'എനിക്കൊരബദ്ധം പറ്റി ഡോക്ടറേ' ഇത് പറയാൻ ഇടവരുത്തല്ലേ, കൊവിഡ് പരിശോധനയിൽ ഡോക്ടറുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗം ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നവരിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ സമ്പർക്കത്തിൽ വന്ന ആൾക്ക് കൊവിഡ് സ്ഥിരീകരിച്ച് അഞ്ച് ദിവസമെങ്കിലും കഴിഞ്ഞ ശേഷം നടത്തുന്ന പരിശോധനയിൽ മാത്രമേ ശരിയായ ഫലം ലഭിക്കൂ എന്നാണ് ഡോക്ടർ ഷിംനാ അസീസ് സാക്ഷ്യപ്പെടുത്തുന്നത്. രോഗം ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നയുടൻ പരിശോധന നടത്തുന്നവർ വരെ നമുക്കിടയിലുണ്ട്. ഡോക്ടറുടെ പോസ്റ്റ് വായിക്കാം.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

രോഗം എപ്പോൾ വരാം
എനിക്കൊരബദ്ധം പറ്റി ഡോക്ടറേ... വീട്ടിൽ പ്രായമുള്ള അച്‌ഛനുമമ്മയും ഉണ്ട്. RT-PCR നെഗറ്റീവ് കിട്ടിയ സന്തോഷത്തിൽ ഞാനവരുടെ അടുത്തൊക്കെ പോയി കിടന്നിരുന്നു. അന്ന് എനിക്ക് യാതൊരു വിധ ലക്ഷണങ്ങളും ഇല്ലായിരുന്നു താനും."
പോസിറ്റീവ് ആയ ആളുമായി സമ്പർക്കമുണ്ടായി കേവലം രണ്ട് ദിവസം കഴിഞ്ഞ് ചെയ്‌ത ടെസ്‌റ്റിനെ വിശ്വസിച്ച് നെഗറ്റീവ് സ്‌റ്റാറ്റസ് വീട്ടുകാരുമായി ആഘോഷിച്ച സുഹൃത്ത് ഇപ്പോൾ സ്വന്തം വയ്യായ്‌കയേക്കാൾ ആശങ്കപ്പെടുന്നത് ചെയ്യാനിരിക്കുന്ന മാതാപിതാക്കളുടെ കോവിഡ് ടെസ്‌റ്റിന്റെ റിസൽറ്റിനെ ഓർത്താണ്. ഈ സംഭാഷണം കഴിഞ്ഞ് ഇത്തിരി കഴിഞ്ഞ് അദ്ദേഹത്തിന്റെ അടുത്ത ഒറ്റവരി സന്ദേശമെത്തി -"ഇന്നത്തെ ടെസ്‌റ്റിൽ പോസിറ്റീവ് ആയി..."

പരിശോധന എപ്പോൾ?
ആരെങ്കിലും പോസിറ്റീവ് ആയെന്ന് കേട്ടാലുടൻ ഓടിപ്പോയി ചെക്ക് ചെയ്‌തിട്ട് കാര്യമില്ല. സമ്പർക്കം ഉണ്ടായി 5 ദിവസത്തിന് ശേഷമാണ് കോവിഡ് ടെസ്‌റ്റ് ചെയ്യേണ്ടത്. അത് വരെ ക്വാറന്റീനിൽ പോകണം. അതാണ് ശരിയായ രീതി.
ഇത് കൂടാതെ, നമ്മൾ രോഗം സംശയിച്ച് ടെസ്‌റ്റ് ചെയ്‌താലും ഇല്ലെങ്കിലും കുറച്ച് കാലത്തേക്ക് താഴെ പറയുന്ന കാര്യങ്ങൾ എല്ലാവരുമൊന്ന് മനസ്സിൽ വെക്കണമെന്നും ഡോക്ടർ ഓർമിപ്പിക്കുന്നു.

അകലം പാലിക്കുക
കോവിഡ് രോഗം ബാധിച്ചാൽ ജീവാപായം സംഭവിക്കാൻ സാധ്യതയുള്ള ആരെങ്കിലും വീട്ടിലുണ്ടെങ്കിൽ യാതൊരു കാരണവശാലും അവരുടെ പരിസരത്തേക്ക് പോവരുത്. അച്‌ഛനെയും അമ്മയേയും കുഞ്ഞുമക്കളേയും ഒക്കെ ഈ എടങ്ങേറ് പിടിച്ച നാളുകൾക്ക് ശേഷം മാത്രം ശാരീരികമായി ചേർത്ത് പിടിക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരും രോഗിയായിരിക്കാം, ആരിൽ നിന്നും രോഗം പകരാം. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരെ രോഗികളാക്കരുതെന്നും ഡോക്ടർ പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നു.

രോഗവാഹകരാവാം
"എനിക്കൊരു കുഴപ്പവുമില്ല" എന്ന് കരുതരുതേ. നിലവിൽ ആരും രോഗവാഹകരല്ല എന്നുറപ്പിക്കാനാവില്ല. ലക്ഷണങ്ങളുണ്ടാവമെന്ന് പോലുമില്ല. അത്ര ഭീകരമായ രീതിയിൽ രോഗം സമൂഹത്തിൽ പിടിമുറുക്കിക്കഴിഞ്ഞു. രണ്ടാഴ്‌ചയിലൊരിക്കൽ വീട്ടിൽ ചെല്ലുമ്പോൾ പോലും ഈ ബോധത്തോടെയാണ് ആറുവയസ്സുകാരി മകളോടും പ്രായമായ ഉപ്പയോടും ഉമ്മയോടുമൊക്കെ ഇടപെടുന്നത്. മനസ്സമാധാനത്തോടെ അവരെയൊക്കെയൊന്ന് ചേർത്ത് പിടിച്ച കാലം മറന്നു. ഏറെ ശ്രദ്ധിക്കണം, എല്ലാവരും. ഭയപ്പെടുത്തലല്ല, ഓർമ്മപ്പെടുത്തലാണെന്നും പോസ്റ്റിൽ കുറിക്കുന്നു.
പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications