പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും
പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മപുതുക്കലാണ് ഈസ്റ്റർ. എത്ര ദുരിതത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയാലും അതിനെല്ലാം ശുഭകരമായ ഒരു ഉയിർപ്പ് ഉണ്ടെന്ന വിശ്വാസം കൂടിയാണ് ഈസ്റ്റർ.

ഉയിർപ്പിന്റെ ഓർമപുതുക്കി വിവിധ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നേതൃത്വം നൽകി.പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത അർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ നേതൃത്വം നൽകി. എറണാകുളം തിരുവാങ്കുളം സെൻ്റ് ജോർജ് ദേവാലയത്തിലെ തിരുക്കർമങ്ങളിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
ഓർത്തഡോക്സ് സഭയിലെ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു.
അതേസമയം വിവിധ രാഷ്ട്രീയ നേതാക്കളും ഈസ്റ്റർ ആശംസകൾ പങ്കുവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഈസ്റ്റര്‍ ആശംസ
'ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കും. ആ പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നത്. പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിര്‍ത്താന്‍ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ലെന്ന സന്ദേശമാണ് ഈസ്റ്റര്‍ മുന്നോട്ടുവെക്കുന്നത്. നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും തുല്യരായി സന്തോഷത്തോടെ വാഴുന്ന നല്ലൊരു നാളെ സ്വപ്നം കാണുന്ന നാമെല്ലാവരെയും സംബന്ധിച്ചിടത്തോളം നവകേരളം കെട്ടിപ്പടുക്കാനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈസ്റ്റര്‍ ആഘോഷങ്ങള്‍. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍'
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ-' ജീവിതത്തില്‍ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നില്‍ക്കാനുള്ള ആത്മവിശ്വാസമാണ് ഈ ഉയിര്‍പ്പിന്റെ പെരുന്നാള്‍ നല്‍കുന്നത്. നിങ്ങള്‍ പ്രത്യാശയുള്ളവരായിരിക്കണം, കാരണം നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നയാള്‍ വിശ്വസ്തനാണ്.
പ്രിയപ്പെട്ട എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു'
സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ- 'പ്രതീക്ഷകൾ പകരുന്ന ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയാണ് ഈസ്റ്റർ. ഏതൊരു സഹനത്തിനുമപ്പുറം പ്രതീക്ഷയുടെ പുലരി പിറക്കുമെന്ന സന്ദേശമാണ് ഈസ്റ്റർ പകർന്നുനൽകുന്നത്. സാമ്രാജ്യത്വവും വർഗ്ഗീയതയും ഉയർത്തുന്ന പീഡാനുഭവങ്ങളിലൂടെ ലോകം കടന്നുപോവുകയാണ്. സാമ്രാജ്യത്വ കടന്നുകയറ്റവും യുദ്ധങ്ങളും വിതയ്ക്കുന്ന ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഈസ്റ്റർ ദിനത്തിലും നിസ്സഹായരായി നിൽക്കുകയാണ്. ഈ പീഡനകാലത്തെ ലോകം അതിജീവിക്കുമെന്നും മാനുഷികതയും സ്നേഹവും ഭൂമിയിൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് ഈ ഈസ്റ്റർ പകരുന്നത്. എവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു'
കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ- 'പ്രത്യാശയുടെ സന്ദേശവുമായാണ് ഓരോ ഈസ്റ്ററും കടന്നുവരുന്നത്. ഗാഗുൽത്താമലയിൽ കുരിശുമരണം പ്രാപിച്ച യേശു മൂന്നാം ദിവസം മരണത്തെ ജയിച്ചുകൊണ്ട് നിത്യതേജസ്സോടെ ഉയർത്തെഴുന്നേറ്റതിന്റെ അനുസ്മരണമായാണ് ലോകമെമ്പാടും ഈസ്റ്റർ ആഘോഷിക്കുന്നത്. നാം എത്ര ദുരിതത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നു പോയാലും എല്ലാ വേദനകള്‍ക്കും പീഡകള്‍ക്കും ശേഷം ഉത്ഥാനമുണ്ട് എന്ന പ്രത്യാശയാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്
വിശുദ്ധമായ ഈസ്റ്ററിന്റെ ചൈതന്യം നിങ്ങളുടെ ആത്മാവിൽ സ്നേഹവും കരുതലും നിറയ്ക്കട്ടെ എന്നാശംസിക്കുന്നു. എല്ലാ പ്രിയപ്പെട്ടവർക്കും ഈസ്റ്ററിന്റെ മംഗളങ്ങൾ നേരുന്നു'












Click it and Unblock the Notifications