍ തില്ലങ്കേരി
കണ്ണൂര്‍: ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് വത്സന്‍ തില്ലങ്കേരി. അടിസ്ഥാനരഹിതമായ ആരോപണമാണ് എസ്ഡിപിഐ ഉന്നയിച്ചിരിക്കുന്നത്. ആര്‍ക്കും എ്തും ആരോപണം ഉന്നയിക്കാമെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. തന്നെ പോലുള്ളവരെ ആരോപണം ഉന്നയിച്ച് കൊലപ്പെടുത്താന്‍ ഇതിന് മുമ്പും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഈ ആരോപണങ്ങള്‍ അതിന്റെ ഭാഗമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെഎസ് ഷാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം എസ്ഡിപിഐ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വത്സന്‍ തില്ലങ്കേരിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം വല്‍സന്‍ തില്ലങ്കേരി ആലപ്പുഴയിലെത്തിയ കാര്യം സൂചിപ്പിച്ചാണ് എസ്ഡിപിഐ ഈ ആവശ്യം മുന്നോട്ടുവച്ചത്. വല്‍സന്‍ തില്ലങ്കേരി പരസ്യമായി കലാപ ആഹ്വാനം നടത്തിയെന്നും സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഡാലോന നടന്നുവെന്നും എസ്ഡിപിഐ ആരോപിക്കുന്നു.

ജനങ്ങള്‍ക്കിടെയില്‍ ഭീകരതയ്‌ക്കെതിരായ പ്രചരണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ എത്തിയത്. അതിനെ അനാവശ്യമായി വളച്ചൊടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദികളുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസ് ഉരുണ്ടുകളിക്കുകയാണ്. അതിനാല്‍ കേന്ദ്രാന്വേഷണം വേണമെന്ന് പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സമയത്ത് ആവശ്യപ്പെട്ടിരുന്നതായും തില്ലങ്കേരി വ്യക്തമാക്കി.

ഇതിനിടെ ആര്‍എസ്എസ് തീവ്രവാദി സംഘമാണ് ഷാനെ കൊലപ്പെടുത്തിയതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. തീര്‍ത്തും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പും ആര്‍എസ്എസും ധാരണയിലാണ് മുന്നോട്ട് പോകുന്നത്. ആര്‍എസ്എസിന്റെ ശാഖകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ആര്‍എസ്എസിന് പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ സൗകര്യം കൂടിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് സംഭവിച്ച അപചയത്തിന്റെ ഭാരം കേരളീയ ജനത ഏറ്റെടുക്കേണ്ടി വരികയാണെന്നും അഷ്റഫ് മൗലവി വ്യക്തമാക്കി.

അതേസമയം, രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കേവലം ബിജെപി-ആര്‍എസ്എസ് നേതാക്കളെ മാത്രം ലക്ഷ്യം വെച്ചുള്ള അക്രമമല്ല, മറിച്ച് ഒരു സമൂഹത്തിന് നേരെ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ഉന്നത നേതാക്കളുടെ അറിവോടെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അതിക്രമങ്ങളെ തടയാന്‍ പോലീസിന് സാധക്കുന്നില്ലെങ്കില്‍ അത് വ്യക്തമാക്കണം. അക്കാര്യം കേന്ദ്രത്തെ അറിയിക്കണം. പോപ്പുലര്‍ ഫ്രണ്ട് ഒരു പൊതുവിപത്താണ്. അവരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാവണം. പിഎഫ്‌ഐ ഭീകരവാദത്തിന് മുമ്പില്‍ കേരളം മുട്ടുമടക്കില്ല. വര്‍ഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുകയാണ്. വലിയ തോതിലുള്ള ഭീകരപ്രവര്‍ത്തനവും ആയുധ പരിശീലനവും പോപ്പുലര്‍ഫ്രണ്ട് കേരളത്തില്‍ നടത്തുന്നുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിന് പിന്നിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വല്‍സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്ഡിപിഐ; പ്രതികരിച്ച് കെ സുരേന്ദ്രന്‍