ഇടതുമുന്നണിക്ക് അടുത്ത കുരുക്ക്, ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസിൽ ഇഡി ചോദ്യം ചെയ്യുന്നു
ബെംഗളൂരു: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് പ്രതിരോധത്തിലാക്കിയ ഇടത് മുന്നണിക്ക് അടുത്ത കുരുക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
ഈ കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. ഈ മാസം ആറിന് ആയിരുന്നു ആദ്യം ബിനീഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. രാവിലെ 11 മണിക്കാണ് ഇഡിയുടെ ബെംഗളൂരു ഓഫീസില്‍ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്.
മയക്കുമരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ് മൊഴി നല്‍കിയത് ബിനീഷ് കോടിയേരി പറഞ്ഞത് പ്രകാരമാണ് മറ്റുളളവര്‍ ബിസിനസ്സില്‍ പണം നിക്ഷേപിച്ചത് എന്നാണ്. 50 ലക്ഷത്തില്‍ അധികം രൂപയാണ് ഇത്തരത്തില്‍ ലഭിച്ചത്. മലയാളികള്‍ അടക്കമുളളവര്‍ ഇത്തരത്തില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യല്‍.
അനൂപ് സുഹൃത്താണെന്നും എന്നാല്‍ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് അറിവില്ലെന്നുമാണ് ബിനീഷ് കോടിയേരി നേരത്തെ പ്രതികരിച്ചത്. അനുപ് ആവശ്യപ്പെട്ടത് പ്രകാരം പണം നൽകി സഹായിച്ചതായും ബിനീഷ് കോടിയേരി വെളിപ്പെടുത്തിയിരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ബിനീഷിനെ തൂക്കിലേറ്റട്ടെ എന്നാണ് നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. വിവാദമായ ബെംഗളൂരു മയക്കുമരുന്ന് കേസിന് പിന്നാലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവിൽ അന്വേഷിക്കുന്നത്. അനൂപ് നൽകിയ മൊഴിയും ബിനീഷ് നൽകിയ മൊഴിയും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.