ചെന്നിത്തലയുടെ പരാതി കൊണ്ടു, ഇരട്ട വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ കേസെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് ശരിക്കും കൊണ്ടിരിക്കുകയാണ്. ഇരട്ട വോട്ടിനെതിരെ കടുത്ത നടപടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ നടപടി പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തുക.

ഇരട്ട വോട്ട് വളരെ ഗൗരവമായിട്ടാണ് കാണുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിലൂടെ വ്യക്തമാക്കുകയാണ്. നേരത്തെ ചെന്നിത്തല ഉന്നയിച്ച അത്ര ഇരട്ട വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും കൈമാറും. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ബൂത്തില്‍ വോട്ടിന് മുമ്പ് സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം. പട്ടികയില്‍ ഉള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് നാലര ലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ പട്ടികയില്‍ വ്യാപക പിശകുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇരട്ടകളുടെ പേര് വരെ ഇരട്ട വോട്ടുകളുടെ കൂട്ടത്തിലുണ്ട്. അതുകൊണ്ട് ആധികാരികത പൂര്‍ണമായും അവകശപ്പെടാനില്ല. പക്ഷേ ഇരട്ട വോട്ട് ശക്തമായി തന്നെ തടയുമെന്ന് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതാണ്. ഇരട്ട വോട്ടുകളുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
എല്ലാവരുടെയും കൈവിരലിലെ മഷി ഉണങ്ങിയ ശേഷമേ പോളിംഗ് ബൂത്തിന് പുറത്തേക്ക് പോകാന്‍ അനുവദിക്കൂ. ഇക്കാര്യം വരണാധികാരികളെ അറിയിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കലാശക്കൊട്ടിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടില്ല. പൊതുപരിപാടികല്‍ പാടില്ലെന്നാണ് നിര്‍ദേശം. കൊവിഡ് വ്യാപനം രൂക്ഷമാവുകയും രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവുകയും ചെയ്യുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം വന്നിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ നടപ്പാക്കും.


Click it and Unblock the Notifications