കൊവിഡ് വാക്‌സിൻ അധിനിവേശമല്ല; നമ്മുടെ അവകാശമാണ്, രക്ഷയാണ്: കുറിപ്പ്
ഇന്ത്യയിൽ കൊറോണ വൈറസ് വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ വാക്സിനുകളെക്കുറിച്ച് നടക്കാൻ സാധ്യതയുള്ള പ്രചാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഡോ. ഷിംന അസീസ്. രാജ്യം മുഴുവൻ ഇന്ന് കോവിഡ് വാക്‌സിൻ വിതരണം തുടങ്ങുകയാണ്. ഒരു വർഷത്തിലേറെയായി നമ്മുടെ സ്വൈര്യവും സ്വസ്‌ഥതയും കെടുത്തുന്ന ഭീകരന്റെ കൊമ്പൊടിക്കുന്ന വാക്‌സിന്റെ പെട്ടി മുറ്റത്ത് കൊണ്ട് വന്ന് പിടിച്ചിരിക്കുന്ന ഈ നേരത്ത്, അവരോട് അകത്ത് കയറിയിരിക്കാൻ പറഞ്ഞ ശേഷം നമ്മുടെ ആ പതിവ് വാട്ട്‌സ്ആപ് ചോദ്യങ്ങളിലേക്ക് കടക്കാം എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
മണ്ണാര്ക്കാട് ലീഗില് നിന്ന് പിടിച്ചെടുക്കണമെന്ന് യൂത്ത് കോണ്ഗ്രസ്, കെപിസിസിക്ക് കത്തയച്ചു!!

ആശങ്കകൾ പലത്
ഈ വാക്‌സിനും ഒരു ഗൂഢാലോചനയുടെ ഫലമല്ലേ? ലോകം മുഴുവൻ ഒരേ മരുന്ന് കുത്തിവെക്കാൻ വേണ്ടി ഉണ്ടായ ഒരു ഉഡായിപ്പ് സെറ്റപ്പല്ലേ ഇതെല്ലാം? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയർന്നുവരികയെന്ന് ഉറപ്പാണ്. കോവിഡ് 19 എന്ന SARS COV 2 ഇനത്തിൽപ്പെട്ട വൈറസ് ഉണ്ടാക്കുന്ന രോഗം 2019 അവസാനം മുതൽ 2021 ആദ്യം വരെ ഒമ്പത് കോടിയിലേറെ പേരെ ബാധിക്കുകയും ഇരുപത് ലക്ഷത്തിലേറെ പേരുടെ ജീവനെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇനിയും ഇതാവർത്തിക്കാതിരിക്കാൻ ഒന്നുകിൽ കോവിഡ് 19 വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് കണ്ടുപിടിക്കണം. അല്ലെങ്കിൽ വാക്‌സിൻ വരണം.

വൈറസിനെ തുരത്താൻ
സദാ മ്യൂട്ടേഷന് വിധേയമാകുന്ന സ്വഭാവത്തിൽ യാതൊരു സ്‌ഥിരതയുമില്ലാത്ത ഈ സൂക്ഷ്‌മജീവിക്കെതിരെ മരുന്ന് നിർമ്മിക്കാൻ അത്ര എളുപ്പമല്ല, നിലവിൽ അത് സാധിച്ചിട്ടുമില്ല. ഇത്തരത്തിൽ മരുന്നില്ലാത്ത ആദ്യത്തെ രോഗാണുവല്ല കൊവിഡ് 19. നാടൻ ജലദോഷം മുതൽ നിപ്പ വരെ ഇത്തരം മരുന്നില്ലാത്ത രോഗങ്ങളാണ്. ഇവയ്‌ക്കെല്ലാം തന്നെ ലക്ഷണങ്ങളെ ചികിത്സിക്കുകയാണ് പതിവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തിൽ, കൊവിഡ് കൊണ്ട് പോയ ജീവനുകളുടെ എണ്ണം കൂടാതിരിക്കാൻ രോഗാണുവിനെ പ്രതിരോധിക്കുകയേ വഴിയുള്ളൂ. ആ പ്രതിരോധമാണ് വാക്‌സിൻ. ഗൂഢാലോചന ആരോപിക്കുന്നവരും വായിൽ തോന്നിയ തിയറി പറയുന്നവരും നമ്മുടെ ജീവന് ഉത്തരവാദിത്വം ഏറ്റെടുക്കില്ല. വാക്‌സിൻ അധിനിവേശമല്ല, നമ്മുടെ അവകാശമാണ്, രക്ഷയാണ്.

പാർശ്വഫലങ്ങൾ എന്തെല്ലാം
ഈ വാക്‌സിന് സൈഡ് ഇഫക്‌ടൊന്നും ഇല്ലേ? ആരോഗ്യപ്രവർത്തകരുടെ മേൽ കുത്തിവെച്ച് പരീക്ഷിക്കുകയാണെന്നൊക്കെ പത്രത്തിൽ കണ്ടല്ലോ. അല്ല, പേപ്പർ കട്ടിങ്ങിൽ അടിവരയിട്ട പോസ്‌റ്റൊക്കെ ഫേസ്‌ബുക്കിൽ ഉണ്ടായിരുന്നുവെന്നും ഫേസ്ബുക്കിൽ ഓർമിപ്പിക്കുന്നു. ആവശ്യത്തിന് പരീക്ഷണനിരീക്ഷണങ്ങൾക്ക് ശേഷം തന്നെയാണ് ഇപ്പോൾ കോവിഡ് വാക്‌സിൻ വിതരണം തുടങ്ങിയിരിക്കുന്നത്. ലോകത്ത് എവിടെയും തന്നെ ഈ വാക്‌സിന് സാരമായ പാർശ്വഫലങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. വാക്‌സിൻ എടുത്ത ഭാഗത്ത് വേദന, തടിപ്പ്, ചെറിയ പനി തുടങ്ങിയ തികച്ചും സ്വാഭാവികമായ പാർശ്വഫലങ്ങൾക്കപ്പുറം ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്. അലർജിയുടെ സാരമുള്ള വേർഷനായ അനഫൈലാക്‌സിസ് പോലും അത്യപൂർവ്വസാധ്യത മാത്രമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ആർക്കെല്ലാം വാക്സിൻ
പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് വാക്‌സിൻ പരീക്ഷിച്ചിട്ടില്ലാത്തതിനാൽ അവർക്ക് നൽകുന്നില്ല.
ഗർഭിണികൾ, മുലയൂട്ടുന്നവർ എന്നിവരിൽ വാക്‌സിൻ പഠനങ്ങൾ നടന്നിട്ടില്ല. അവർക്ക് വാക്‌സിൻ നൽകണോ എന്നതിന്റെ വിശദാംശങ്ങൾ വാക്‌സിനേഷൻ ഘട്ടങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് അറിയാൻ സാധിക്കും.
അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവർക്ക് വാക്‌സിനെടുക്കാം. ചെറിയ പനിയോ മൂക്കൊലിപ്പോ ഒന്നും വാക്‌സിന് തടസമല്ല. എന്നാൽ എയിഡ്‌സ്, സ്‌റ്റിറോയിഡ് മരുന്ന് കഴിക്കുന്നവർ തുടങ്ങി ശരീരത്തിൽ പ്രതിരോധശേഷി തീരെ കുറവുള്ളവർ വാക്‌സിനെടുത്താലും ശരീരത്തിൽ ആവശ്യത്തിന് പ്രതിരോധഘടകങ്ങൾ ഇല്ലാത്തതിനാൽ പ്രതിരോധപ്രക്രിയ നടക്കില്ല. ഫലം കുറഞ്ഞേക്കാം.

ഒരു ഡോസ് മാത്രമോ?
വാക്‌സിനെടുത്താൽ എഴുപത് ശതമാനവും പിന്നെ കോവിഡ് വരില്ല. ഇനി അഥവാ വന്നാൽ തന്നെ, രോഗം സാരമാകാതിരിക്കാൻ ഉള്ള പ്രതിരോധശേഷി നമുക്ക് വാക്‌സിൻ വഴി ലഭിക്കും. പക്ഷേ ഒരു ഡോസല്ല, നാലാഴ്‌ച ഇടവിട്ട് രണ്ട് ഡോസാണ് എടുക്കേണ്ടത്. ഇടത് തോളിന്റെ താഴെയായിട്ട് പേശിയിലാണ് വാക്‌സിനെടുക്കുന്നയിടം. 0.5 മില്ലിലിറ്റർ വാക്‌സിൻ ഒറ്റതവണ മാത്രം ഉപയോഗിക്കാനാവുന്ന ഓട്ടോ ഡിസേബിൾ സിറിഞ്ച് കൊണ്ടാണ് കുത്തിവെയ്പ് നൽകുന്നത്.

വാക്സിനേഷനുള്ള ഇടവേള
വാക്‌സിനെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ മുതൽ എടുത്ത് കഴിഞ്ഞ് അര മണിക്കൂർ നിരീക്ഷണവും ശേഷമുള്ള ഫോളോ അപ്പും അടക്കം സർവ്വത്ര വ്യക്‌തമായി പ്ലാൻ ചെയ്‌തിട്ടുണ്ട്. എല്ലാം ഡിജിറ്റൽ ആയി രേഖപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഒരു പ്രധാനകാര്യം വേറെ വാക്‌സിനെടുത്ത് പതിനാല് ദിവസത്തിനകം കോവിഡ് വാക്‌സിൻ എടുത്തൂടാ. അതേ പോലെ കോവിഡ് വാക്‌സിനെടുത്ത് പതിനാല് ദിവസം കഴിയാതെ വേറെ വാക്‌സിനും എടുക്കാൻ പാടില്ല.

പ്രോട്ടോക്കോൾ പാലിക്കണോ
അയ്യോ...മുൻകരുതലുകളെ കാറ്റിൽ പറത്താനും പുളകം കൊള്ളാനും ഒന്നുമായില്ല. അതിന് സമൂഹത്തിലെ വലിയൊരു ശതമാനം ആളുകൾ വാക്‌സിനെടുക്കണം. ഘട്ടം ഘട്ടമായി നമ്മൾ അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.
എങ്കിൽ പോലും ''എന്നാണൊരു രക്ഷ!" എന്ന ഘട്ടത്തിൽ നിന്നും "വലിയ താമസമില്ലാതെ ഇതിനൊരന്ത്യമുണ്ടാവും"എന്നയിടത്ത് നമ്മളെത്തിക്കഴിഞ്ഞു. പ്രസിദ്ധമായൊരു പാട്ട് പോലെ...
"ഈ കാലം മാറും നമ്മുടെ കാലക്കേടുകൾ കഥയാകും... നാമൊന്നായ് കൂടിയിരിക്കും നാളൊട്ടും വൈകാതെ..."