ശ്രീനാരായണ ഗുരുവിൻ്റെ നിശ്ചലദൃശ്യം: ബിജെപി നിലപാട് ഫ്യൂഡൽ മാടമ്പികളുടെതെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിൻ്റെ, ശ്രീനാരായണ ഗുരുവിൻ്റെ നിശ്ചലദൃശ്യം ഉൾപ്പെടുത്താത്തതിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുളളവർ രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയും പ്രതിഷേധമുയർത്തിയിരിക്കുകയാണ്. ചരിത്രത്തോടുളള നീതിനിഷേധമാണ് ഇതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ശിവഗിരി മഠവും കേന്ദ്ര നീക്കത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡിൽ ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ മുന്നിൽ വെച്ചുള്ള കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത് ചരിത്രത്തോടുള്ള നീതിനിഷേധമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ ഉൾപ്പെടുന്ന കേരളത്തിൻ്റെ നിശ്ചല ദൃശ്യം പരേഡിൽ നിന്നും ഒഴിവാക്കിയത് രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമാണ്. സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തിൻ്റെ ഭാഗമായി അന്തിമ ചുരുക്കപ്പട്ടികയിൽ നിന്നും കേരളത്തെ ഒഴിവാക്കിയത് അപലപനീയമാണ്.
കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ ഗുരുവിനെ അപമാനിച്ച സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തിൽ നില നിന്ന ജാതിവിവേചനങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവിനെ അംഗീകരിക്കാൻ തയ്യാറാകാത്ത ബി ജെ പി നിലപാട് ഫ്യൂഡൽ മാടമ്പികളുടെതാണ്. വൈകൃതമായ ഈ മനോനില പുരോഗമന സമൂഹത്തിന് അംഗീകരിക്കാനാകില്ല. ശ്രീനാരായണ ഗുരുവിനോടുള്ള അയിത്തം സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. നരേന്ദ്രമോദി സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കുന്ന ഫ്ലോട്ടിൽ നിന്നും ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ ഒഴിവാക്കി പകരം ശ്രീശങ്കരാചാര്യരുടെ പ്രതിമ വെച്ചാൽ സ്വീകാര്യമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാടിൽ ശിവഗിരി മഠം പ്രതിക്ഷേധം രേഖപ്പെടുത്തി. ടൂറിസത്തെ കൂടി ഉൾപ്പെടുത്തി ജഡായു പാറയും സമീപത്തുള്ള വർക്കലയെയും ചെമ്പഴന്തിയെയും പരിഗണിച്ച് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഫ്ലോട്ടിന്റെ കവാടത്തിൽ വെയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമാണ് പരേഡിലേക്ക് ഫ്ലോട്ടുകൾ തെരഞ്ഞെടുക്കുന്ന ജൂറി തള്ളിക്കളഞ്ഞത്.
ശങ്കരാചാര്യരോട് അദ്വൈതത്തിന്റെ ആചാര്യനെന്ന നിലയിൽ ശിവഗിരി മഠത്തിന് ആദരവുണ്ട്. എന്നാൽ ശ്രീനാരായണ ഗുരുദേവൻ കോൺഗ്രസ്സ്, ബിജെപി, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും കേരളീയ ജനതക്ക് ആകമാനവും സ്വീകാര്യനും ആദരണീയനുമാണെന്ന യാഥാർത്ഥ്യം ജുറിമാർ പരിഗണിക്കാതെയിരുന്നതിൽ ശിവഗിരി മഠം ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ശങ്കരാചാര്യർ മഹാനാണെങ്കിലും കേരളത്തിലെ ഒരു വിഭാഗം ജനതക്ക് മാത്രമേ സ്വീകാര്യനാകുന്നുള്ളൂ. ഗുരുദേവനാകട്ടെ ജാതി മത ഭേദമില്ലാതെ ലോകമെമ്പാടുമുള്ള ജനതയ്ക്ക് ആദരണീയനാണ്. ഈ വസ്തുത നിലനിൽക്കേ ഗുരുദേവപ്രതിമ റിപ്പബ്ലിക്ദിന പരേഡിലേക്ക് സമർപ്പിച്ച ഫ്ലോട്ടിൽ നിന്നും തള്ളിക്കളഞ്ഞതിൽ ശിവഗിരി മഠവും ശ്രീനാരായണ പ്രസ്ഥാനങ്ങളും ശക്തമായി പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായും അതു് ബന്ധപ്പെട്ടവരെ അറിയിക്കുന്നതായും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.












Click it and Unblock the Notifications