'ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് ആശ്ചര്യകരം', വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി
കൊച്ചി: രണ്ട് ഹൈക്കോടതി ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായത്തിന് ശേഷവും ജോലിയില്‍ തുടരാന്‍ അനുമതി നല്‍കിയതില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഡിസംബര്‍ 31ന് വിരമിക്കേണ്ടവര്‍ സര്‍വീസില്‍ തുടരാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. വിരമിക്കൽ കാലാവധി കഴിഞ്ഞ ഹൈക്കോടതി ജീവനക്കാർക്ക് കാലാവധി നീട്ടി കൊടുത്ത ഹൈക്കോടതി ഉത്തരവ് സ്വാഭാവികനീതിയുടെ അടിസ്ഥാന തത്വമായ നിഷ്പക്ഷതയുടെ ലംഘനവും നീതിന്യായ വ്യവസ്ഥയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമാണ് എന്ന് വികെ സനോജ് കുറ്റപ്പെടുത്തി.
''ഈ മാസം വിരമിക്കുന്ന രണ്ട് ഹൈക്കോടതി ജീവനക്കാർ നൽകിയ ഹർജി പരിഗണിച്ച് വിരമിക്കല്‍ പ്രായത്തിന് ശേഷവും സർവീസിൽ തുടരാൻ അനുമതി നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് ആശ്ചര്യകരമാണ്. യുവജനതാല്പര്യത്തെ ഹനിക്കുന്ന ഈ ഉത്തരവ് നീതി നിർവ്വഹണത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിക്കാതെയും എതിർഭാഗത്തിന്റെ വാദം കേൾക്കാതെയുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായമായ 56 വയസ് പൂർത്തിയാക്കി ഡിസംബർ 31- ന് സർവീസിൽ നിന്ന് വിരമിക്കേണ്ട ജോയിന്റ് രജിസ്ട്രാര്‍ വിജയകുമാരി അമ്മയും, ഡഫെദാർ പി പി സജീവ് കുമാറുമാണ് സർവീസിൽ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് കോടതിയെ സമീപിച്ചത്. ഇവർക്ക് തൽക്കാലം സർവീസിൽ തുടരാമെന്നും കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിട്ടാകും തുടർ സർവീസ് എന്നുമാണ് തുറന്ന കോടതിയിൽ പറഞ്ഞ ഇടക്കാല ഉത്തരവിൽ പറഞ്ഞിരിക്കുന്നത്''.

''കേസ് ഫയലിംഗിലെ സങ്കീർണമായ പഴുതുകൾ സമർത്ഥമായി ഉപയോഗിച്ചാണ് ഇരുവരും മിനിറ്റുകൾക്കുള്ളിൽ അനുകൂല ഉത്തരവ് നേടിയെടുത്തത്. ജഡ്ജിമാരുടെ പരിഗണനാ വിഷയ പ്രകാരം ജസ്റ്റിസ് അനു ശിവരാമനാണ് പെൻഷൻ പ്രായം സംബന്ധിച്ച ഹർജികൾ പരിഗണിക്കേണ്ടത്. ജസ്റ്റിസ് അനുവിന്റെ ബെഞ്ചിൽ വിരമിക്കൽ പ്രായം 58 - ആയി ഉയർത്തണമെന്ന മൂന്ന് ഹൈക്കോടതി ജീവനക്കാരുടെ അപേക്ഷ പരിഗണനയിലാണ്. സർക്കാരിന്റെ നിലപാട് തേടിയ ശേഷം പിന്നീട് പരിഗണിക്കാനായി ഈ ഹർജികൾ മാറ്റിവച്ചിരിക്കുകയാണ് ജസ്റ്റിസ് അനു ശിവരാമൻ. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ ഇ. കെ കുഞ്ഞിക്യഷ്ണൻ ഉൾപ്പടെയുള്ളവരാണ് ജസ്റ്റിസ് അനുവിന്റെ ബെഞ്ചിലെ ഹർജിക്കാർ. എന്നാൽ ഈ ബെഞ്ച് ഒഴിവാക്കി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിൽ കേസ് എത്തിക്കാനുള്ള സംഘടിത ശ്രമമാണ് ഒരു സംഘം അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരും ചേർന്ന് നടത്തിയത്'' എന്നും വികെ സനോജ് വ്യക്തമാക്കി.
''ഹൈക്കോടതി 23 - മുതൽ ജനുവരി മൂന്ന് വരെ ക്രിസ്മസ് അവധിക്ക് അടയ്ക്കുന്നതിനാൽ വിധിക്കെതിരെ അപ്പീൽ നല്കാൻ പോലും സർക്കാരിന് പ്രായോഗികമായി സാധ്യമാവുകയില്ല. തീർത്തും അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയമല്ലെന്നിരിക്കെ ഹൈക്കോടതി ജഡ്ജി തന്നെ മിനിറ്റുകൾക്കുള്ളിൽ അതേ കോടതിയിലെ ജീവനക്കാരുടെ ഹർജിയിൽ സർക്കാർ മറുപടി പോലും കേൾക്കാതെ പൊതു താല്പര്യത്തിന് വിരുദ്ധമായ വിധി പ്രസ്ഥാവിച്ചത് നീതി ന്യായ സംവിധാനങ്ങളെ കുറിച്ച് പൊതു ജനങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്നതാണ്''.
''സ്വജനപക്ഷ പാതപരമായി ഇടപെടേണ്ടവരല്ല ന്യായാധിപന്മാർ എന്നിരിക്കെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കിൽ ഉഴലുന്ന രാജ്യത്ത് ഇത്തരം ഉത്തരവുകൾ യുവജനങ്ങളുടെ തൊഴിൽ പ്രതീക്ഷകൾക്ക് കൂടി മങ്ങലേൽപ്പിക്കുന്നതാണ്''. യുവജന വിരുദ്ധവും നീതി ന്യായ സംവിധാനങ്ങളെ കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമായ ഇത്തരം ഉത്തരവുകൾ തുടർച്ചയായി ഹൈക്കോടതി പോലെയൊരു ഉയർന്ന സംവിധാനത്തിലെ ന്യായാധിപനിൽ നിന്നുണ്ടാകുന്നത് ഒട്ടും ആശാസ്യമല്ലെന്നും വി കെ സനോജ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications