നിശാപാര്‍ട്ടികളിലെ ലഹരി ഉപയോഗത്തിന് താക്കീത് മാത്രം
കൊച്ചി: നക്ഷത്രഹോട്ടലിലെ നിശാ പാര്‍ട്ടികള്‍ക്കിടയില്‍ വ്യാപകമായി ലഹരി മരുന്നുപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഹോട്ടലിന്റെ മാനേജിങ് ഡയറക്ടര്‍ക്കും ഓപ്പറേഷന്‍ മാനേജര്‍ക്കും താക്കീത് നല്‍കി. കൊച്ചി കടവന്ത്രയിലെ ഹോട്ടല്‍ അധികൃതര്‍ക്കാണ് താക്കീത്. ഹോട്ടലില്‍ നിന്നും ചെറിയ അളവില്‍ ലഹരി മരുന്ന് പോലീസ് പിടിച്ചെടുത്തെങ്കിലും താക്കീത് മാത്രം നല്‍കിയത് ദുരൂഹമാണ്.
രണ്ടു ദിവസം മുന്‍പാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. മയക്കുമരുന്നിന്റെ ലഹരിയില്‍ ആടിപ്പാടുന്ന യുവതിയുവാക്കളാണ് ഹോട്ടലിലെ നിശാ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഹരി മരുന്നും കണ്ടെടുത്തു. പാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ നിരോധിച്ച ലഹരി മരുന്നകള്‍ ഉപയോഗിച്ചതായി സംശയം ഉണ്ടായിരുന്നെങ്കിലും പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നില്ല.

പെണ്ണും ലഹരിയും മദ്യവും യഥേഷ്ടം ഒഴുക്കിയാണ് നക്ഷത്ര ഹോട്ടലുകളിലെ രാപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. മെട്രോ നഗരങ്ങളിലെന്നപോലെ ഹോട്ടലുകളില്‍ എല്ലാ തരത്തിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ പല ഹോട്ടലുകള്‍ക്കെതിരെയും നിയമനടപടിയെടുക്കാന്‍ വിമുഖത കാണിക്കുകയാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം ഇത്തരത്തിലുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതായാണ് സൂചന. പോലീസ് റെയ്ഡില്‍ ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിരുന്നെങ്കിലും വിശദമായ പരിശോധനയ്ക്ക് വിധേയരാക്കാത്തത് സംശയത്തിന് ഇടനല്‍കുന്നുണ്ട്.












Click it and Unblock the Notifications